1 GBP = 103.33

യുക്മ – മലയാള മനോരമ ഓണവസന്തം സെപ്റ്റംബർ 26 ന്; ഉത്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ…

യുക്മ – മലയാള മനോരമ ഓണവസന്തം സെപ്റ്റംബർ 26 ന്; ഉത്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ…

അലക്സ് വർഗ്ഗീസ്

(യുക്മ ദേശീയ ജനറൽ സെക്രട്ടറി)

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി  “ഓണവസന്തം 2021” സെപ്റ്റംബർ 26  ഞായർ 2 PM ന് ഓൺലൈൻ  പ്ലാറ്റ്ഫോമിൽ ബഹുമാനപ്പെട്ട കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യുന്നു. മന്ത്രി പദമേറ്റെടുത്ത് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തന്റെ മികവ് തെളിയിച്ച് മുന്നേറുന്ന റോഷി അഗസ്റ്റിൻ 2001 മുതൽ ഇടുക്കിയുടെ പ്രിയപ്പെട്ട MLA യാണ്. വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനങ്ങളിലൂടെ തന്റെ നേതൃപാടവം തെളിയിച്ച റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പദം കൂടി വഹിക്കുന്നു.

 
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ ഈ പുതുമുഖം ജനപ്രിയങ്ങളായ നിരവധി പരിപാടികളിലൂടെ ഇതിനോടകം  ജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരനായി മാറിക്കഴിഞ്ഞു. യുക്മ നേതൃത്വവുമായി അടുത്ത സൌഹൃദമുള്ള മന്ത്രി റോഷി അഗസ്റ്റിൻ യുക്മ കേരളപൂരം വള്ളംകളിയിലടക്കം വിവിധ പരിപാടികളിൽ മുൻപും പങ്കെടുത്തിട്ടുണ്ട്. യു കെ യിൽ ഒട്ടേറെ സുഹൃത്തുക്കളുള്ള, പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന റോഷി അഗസ്റ്റിൻ, യുക്മ – മലയാള മനോരമ ഓണവസന്തം 2021 ഉദ്ഘാടനം ചെയ്യാനെത്തുന്നതിൽ യുക്മ സഹചാരികളും യു കെ മലയാളികളും ഏറെ സന്തോഷത്തിലാണ്.
മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേർന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയിൽ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയിൽ, മലയാള ചലച്ചിത്ര സംഗീത രംഗത്തെ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.


സംഘാടന മികവിന്റെ നിരവധി മുഹൂർത്തങ്ങൾ യു കെ മലയാളികൾക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവർത്തന പന്ഥാവിൽ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേർന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവർത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാർ പിള്ള  നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതിയും, റീജിയണൽ സമിതികളും, അംഗ അസ്സോസിയേഷനുകളും കോവിഡ് ലോക്ഡൌൺ സമയത്ത് പോലും നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തി വന്നിരുന്നത്.


യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ: എബി സെബാസ്റ്റ്യൻ ഇവന്റ് കോർഡിനേറ്ററും,  യുക്മ സാംസ്കാരികവേദി കോർഡിനേറ്റർ കുര്യൻ ജോർജ്ജ്, യു കെ പ്രോഗ്രാം ഓർഗനൈസറുമായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ യുക്മ  കലാഭൂഷണം അവാർഡ് ജേതാവ്‌ പ്രമുഖ നർത്തകിയുമായ ദീപ നായർ അവതാരകയായിരിക്കും. ഓണവസന്തം 2021 ന്റെ പ്രധാന സ്പോൺസർമാർ കോൺഫിഡന്റ് ഗ്രൂപ്പ്, യു കെ യിലെ പ്രമുഖ സോളിസിറ്റർ സ്ഥാപനമായ പോൾ ജോൺ & കമ്പനി, പ്രമുഖ ഇൻഷ്വറൻസ് മോർട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.
അംഗ അസ്സോസ്സിയേഷനുകളിൽ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 19 വരെ സംഘടിപ്പിച്ചിരുന്നതിനാലാണ് യുക്മ – മലയാള മനോരമ “ഓണവസന്തം 2021” സെപ്റ്റംബർ 26 ന് നടത്തുന്നതെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു. യുക്മ – മലയാള മനോരമ “ഓണവസന്തം 2021” പരിപാടി കാണുവാൻ ഏവരേയും യുക്മ ദേശീയ സമിതി ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു.


യുക്മ – മലയാള മനോരമ “ഓണവസന്തം 2021” പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-

കുര്യൻ ജോർജ്ജ് – 07877348602
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more