1 GBP = 104.15
breaking news

യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം ഇന്ന്; മുഖ്യാതിഥി തോമസ് ചാഴികാടൻ എം.പി യുകെയിലെത്തി

യുക്മ ദേശീയ കലാമേള 2023: വിജയികൾക്ക് സമ്മാന വിതരണം ഇന്ന്; മുഖ്യാതിഥി തോമസ് ചാഴികാടൻ എം.പി യുകെയിലെത്തി

അലക്സ് വർഗ്ഗീസ്, (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിൽ വെച്ച് നവംബർ നാലിന് നടന്ന പതിനാലാമത് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം ഇന്ന് നവംബർ 25 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കവൻട്രിയിലെ പോട്ടേഴ്‌സ് ഗ്രീനിലുള്ള കാർഡിനൽ വൈസ്മാൻ സ്കൂളിലെ വേദിയിൽ വച്ച് നടത്തുന്നതാണ്. മുഖ്യാതിഥിയായ തോമസ് ചാഴികാടൻ എംപി യുകെയിലെത്തി. യുക്മ ദേശീയ ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, പ്രവാസി കേരള കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറിയും യുക്മ ജനറൽ കൗൺസിൽ മെമ്പറുമായ ഷൈമോൻ തോട്ടുങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് എംപിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകിയത്. സമ്മാനദാനച്ചടങ്ങു നടക്കുന്ന കൊവെൻട്രിയിൽ രാവിലെയെത്തുന്ന എംപി യുക്മ ദേശീയ കമ്മിറ്റിയംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.

ബഹുമാന്യനായ കോട്ടയം എം.പി. ശ്രീ.തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മാനദാന ചടങ്ങിൽ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിക്കും. യുക്‌മ ദേശീയ കലാമേള വേദിയുടെ പ്രൌഢിക്കും ഗാംഭീര്യത്തിനും ചേരുന്ന വിധത്തിലായിരിക്കും സമ്മാനദാന സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് യുക്മ ദേശീയ സമിതി അറിയിച്ചു.

ഇതാദ്യമാണ് യുക്മ കലാമേളയുടെ സമ്മാനദാനം മറ്റൊരു ദിവസം സംഘടിപ്പിക്കുന്നത്. കലാമേള ദിവസം സമ്മാനദാനം പൂർത്തിയാക്കാൻ സാധിക്കാതെ വന്നതിനാൽ ഈ മാസം തന്നെ മറ്റൊരു വേദി കണ്ടെത്തി സമ്മാനദാനം പൂർത്തിയാക്കാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചതിനെ തുടർന്നാണ് ഇന്ന് ഇത്തരത്തിലൊരു ചsങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മുൻപ് വെർച്വൽ കലാമേള നടത്തിയ അവസരങ്ങളിൽ മാത്രമാണ് സമ്മാനദാനത്തിന് മാത്രമായി ഇതു പേലെ ചടങ്ങ് സംഘടിപ്പിച്ച് സമ്മാനദാനം നടത്തിയത്.

1991 മുതൽ 2011 വരെ ഇരുപത് വർഷം തുടർച്ചയായി കേരള നിയമസഭയിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച തോമസ് ചാഴികാടൻ, 2019 മുതൽ കോട്ടയത്ത് നിന്നുള്ള ലോകസഭാംഗമാണ്. കേരള രാഷ്ട്രീയത്തിലെ ഈ സൌമ്യമുഖം ഒരു ചാർട്ടേർഡ് അക്കൌണ്ടന്റ് കൂടിയാണ്. ലാളിത്യം മുഖമുദ്രയാക്കിയ തോമസ് ചാഴികാടൻ എം.പിക്ക് യുക്മയുടെ ആദരവ് വേദിയിൽ വെച്ച് നൽകുന്നതാണ്.

