1 GBP = 103.94
breaking news

വേങ്ങര വീണ്ടും പച്ച പുതച്ചു,​ യു.ഡി.എഫിന് തിളക്കം കുറഞ്ഞ ജയം ബി ജെ പി നാലാം സ്ഥാനത്ത്

വേങ്ങര വീണ്ടും പച്ച പുതച്ചു,​ യു.ഡി.എഫിന് തിളക്കം കുറഞ്ഞ ജയം ബി ജെ പി നാലാം സ്ഥാനത്ത്

മലപ്പുറം: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. വേങ്ങര നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ളിം ലീഗിന്റെ സ്ഥാനാർത്ഥി കെ.എൻ.എ.ഖാദർ 23,​310 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഖാദറിന് 65,​227 വോട്ട് ലഭിച്ചപ്പോൾ ഇടത് സ്ഥാനാർത്ഥി പി.പി.ബഷീറിന് 41, 917 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. 2016ൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 72,181ഉം ബഷീറിന് 34,124 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ 7073 വോട്ടിന്റെ വർദ്ധനയുണ്ടായത് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം ഉയർത്തുന്നതാണ്. 2016ലെ തിരഞ്ഞെടുപ്പിൽ 38,​057 ആയിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. ഈ ഭൂരിപക്ഷം നിലനിറുത്താനാവാതെ പോയത് ലീഗിനും യു.ഡി.എഫിനും കനത്ത തിരിച്ചടിയായി. ഇതേസമയം, ബി.ജെ.പിയെ പിന്തള്ളി എസ്.‌ഡി.പി.ഐ സ്ഥാനാർത്ഥി കെ.സി.നസീർ മൂന്നാം സ്ഥാനത്തെത്തി. 8648 വോട്ടാണ് എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചത്. കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടി വോട്ടാണ് എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചത്. ബി.ജെ.പിയുടെ കെ.ജനചന്ദ്രൻ മാസ്‌റ്റർക്ക് 5728 വോട്ട് മാത്രമെ ലഭിച്ചുള്ളൂ.

വേങ്ങരയിൽ അട്ടിമറികളൊന്നും എൽ.ഡി.എഫ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാനായത് എൽ.ഡി.എഫിന് ആശ്വാസത്തിന് വകനൽകുന്നതാണ്.

2006ലെ കുറ്റിപ്പുറത്തെ കനത്ത തോൽവിക്കുശേഷം കുഞ്ഞാലിക്കുട്ടിക്ക് വലിയ വിജയം സമ്മാനിച്ച മണ്ഡലമാണ് വേങ്ങര. 2011ൽ മണ്ഡലം രൂപീകൃതമായ ശേഷമുളള രണ്ട് തിരഞ്ഞെടുപ്പുകളിലും കുഞ്ഞാലിക്കുട്ടിക്കായിരുന്നു വിജയം. ഇ.അഹമ്മദിന്റെ വേർപാടിനെ തുടർന്നുണ്ടായ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 2011ൽ എൽ.ഡി.എഫിന്റെ കെ.പി. ഇസ്മായിലിനെ 38,237 വോട്ടുകൾക്കും 2016ൽ സി.പി.എമ്മിലെ പി.പി ബഷീറിനെ 38,057 വോട്ടുകൾക്കും കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more