1 GBP = 104.15
breaking news

വെള്ളത്തിനായി ദിവസങ്ങൾ കാത്തു നിൽക്കണം, ടാങ്കർ ഒന്നിന് നൽകേണ്ടത് 2,800 രൂപ; ബംഗളൂരുവിലെ ജലക്ഷാമത്തിൽ വലഞ്ഞ് മലയാളികളും

വെള്ളത്തിനായി ദിവസങ്ങൾ കാത്തു നിൽക്കണം, ടാങ്കർ ഒന്നിന് നൽകേണ്ടത് 2,800 രൂപ; ബംഗളൂരുവിലെ ജലക്ഷാമത്തിൽ വലഞ്ഞ് മലയാളികളും

പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട കൊച്ചു കൊട്ടേജുകളും, ആഡംബര ബംഗ്ലാവുകളും നിറഞ്ഞ കൊച്ചു പട്ടണമായതുകൊണ്ട് ഒരു കാലത്ത് പെൻഷനേഴ്‌സ് പാരഡൈസ് എന്നറിയപ്പെട്ടിരുന്ന നഗരമായിരുന്നു ബംഗളൂരു. എന്നാൽ ഇന്ന് ഒരിറ്റ് ദാഹജലം ലഭിക്കണമെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കണം. വേനൽക്കാലം പടിവാതിൽക്കൽ എത്തിയതേയുള്ളൂ, ഇതിനോടകം തന്നെ ഇന്ത്യയുടെ ഐടി ഹബ്ബായ ബംഗളൂരുവിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ഒരു കോടിയിലധികം പേർ തിങ്ങിപ്പാർക്കുന്ന ബംഗളൂരുവിൽ പത്ത് ലക്ഷത്തിലേറെയും മലയാളികളാണ്. കൃത്യമായി മഴ ലഭിക്കാത്തതോടെ ഭൂഗർഭജലം കുറഞ്ഞു, കുഴൽകിണറുകൾ വറ്റിവരണ്ടു, ജലവിതരണം തടസപ്പെട്ടു… ഒഴിഞ്ഞ ബക്കറ്റുകളും കുടങ്ങളുമായി ബംഗളൂരു ജനത വെള്ളത്തിനായി നീണ്ട ക്യൂകളിൽ അക്ഷമരായി നിൽക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജല പ്രതിസന്ധിക്കാണ് ബംഗളൂരു സാക്ഷ്യം വഹിക്കുന്നത്.

നിലവിൽ പ്രതിദിനം 1850 മില്യൺ ലിറ്റർ വെള്ളമാണ് ബംഗളൂരു നിവാസികൾക്കുള്ളത്. എന്നാൽ 1680 മില്യൺ ലിറ്റർ വെള്ളം അധികമായി വേണ്ടതുണ്ട്. ബംഗളൂരുവിൽ, കുടിക്കാനും കുളിക്കാനും മാത്രമല്ല, മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും നിലവിൽ വെള്ളമില്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ശുദ്ധജലം പാഴാക്കുന്നവരിൽ നിന്ന് 5000 രൂപയുടെ ഭീമൻതുക പിഴയായി ഈടാക്കുകയാണ് ബംഗളൂരു വൈറ്റ്ഫീൽഡിലെ ഹൗസിംഗ് സൊസൈറ്റി.

ബംഗളൂരു ജലക്ഷാമത്തിൽ വലയുകയാണ് നമ്മുടെ മലയാളി ടെക്കികളും. വെള്ളമില്ലാതെ 12 മുതൽ 18 മണിക്കൂർ വരെ പിടിച്ചു നിൽക്കേണ്ടി വരുന്നതിന്റെ ഭീകരാവസ്ഥ കൊച്ചി സ്വദേശിയും സോഫ്‌റ്റ്വെയർ എഞ്ചിനിയറുമായ ഫയസ് മുഹമ്മദ് സലിം പങ്കുവച്ചു. ഇടവിട്ട ദിവസങ്ങളിലെത്തുന്ന ടാങ്കർ വെള്ളമാണ് ഇവരുടെ ആശ്രയം. അന്ന് ലഭിക്കുന്ന വെള്ളം പിടിച്ചുവച്ച്, പിശുക്കി ഉപയോഗിച്ചാണ് അടുത്ത തവണ വെള്ളം വരുന്നത് വരെ കഴിഞ്ഞുപോകുന്നത്.

ബംഗളൂരുവിലെ മലേശ്വരത്ത് കാവേരിയിൽ നിന്നുള്ള ജലം ലഭിക്കുന്നുണ്ട്. അതുകൊണ്ട് അവിടെ കാര്യമായ പ്രതിസന്ധിയില്ല. അമൃത് ഹള്ളിയിലും സമാന അവസ്ഥയാണ്. കാലങ്ങളായി തന്നെ ജല ടാങ്കറെ ആശ്രയിച്ചാണ് അമൃത് ഹള്ളി ജനത ജീവിക്കുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് അമൃത്ഹള്ളിയിൽ ടാങ്കറെത്തുന്നതെന്ന് അമൃത്ഹള്ളിയിൽ സ്ഥിരതാമസമാക്കിയ മലയാളി അതുല്യ സേതുമാധവൻ പറഞ്ഞു.

രണ്ടും മൂന്നും ദിവസം കൂടുമ്പോൾ ടാങ്കറുകളെത്തി വെള്ളം നൽകുന്നതുകൊണ്ടാണ് പിടിച്ചു നിൽക്കാൻ സാധിക്കുന്നതെന്ന് പറയുകയാണ് സർജാർപൂർ റോഡിൽ താമസിക്കുന്ന മലയാളി ശ്രീരാജ് പറഞ്ഞു. വെള്ളം വരുന്ന ദിവസങ്ങളിലാണ് തുണി കഴുകൽ പോലുള്ള ദിനചര്യകൾ പൂർത്തിയാക്കുന്നത്. ഓരോ തവണ ടാങ്കർ ലോറിയിൽ വെള്ളം വരാൻ 2800 രൂപ വരെ നൽകേണ്ടതുണ്ട്. എട്ട് കുടുംബങ്ങൾ താമസിക്കുന്ന ശ്രീഹരി താമസിക്കുന്ന ഹൗസിംഗ് കോംപ്ലക്‌സിൽ രണ്ട് ദിവസം കൂടുമ്പോൾ ടാങ്കർ വരുന്നതുകൊണ്ട് ഒരു മാസം തന്നെ 30,000 ത്തോളം രൂപ നൽകേണ്ടി വരുന്നു. പലരും വർക്ക് ഫ്രം ഹോം എടുത്ത് നാട്ടിലേക്ക് തിരികെ പോരുന്നതിനെ കുറിച്ച് വരെ ആലോചിക്കുന്നുണ്ട്.

ഉപയോഗത്തിലില്ലാത്ത ടാങ്കറുകൾ വാടകയ്‌ക്കെടുത്ത് കൂടുതൽ വെള്ളം ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ച് വരികയാണ് നിലവിൽ കർണാടക സർക്കാർ. വേനൽക്കാലം രൂക്ഷമാകുന്നതോടെ ബംഗളൂരുവിന്റെ ജലക്ഷാമം ഏത് തലത്തിലേക്കെത്തും എന്നതിനെ കുറിച്ച് വലിയ ആശങ്ക ജനങ്ങൾക്കുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more