കലാമേള നടന്ന ഇന്നസെന്റ് നഗറിൽ വെച്ച് വിതരണം ചെയ്യാൻ സാധിക്കാതിരുന്ന ഇനങ്ങളിലെ സമ്മാനങ്ങളും, ഓരോ ഗ്രൂപ്പിലെയും വ്യക്തിഗത ചാമ്പ്യൻമാർ, ഭാഷാകേസരി, നാട്യമയൂരം, കലാപ്രതിഭ, കലാതിലകം, ചാമ്പ്യൻ അസ്സോസ്സിയേഷൻ, റണ്ണറപ് അസ്സോസ്സിയേഷൻ, ചാമ്പ്യൻ റീജിയൻ, റണ്ണറപ് റീജിയൻ എന്നിവർക്കുള്ള സമ്മാനങ്ങളുമാണ് അന്ന് വിതരണം ചെയ്യുക.

178 പോയിന്റ്മായി മിഡ്ലാൻഡ്സ് റീജിയൻ കിരീടം നിലനിർത്തിയപ്പോൾ 148 പോയിൻറ് നേടി യോർക്ക്ഷയർ ആൻറ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 88 പോയിന്റോടെ സൌത്ത് വെസ്റ്റ്‌ റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 85 പോയിന്റോടെ ബർമിംങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ചാമ്പ്യൻ അസ്സോസ്സിയേഷൻ സ്ഥാനം കരസ്ഥമാക്കിയപ്പോൾ 72 പോയിന്റ്മായി ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ രണ്ടാം സ്ഥാനവും 71 പോയിന്റോടെ ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലൂട്ടൻ കേരളൈറ്റ്സ് അസ്സോസ്സിയേഷനിലെ ടോണി അലോഷ്യസ് കലാപ്രതിഭ പട്ടം കരസ്ഥമാക്കിയപ്പോൾ വാർവ്വിക് ആൻഡ് ലമിംങ്ടൺ അസ്സോസ്സിയേഷനിലെ അമേയ കൃഷ്ണ നിധീഷ് കലാതിലക പട്ടം നേടി. ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നുള്ള ഇവ മരിയ കുര്യാക്കോസ് നാട്യമയൂര പട്ടത്തിന് അർഹയായപ്പോൾ ഭാഷാകേസരി പട്ടത്തിന് അർഹയായത് ബർമിംങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലെ സൈറ മരിയ ജിജോയാണ്.

ഗ്രൂപ്പ് ചാമ്പ്യൻമാരായി കിഡ്സ് വിഭാഗത്തിൽ വാർവ്വിക് ആൻഡ് ലമിംങ്ടൺ അസ്സോസ്സിയേഷനിലെ അമേയ കൃഷ്ണ നിധീഷ്, സബ്ബ് ജൂണിയർ വിഭാഗത്തിൽ ബി.സി.എം.സിയുടെ കൃഷ്ണരാഗ് പ്രവീൺ ശേഖർ, ജൂണിയർ വിഭാഗത്തിൽ EYCO യുടെ ഇവ മരിയ കുര്യാക്കോസ്, സീനിയർ വിഭാഗത്തിൽ LUKA യിലെ ടോണി അലോഷ്യസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കലാമേള വേദിയിൽ വിതരണം ചെയ്ത ട്രോഫികളും സർട്ടിഫിക്കറ്റുകളും ഈ വേദിയിൽ നിന്നും വീണ്ടും ഏറ്റ് വാങ്ങണമെന്ന് ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം കൂടി ഒരുക്കുന്നതാണെന്ന് യുക്മ ദേശീയ സമിതി അറിയിച്ചു. ഇതിനായി ലഭിച്ച ട്രോഫികളും സർട്ടിഫിക്കറ്റുകളും വിജയികൾ തിരികെ കൊണ്ട് വരേണ്ടതാണ്.

പതിനാലാമത് യുക്‌മ ദേശീയ കലാമേളയുടെ സമ്മാനദാന ചടങ്ങിലേക്ക് വിജയികളോടൊപ്പം മുഴുവൻ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, കലാമേള കോർഡിനേറ്റർ ജയകുമാർ നായർ എന്നിവർ അറിയിച്ചു.

സമ്മാനദാനം നടത്തുന്ന വേദിയുടെ വിലാസം:-

Cardinal Wiseman School,

Potters Green,

Coventry,

CV2 2AJ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more