1 GBP = 104.16
breaking news

യുക്മ കേരളാ പൂരം 2022 – യു.കെയിലെ “പൂരങ്ങളുടെ പൂര”ത്തിന് അഴകേകാന്‍ നൂറുകണക്കിന് മലയാളി മങ്കമാര്‍ അണിചേരുന്ന മെഗാ ഫ്യൂഷന്‍ ഡാന്‍സ്

യുക്മ കേരളാ പൂരം 2022 – യു.കെയിലെ “പൂരങ്ങളുടെ പൂര”ത്തിന് അഴകേകാന്‍ നൂറുകണക്കിന് മലയാളി മങ്കമാര്‍ അണിചേരുന്ന മെഗാ ഫ്യൂഷന്‍ ഡാന്‍സ്

 അലക്സ് വർഗ്ഗീസ്

ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഷെഫീല്‍ഡില്‍ നടക്കുന്ന കേരളാപൂരം 2022 മത്സരവള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യാ ടൂറിസത്തിന്റെയും കേരളാ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന  “യുക്മ കേരളാപൂരം 2022” വള്ളംകളി മഹോത്സവത്തില്‍  അരങ്ങുതകര്‍ക്കാന്‍  മെഗാ ഫ്യൂഷന്‍ ഡാന്‍സുമായി ബ്രിട്ടന്റെ വിവിധ മേഖലകളില്‍നിന്നായി ഇക്കുറിയും നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്. 2019ല്‍ നടന്ന വള്ളംകളിയോട് അനുബന്ധിച്ച് നടത്തപ്പെട്ട മെഗാതിരുവാതിര വന്‍വിജയമായിരുന്നു. യുക്മ സംഘടിപ്പിച്ച 2019 ലെ മൂന്നാമത് വള്ളംകളി വേദിയില്‍ മുന്നൂറിലധികം വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് മുന്‍ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോയുടെയും സെലിന സജീവിന്റെയും നേതൃത്വത്തില്‍ അണിഞ്ഞൊരുങ്ങിയത്. അതില്‍ പങ്കെടുത്തവരും പുതിയതായി യു.കെയില്‍ എത്തിച്ചേര്‍ന്നവരുമായ യുകെ മലയാളി വനിതകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇത്തവണ സംഘടിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ്  ലീനുമോള്‍ ചാക്കോ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ ഫ്യൂഷന്‍ ഡാന്‍സ്  അണിഞ്ഞൊരുങ്ങുന്നത്.

കേരളത്തിന്റെ സാംസ്കാരിക തനിമയ്ക്കും പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന മെഗാഫ്യൂഷന്‍ ഡാന്‍സ്  ഓഗസ്റ്റ് 27 ശനിയാഴ്ച നടക്കുന്ന വള്ളംകളിയ്ക്കൊപ്പം ഏറ്റവും ആകര്‍ഷണീയമായ ഒരു സാംസ്കാരിക പരിപാടിയായിരിക്കും. മെഗാ ഫ്യൂഷന്‍ ഡാന്‍സില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വനിതകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകം കൊറിയോഗ്രാഫി ചെയ്ത നൃത്തചുവടുകളുടെ വീഡിയോ ദൃശ്യങ്ങളും ഉടയാടകളുടെ ഡിസൈനുകളും ഇതിനായി തയ്യാറായിക്കഴിഞ്ഞു.

27 ടീമുകളാണ് ഈ വര്‍ഷം കേരളാപൂരം വള്ളംകളിയില്‍ പങ്കെടുക്കുന്നത്. പതിനായിരത്തോളം വള്ളംകളി പ്രേമികള്‍ കുടുംബസമേതം എത്തിച്ചേരുന്ന കേരളാപൂരം- 2022, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു ദിവസം മുഴുവന്‍ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാല്‍ ആകര്‍ഷകമായിരിക്കും എന്നതില്‍ സംശയമില്ല.

പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മെഗാ ഫ്യൂഷന്‍ ഡാന്‍സില്‍ പങ്കെടുക്കുവാന്‍ അവസരം ഉള്ളത്. യുക്മയുടെ എല്ലാ റീജിയണുകളിനിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി  വിപുലമായ കോര്‍ഡിനേഷന്‍ കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.

ഇനിയും മെഗാ തിരുവാതിരയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  ദേശീയ തലത്തില്‍ ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്ന  ചുമതലയുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ (07868607496), നാഷണല്‍ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം (07450964670) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more