1 GBP =
breaking news

യുക്മ ദേശീയ കലാമേള ഇന്ന് വീരേന്ദ്ര ശർമ്മ എം പി ഉദ്ഘാടനം ചെയ്യുന്നു………. സ്റ്റാർ സിംഗർ 3 ഉദ്ഘാടനവും കലാഭവൻ മണി നഗറിൽ……… അർദ്ധരാത്രി വരെ നീളുന്ന തത്സമയ സംപ്രേക്ഷണവുമായി ഗർഷോം ടിവി….

യുക്മ ദേശീയ കലാമേള ഇന്ന് വീരേന്ദ്ര ശർമ്മ എം പി ഉദ്ഘാടനം ചെയ്യുന്നു………. സ്റ്റാർ സിംഗർ 3 ഉദ്ഘാടനവും കലാഭവൻ മണി നഗറിൽ……… അർദ്ധരാത്രി വരെ നീളുന്ന തത്സമയ സംപ്രേക്ഷണവുമായി ഗർഷോം ടിവി….

സജീഷ് ടോം (യുക്മ പി ആർ ഒ)

എട്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് തിരി തെളിയുന്നു. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡ് അക്കാഡമിയിൽ ബ്രിട്ടീഷ് എം പി ശ്രീ വീരേന്ദ്ര ശർമ്മ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഹൈകമ്മീഷൻ ഫസ്റ്റ് സെക്രട്ടറി ശ്രീ രാഹുൽ നങ്ങേരെ മുഖ്യാതിഥി ആയിരിക്കും. യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് യോഗത്തിൽ അധ്യക്ഷത വഹിക്കും.

അന്തരിച്ച മലയാളത്തിന്റെ ജനകീയ നടൻ ശ്രീ കലാഭവൻ മണി യുടെ ബഹുമാനാർത്ഥം “കലാഭവൻ മണി നഗർ” എന്ന് നാമകരണ നടത്തിരിക്കുന്ന കലാമേള നഗറിൽ രാവിലെ ഒൻപത് മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. കൃത്യം പത്തുമണിക്ക് അഞ്ച് വേദികളിലും മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങളുടെ താള ക്രമത്തിന് യാതൊരു വിധത്തിലുമുള്ള അസൗകര്യങ്ങൾ ഉണ്ടാകാത്തവിധം, പന്ത്രണ്ട് മണിക്കാണ്‌ ഹൃസ്വവും പ്രൗഢ ഗംഭീരവുമായ ഉദ്ഘാടനസമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

യുക്മ കലാമേളയുടെ ചരിത്രത്തിൽ ആദ്യമായി എട്ട് റീജിയണുകളിൽ നിന്നുള്ള വിജയികൾ മാറ്റുരക്കുന്ന വേദിയായി ഹെയർഫീൽഡ് അക്കാഡമി മാറുകയാണ്. മത്സര ഇനങ്ങളുടെയും മത്സരാർത്ഥികളുടെയും എന്നതിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് കണക്കിലെടുത്തു ഈ വര്ഷം ആദ്യമായി അഞ്ച് മത്സര വേദികളാണ് ഒരുക്കിയിരിക്കുന്നത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയനും അസോസിയേഷൻ ഓഫ് സ്ലാവ് മലയാളീസും സംയുക്തമായാണ് എട്ടാമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, കലാമേള ചീഫ് കോർഡിനേറ്റർ ഓസ്റ്റിൻ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ കലാമേളയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു.

2010 ൽ ബ്രിസ്റ്റോളിൽ ആണ് പ്രഥമ യുക്മ ദേശീയ കലാമേള നടക്കുന്നത്. തുടർന്ന് 2011 ൽ സൗത്തെൻഡ് ഓൺ-സി യിലും, 2012 ൽ സ്റ്റോക്ക് ഓൺ-ട്രെൻഡിലും ദേശീയ കലാമേളകൾ നടന്നു. ലിവർപൂൾ 2013 കലാമേളയ്ക്ക് ആതിഥേയത്വം വഹിച്ചപ്പോൾ, യുക്മയുടെ ജന്മഭൂമിയായ ലെസ്റ്റർ 2014 ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കി. 2015 ൽ ഹണ്ടിങ്ടണിലും, 2016 ൽ വിശ്വമഹാകവി വില്യം ഷേക്‌സ്‌പെയറിന്റെ ജന്മനാടായ വാർവിക്കിലും യുക്മ കലാമേളകൾ അരങ്ങേറി.

യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിൽ ഇതുവരെ ഒരു റീജിയണും ഹാട്രിക് വിജയികളാകാൻ കഴിഞ്ഞിട്ടില്ല. ആദ്യ രണ്ട് കലാമേളകളിൽ ‘സൗത്ത് ഈസ്റ്റ്- സൗത്ത് വെസ്റ്റ് റീജിയൻ’ ചാമ്പ്യൻപട്ടം നേടിയെങ്കിലും 2013 ൽ മിഡ്‌ലാൻഡ്‌സ് റീജിയൻ ജേതാക്കളായി. 2014 ലെസ്റ്റർ കലാമേളയിൽ ഈസ്റ്റ് ആംഗ്ലിയ റീജിയൺ മിഡ്‌ലാൻഡ്‌സിന്റെ ഹാട്രിക് മോഹങ്ങൾ തകർത്തെറിഞ്ഞു. 2015 ലും 2016 ലും ജേതാക്കളായ മിഡ്‌ലാൻഡ്‌സ് റീജിയന്റെ ഹാട്രിക് സ്വപ്‌നങ്ങൾ ഇത്തവണ പൂവണിയുമോ എന്നാണ് യു കെ മലയാളികൾ ഉറ്റുനോക്കുന്നത്. അതോ 2014 ന്റെ തനിയാവർത്തനമായി ഈസ്റ്റ് ആംഗ്ലിയ റീജിയൻ വെന്നിക്കൊടി പാറിക്കുമോ? കരുത്തരായ സൗത്ത് വെസ്റ്റ്, ആതിഥേയരായ സൗത്ത് ഈസ്റ്റ് റീജിയണുകൾക്ക് കിരീട പ്രതീക്ഷ നിലനിർത്താനാവുമോ? നോർത്ത് വെസ്റ്റ്, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണുകൾ അപ്രതീക്ഷിത മുന്നേറ്റങ്ങൾകൊണ്ട് ആരെയും ഞെട്ടിച്ചിട്ടുള്ള മുൻ ചരിത്രം ആവർത്തിക്കുമോ? തങ്ങളുടെ കന്നി ദേശീയ കലാമേളയിൽ നോർത്ത് ഈസ്റ്റ് റീജിയൺ എന്തെല്ലാം അസ്ത്രങ്ങളാണ് ആവനാഴിയിൽ കരുതിയിരിക്കുന്നത്?

ആകാംക്ഷയുടെ മണിക്കൂറുകളാകും ഇന്ന് വെസ്റ്റ് ലണ്ടണിലെ ഹെയർഫീൽഡ് അക്കാഡമിയിൽ. അർദ്ധരാത്രിയോടെ ഫലപ്രഖ്യാപനങ്ങൾ വരുമ്പോൾ ആര് 2017 യുക്മ ദേശീയ കലാമേള ജേതാക്കളാകും എന്നറിയാം. 800 ഓളം കലാകാരന്മാരും കലാകാരികളും രാജ്യത്തിന്റെ നാലതിരുകളിൽനിന്നും ഒരുവർഷം നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ ഒരുങ്ങിയെത്തുമ്പോൾ, ഇത്തവണത്തെ മത്സരങ്ങൾ കടുപ്പമേറിയവയാകുമെന്നതിൽ സംശയം വേണ്ട.

സ്റ്റാർ സിംഗർ 3 ഉദ്ഘാടനവും കലാമേള വേദിയിൽ

കലാമേളകൾ കഴിഞ്ഞാൽ യുക്മയുടെ ഏറ്റവും ജനപ്രിയ പ്രോഗ്രാം ആയ സ്റ്റാർ സിംഗറിന്റെ മൂന്നാം പരമ്പരയുടെ ഉദ്ഘാടനവും കലാമേള വേദിയിൽ നടക്കും. സ്റ്റാർസിംഗർ സീസൺ- 2 വിജയി അനു ചന്ദ്ര, സ്റ്റാർ സിംഗർ വിധികർത്താവ് ശ്രീമതി ലോപമുദ്ര എന്നിവരുടെ സാന്നിദ്ധ്യത്തിൽ യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് “ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3” ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സജീഷ് ടോം, പ്രോഗ്രാം പ്രൊഡ്യൂസർ ബിനു ജോർജ്, മീഡിയ കോർഡിനേറ്റർ ജോമോൻ കുന്നേൽ, യുക്മ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. യൂറോപ്പ് മലയാളികളുടെ ഈ ആദ്യ മ്യൂസിക്കൽ റിയാലിറ്റി ഷോയിലേക്ക് ഇത്തവണ യു കെ യിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് പുറമെ സ്വിറ്റ്സർലൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മത്സരാർത്ഥികളും ഉൾപ്പെടെ 15 ഗായകരാണ് ഒഡിഷനിലൂടെ യോഗ്യത നേടിയിട്ടുള്ളത്. സ്റ്റാർ സിംഗർ ബ്രോഷർ പ്രകാശനവും ചടങ്ങിൽ നടക്കും.

തത്സമയ സംപ്രേക്ഷണവുമായി ഗർഷോം ടി വി

യുക്മ ദേശീയ കലാമേളയുടെ മീഡിയ പാർട്ണർ ആയ ഗർഷോം ടി വി മേളയുടെ തത്സമയ സംപ്രേക്ഷണത്തിന് ഈ വർഷം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വെൽസ് ചാക്കോയുടെ നേതൃത്വത്തിൽ എച്ച് ഡി നിലവാരത്തിലുള്ള അഞ്ച് ക്യാമറകൾ ഉപയോഗിച്ച് രാവിലെ മുതൽ അർദ്ധരാത്രി കഴിയുവോളം തുടർച്ചയായി നടത്തുന്ന ലൈവ് ടെലികാസ്റ്റ് ലോക പ്രവാസി മലയാളികളുടെ മാധ്യമ ചരിത്രത്തിൽ തിളക്കമുള്ള ഒരു അദ്ധ്യായം എഴുതി ചേർക്കും എന്നതിൽ സംശയമില്ല. ഗർഷോം ചാനലിലും WWW.GARSHOM.TV എന്ന വെബ്സൈറ്റ്റിലൂടെയും, കൂടാതെ ഗർഷോം ടി വി യുടെ യുട്യൂബ്,ഫേസ് ബുക്ക്, ട്വിറ്റർ പേജുകളിലൂടെയും കലാമേള തത്സമയം വീക്ഷിക്കാവുന്നതാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more