1 GBP = 104.21
breaking news

വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട​റെ ചാരപ്പണി ചുമത്തി അറസ്റ്റ് ചെയ്ത് റഷ്യ

വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട​റെ ചാരപ്പണി ചുമത്തി അറസ്റ്റ് ചെയ്ത് റഷ്യ

വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട​റെ ചാരപ്പണി ചുമത്തി അറസ്റ്റ് ചെയ്ത് റഷ്യ. യെകാറ്ററിൻബർഗ് പട്ടണത്തിൽനിന്നാണ് ഇവാൻ ഗെർഷ്കോവിച്ചിനെ ഫെഡറൽ സെക്യൂരിറ്റി വിഭാഗം കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരം ശേഖരിക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്ന് റഷ്യ ആരോപിച്ചു. സോവ്യറ്റ് കാല രഹസ്യാന്വേഷണ വിഭാഗമായിരുന്ന കെ.ജി.ബിയു​ടെ പിൻമുറക്കാരാണ് രഹസ്യാന്വേഷണ ചുമതലയുള്ള ഫെഡറൽ സെക്യൂരിറ്റി വിഭാഗം (എഫ്.എസ്.ബി).

എന്നാൽ, ചാരപ്പണി ആരോപണം വാൾ സ്ട്രീറ്റ് ജേണൽ നിഷേധിച്ചു. ഇവാനെ വിട്ടയക്കണമെന്നും അമേരിക്കൻ മാധ്യമം ആവശ്യപ്പെട്ടു. യു​ക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട് പടിഞ്ഞാറും റഷ്യയും ഇരുധ്രുവങ്ങളിൽ നിൽക്കെയാണ് മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി റഷ്യൻ നടപടി. 

1986ൽ ശീതയുദ്ധം ശക്തമായി നിൽക്കെയാണ് അവസാനമായി ഒരു അമേരിക്കൻ മാധ്യമ പ്രവർത്തകൻ റഷ്യയിൽ പിടിയിലാകുന്നത്. യു.എസ് ന്യൂസ് ആന്റ് വേൾഡ് റിപ്പോർട്ട് എന്ന സ്ഥാപനത്തിന്റെ റിപ്പോർട്ടർ നികൊളാസ് ഡാനിലോഫിനെ അന്ന് കെ.ജി.ബി ആണ് കസ്റ്റഡിയിലെടുത്തിരുന്നത്. അമേരിക്കൻ ഏജൻസിയായ എഫ്.ബി.ഐ പിടികൂടിയ റഷ്യക്കാരനു പകരം 20 ദിവസം കഴിഞ്ഞാണ് ഡാനിലോഫിനെ വിട്ടയച്ചിരുന്നത്. 

കസ്റ്റഡിയിലുള്ള ഇവാൻ ഗെർഷ്കോവിച്ചിനെ അന്വേഷണ വിധേയമായി ജയിലിലടക്കാൻ മോസ്കോ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തിൽ യു.എസ് ഭരണകൂടം പ്രതികരിച്ചിട്ടില്ല.

വാൾ സ്ട്രീറ്റ് ജേണൽ​ മോസ്കോ ബ്യൂറോയിൽ പ്രവർത്തിക്കുന്ന ഗെർഷ്കോവിച്ച് റഷ്യ, യുക്രെയ്ൻ, മറ്റു മുൻ സോവ്യറ്റ് രാജ്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന റിപ്പോർട്ടറാണ്. ചാരപ്പണി സ്ഥിരീകരിച്ചാൽ 20 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. ഒരു വർഷം മുതൽ ഒന്നര വർഷം വരെയെടുത്താകും അന്വേഷണം പൂർത്തിയാകുക. ഈ സമയത്ത് പുറംലോകവുമായി ബന്ധപ്പെടാൻ അവസരം തീരെ കുറവാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 

റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകനാണ് ഗെർഷ്കോവിച്ച്. വാൾ സ്ട്രീറ്റ് ജേണലിനു പുറമെ എ.എഫ്.പി, ന്യൂയോർക് ടൈംസ് എന്നിവക്കു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ഉപരോധത്തെ തുടർന്ന് റഷ്യൻ സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യത്തെ കുറിച്ചായിരുന്നു ഏറ്റവുമൊടുവിലെ റിപ്പോർട്ട്. 

സോവ്യറ്റ് കാലത്തിനു ശേഷം ആദ്യമായാണ് റഷ്യയിൽ ഒരു വിദേശ മാധ്യമ പ്രവർത്തകൻ ചാരപ്പണി ആരോപിക്കപ്പെട്ട് പിടിയിലാകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more