1 GBP = 104.16
breaking news

യുക്മ ദേശീയ കലാമേള   നഗർ നാമനിർദ്ദേശക മത്സരത്തിൽ ഈസ്റ്റ് ലണ്ടനിലെ സോണിയ ലൂബിയും ലോഗോ മത്സരത്തിൽ ലണ്ടനിൽ നിന്നുള്ള ഡോണി ജോർജ്ജ് ജോസഫും വിജയികൾ

യുക്മ ദേശീയ കലാമേള   നഗർ നാമനിർദ്ദേശക മത്സരത്തിൽ ഈസ്റ്റ് ലണ്ടനിലെ സോണിയ ലൂബിയും ലോഗോ മത്സരത്തിൽ ലണ്ടനിൽ നിന്നുള്ള ഡോണി ജോർജ്ജ് ജോസഫും വിജയികൾ

അലക്സ് വർഗ്ഗീസ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

നവംബർ 5 ന് ചെൽറ്റൻഹാമിൽ വെച്ച് നടക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേള നഗർ നാമനിർദ്ദേശക, ലോഗോ മത്സരങ്ങളുടെ വിജയികളെ യുക്‌മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികൾക്കിടയിൽ നടത്തിയ നഗർ നാമനിർദ്ദേശക മത്സരത്തിൽ നിരവധിയാളുകൾ ആവേശപൂർവ്വം പങ്കെടുത്തു. നിരവധി പേരുകൾ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും എട്ട് പതിറ്റാണ്ടിലധികം ഇന്ത്യൻ സംഗീത ലോകത്ത് ചക്രവർത്തിനിയായി വിരാജിച്ച അതുല്ല്യ സംഗീത പ്രതിഭ മൺമറഞ്ഞ “ലത മങ്കേഷ്കർ” ന്റെ പേരാണ്  കലാമേള നഗറിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്. ഈസ്റ്റ് ലണ്ടനിൽ നിന്നുള്ള സോണിയ ലൂബി ബാർട്ട്സ് ഹെൽത്ത് എൻ.എച്ച്.എസ്സ് ട്രസ്റ്റിൽ  പ്രിസപ്റ്റർഷിപ്പ് പ്രോഗ്രാം  ലീഡ് ആയി ജോലി ചെയ്യുന്നു.  ഈസ്റ്റ്‌ ലണ്ടൻ മലയാളി അസ്സോസ്സിയേഷൻ വണ്ണിലെ സജീവാംഗമായ സോണിയ, യു.എൻ.എഫ് ദേശീയ നേതൃനിരയിലെ ഒരു പ്രമുഖാംഗമാണ്. പുതുതായി യുകെയിൽ എത്തുന്ന മലയാളി നഴ്സുമാർക്കായി യു.എൻ.എഫ് നടത്തുന്ന ട്രെയിനിംഗ്കൾക്ക് നേതൃത്വം നൽകുന്നതും സോണിയയാണ്. ആങ്കറിംഗ് ഏറെ ഇഷ്ടപ്പെടുന്ന സോണിയ, യു.കെ.കെ.സി.എ. ദേശീയ സമ്മേളനം ഉൾപ്പടെയുള്ള പ്രോഗ്രാമുകളുടെ ആങ്കറിംഗ് വളരെ ഭംഗിയായി നടത്തിയിട്ടുണ്ട്. 

യു.കെ മലയാളികൾക്കായി നടത്തിയ കലാമേള ലോഗോ മത്സരത്തിൽ ലണ്ടനിൽ താമസിക്കുന്ന ഡോണി ജോർജ്ജ് ജോസഫാണ് വിജയിയായത്. നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത ലോഗോ ഡിസൈൻ മത്സരത്തിൽ ശ്രദ്ധേയമായ നിരവധി ഡിസൈനുകളിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്. ഡോണി തയ്യാറാക്കിയ ലോഗോ ആശയപരമായും സാങ്കേതികമായും ഏറെ മികച്ചതെന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തിയതായി മത്സര വിജയികളെ പ്രഖ്യാപിച്ച് കൊണ്ട് യുക്‌മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ അറിയിച്ചു. 

കലാമേള നഗർ നാമനിർദ്ദേശക മത്സരത്തിൽ വിജയിയായ സോണിയക്ക് ഫലകവും ലോഗോ മത്സരത്തിൽ വിജയിയായ ഡോണിക്ക് ക്യാഷ് അവാർഡും ഫലകവും നവംബർ  5 ന് ചെൽറ്റൻഹാമിലെ ദേശീയ കലാമേള വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണ്. ലണ്ടൻ സിഡൻഹാമിലെ സ്നാപ്പി സ്നാപ്സിൽ വിഷ്വൽ ഡിസൈനറായി ജോലി ചെയ്യുന്ന ഡോണി കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, വളയനാനിക്കൽ കുടുംബാംഗമാണ്. കുടുംബസമേതം ലണ്ടനിൽ താമസിക്കുന്ന ഡോണി ആഗസ്റ്റ്‌ 27 ന് നടന്ന യുക്‌മ കേരള പൂരം വള്ളംകളി മത്സരത്തിന്റെ ലോഗോ മത്സരത്തിൽ പങ്കെടുത്ത് പ്രോത്സാഹന സമ്മാനത്തിന്‌ അർഹനായിരുന്നു.

പതിമൂന്നാമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്‌ യുക്‌മ സൌത്ത് വെസ്റ്റ് റീജിയൺ ആണ്. ഗ്ലോസ്റ്റർഷയറിലെ ചരിത്ര പ്രസിദ്ധമായ ചെൽറ്റൻഹാമിലാണ് ഇക്കുറി യുക്മ ദേശീയ കലാമേളയുടെ അരങ്ങുണരുന്നത്. കുതിരയോട്ട മത്സരങ്ങൾക്കും ഫെസ്റ്റിവലുകൾക്കും പേരു്  കേട്ട ചെൽറ്റൻഹാമിലേയ്‌ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരെയും കലാകാരികളെയും യുക്മ പ്രവർത്തകരെയും സസന്തോഷം സ്വാഗതം ചെയ്യുന്നതായി യുക്‌മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, കലാമേള ദേശീയ കോർഡിനേറ്റർ ജയകുമാർ നായർ, സൌത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻറ് സുജു ജോസഫ്‌, ദേശീയ സമിതി അംഗം ടിറ്റോ തോമസ് എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more