1 GBP = 104.15
breaking news

വോക്കിങ് ബറോ കൗൺസിൽ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിക്കാൻ വർഗ്ഗീസ് ജോൺ…

വോക്കിങ് ബറോ കൗൺസിൽ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിക്കാൻ വർഗ്ഗീസ് ജോൺ…

ലണ്ടനടുത്തു വോക്കിങ് ബറോ കൗൺസിലിൽ ഈ വരുന്ന മെയ് നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മലയാളി സാന്നിധ്യമായി വർഗ്ഗീസ് ജോൺ. ആദ്യമായിട്ടാണ് ഒരു മലയാളി വോക്കിങ്ങിൽ മത്സര രംഗത്ത് എത്തുന്നത്. കൺസേർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ‘സണ്ണി’ എന്നറിയപ്പെടുന്ന വർഗ്ഗീസ് ജോൺ ഏറ്റുമുട്ടുന്നത് ലിബറൽ ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മൌണ്ട് ഹെർമൻ വാർഡിൽ. 

വിദ്യാഭ്യാസ കാലഘട്ടം മുതൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളിൽ പ്രവർത്തിച്ചു വന്ന സണ്ണി സ്കൂൾ ജീവിതത്തിൽ തന്നെ സ്കൂൾ ലീഡർ ആയിട്ടാണ് നേതൃത്വ രംഗത്തേക്ക് കടന്നു വന്നത്. അതിനു ശേഷം ദീപിക ബാലജന സഖ്യം എന്ന സംഘടനയിലൂടെ വളർന്നു വന്ന് കോളേജ് കാലഘട്ടത്തിൽ കെ.എസ്.യു എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കോളേജ് യൂണിയൻ ചെയർമാനായും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കൂടാതെ ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റി (സി.എൽ.സി) എന്ന സംഘടനയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

രണ്ടായിരത്തിമൂന്നിൽ യുകെയിൽ എത്തിയ സണ്ണി തന്റെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ തുടർന്ന് കൊണ്ടേയിരുന്നു. വോക്കിങ്ങിൽ രണ്ടായിരത്തിഎട്ടിൽ തുടങ്ങിയ വോക്കിങ് മലയാളി അസ്സോസിയേഷന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സംഘടന രംഗത്ത് പ്രവർത്തിച്ച  ലോകത്തിലെ ഏറ്റവും വലിയ,  മലയാളികളുടെ പ്രവാസി സംഘടനയായ യുക്മയുടെ സ്ഥാപക പ്രസിഡന്റ് കൂടിയായ സണ്ണി തുടർന്ന് ഒരുവട്ടം കൂടി യുക്മയെ നയിക്കുകയുണ്ടായി. കേരളത്തിന് പുറത്തു സ്കൂൾ കലോത്സവം മാതൃകയിൽ യുകെയിലെ എല്ലാ റീജിയനുകളെയും പങ്കെടുപ്പിച്ചുകൊണ്ട് യുക്മയുടെ നട്ടെല്ലായ കലാമേള രൂപപ്പെടുത്തിയെടുക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയും അത് ഏറ്റവും മനോഹരമായി നടത്തി വിജയിപ്പിക്കുകയും ചെയ്തു തന്റെ സംഘടനാ പാടവം തെളിയിച്ച വ്യക്തിയാണ്. 

യുകെയിൽ വിവിധ പരിപാടികളിൽ സംഘടകൻ ആയി മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന സണ്ണി വോക്കിങ് കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷങ്ങളുടെ മുഖ്യ സംഘാടകൻ കൂടിയാണ്.അതോടൊപ്പം തന്നെ വോക്കിങ്ങിലെ മെയ്ബറി കമ്മ്യൂണിറ്റി ഹാളിന്റെ ട്രസ്റ്റി ആയിട്ടും പ്രവർത്തിച്ചിട്ടുണ്ട്.

രണ്ടായിരത്തിപത്തു മുതൽ കൺസേർവേറ്റീവ് പാർട്ടിയിൽ പ്രവർത്തിക്കുന്ന സണ്ണി രണ്ടായിരത്തിപതിനാല് മുതൽ ജോലി ചെയ്യുന്ന സെയിൻസ്ബറിസ് എന്ന സ്ഥാപനത്തിൽ അഞ്ഞൂറോളം വരുന്ന സഹപ്രവർത്തകരുടെ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ റെപ്പായും പ്രവർത്തിച്ചു പോരുന്നു.

കൂടാതെ പ്രവാസി മലയാളി ഫെഡറേഷൻ എന്ന ആഗോള സംഘടനയുടെ ഗോളബൽ സെക്രട്ടറിയായും, ഈയിടെ ശ്രീ. ജോസ് മാത്യു പനച്ചിക്കലിന്റെ അകാല നിര്യാണത്തെ തുടർന്ന് ഗോളബൽ ഓർഗനൈസറായും തിരഞ്ഞെടുക്കപ്പെട്ടു. 

എൻ.എച്ച്.എസ്-ൽ ജോലി ചെയ്യുന്ന ഭാര്യ ലവ്‌ലിയും യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ആൻ തെരേസയും എ- ലെവൽ വിദ്യാർത്ഥി ജേക്കബ് ജോണും അടങ്ങുന്നതാണ് സണ്ണിയുടെ കുടുംബം.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് കോക്കമംഗലം സ്വദേശിയായ വർഗീസ് ജോൺ കലവാണി പരേതരായ  കെ.എം ജോണിൻ്റേയും അന്നക്കുട്ടി ജോണിൻ്റേയും ആറ് മക്കളിൽ മൂന്നമനാണ്.  സഹോദരൻമാരായ മാത്യു ജോൺ, ജോസഫ് ജോൺ സഹോദരിമാരായ  സി. സാലിമ്മ കലവാണി, മിനി ജോൺസൺ, റിനി ജോജി എന്നിവരടങ്ങുന്നതാണ് സണ്ണിയുടെ കുടുംബം.

കോക്കമംഗലം സെൻ്റ്. ആൻ്റണീസ്  86-87 സ്കൂൾ ഫൈനൽ കാലഘട്ടത്തിലെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന “ഒന്നാണ് നമ്മൾ” ചാരിറ്റി ട്രസ്റ്റിൻ്റെ രക്ഷാധികാരി കൂടിയാണ് വർഗീസ് ജോൺ. ചേർത്തലയിലും പരിസര പ്രദേശങ്ങളിലുമായി നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്ന ശ്രദ്ധേയമായ പ്രസ്ഥാനമാണ് “ഒന്നാണ് നമ്മൾ ” 

വോക്കിങ് ബറോ കൗൺസിലിൽ ഇന്ന് വരെയും ഒരു ഇന്ത്യൻ സാന്നിധ്യം ഉണ്ടായിട്ടില്ല. കുറച്ചു കാലമായി ലിബറൽ ഡെമോക്രറ്റുകളുടെ സിറ്റിംഗ് സീറ്റായ മൌണ്ട് ഹെർമൻ വാർഡിലിൽ ഇക്കുറി മത്സരം കടുപ്പിക്കാം എന്ന പ്രതീക്ഷയിലാണ് സണ്ണിയെ കൺസേർവേറ്റിവ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നതു. വിജയിച്ചാൽ അതൊരു പുതിയ ചരിത്രമാകും വോക്കിങ്ങിനും ഇവിടുത്തെ ഇന്ത്യൻ സമൂഹത്തിനും. പൂർണ്ണ പിന്തുണയുമായി വോക്കിങ് എം.പി. ജോനാഥൻ ലോർഡും കഴിഞ്ഞ ദിവസം വാർഡിൽ പ്രചാരണത്തിന് ഇറങ്ങിയത് എടുത്തു പറയേണ്ട ഒന്നാണ്. തീ പാറുന്ന പോരാട്ടം കാഴ്ചവെക്കാൻ സണ്ണിയും കൺസേർവേറ്റിവ് പാർട്ടി അംഗങ്ങളും, സണ്ണിയുടെ വിശാലമായ സുഹൃദ് വലയവും കൂടെ ഉണ്ട്. 

വർഗീസ് ജോണിന് യുക്മയുടെയും യുക്മ ന്യൂസിൻ്റെയും  യു കെ മലയാളി സമൂഹത്തിൻ്റെ എല്ലാവരുടേയും പേരിൽ വിജയാശംസകൾ നേരുന്നു…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more