സജീഷ് ടോം
(യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി)
ഏഴാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. ഒക്‌റ്റോബര്‍ 23 ഞായറാഴ്ച കവന്‍ട്രിയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ലോഗോ തെരഞ്ഞെടുത്തത്. ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം നടന്ന കലാമേള സംഘാടക സമിതി യോഗത്തില്‍ വച്ച് യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ്, കവന്‍ട്രി കേരള കമ്മ്യൂണിറ്റി പ്രസിഡണ്ട് പോള്‍സണ്‍ മത്തായി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.

കലാമേളയിലേക്ക് ലോഗോ ക്ഷണിച്ചുകൊണ്ടുള്ള നാഷണല്‍ കമ്മറ്റിയുടെ അറിയിപ്പിന് ഇത്തവണ നല്ല പ്രതികരണമാണ് ലഭിച്ചത്. യുക്മ പ്രവര്‍ത്തകരും യുക്മ സ്‌നേഹികളുമായ നിരവധി യുകെ മലയാളികള്‍ ലോഗോ രൂപകല്പന മത്സരത്തില്‍ പങ്കാളികളായി. പ്രാഥമിക സ്‌ക്രീനിംഗിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട ഏഴ് ലോഗോകള്‍ ദേശീയ നിര്‍വാഹക സമിതിയില്‍ പരിശോധനക്ക് ശേഷം അതില്‍നിന്നും ഏറ്റവും അനുയോജ്യമായ ലോഗോ തെരഞ്ഞെടുക്കുകയായിരുന്നു ചെയ്തതെന്ന് ലോഗോ പ്രകാശന ചടങ്ങില്‍ യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം പറഞ്ഞു. യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റും ‘യുക്മന്യൂസ്’ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമായ സുജു ജോസഫ് ആണ് തെരഞ്ഞെടുക്കപ്പെട്ട ലോഗോ രൂപകല്പന ചെയ്തത്.

ലോഗോ പ്രകാശന ചടങ്ങില്‍ യുക്മ ദേശീയ ഭാരവാഹികളും മിഡ്ലാന്‍സ് റീജിയണല്‍ ഭാരവാഹികളും ഒപ്പം കവന്‍ട്രി കേരള കമ്മ്യൂണിറ്റി (സി.കെ.സി.) ഭാരവാഹികളും പങ്കെടുത്തു. നവംബര്‍ അഞ്ചിന് കവന്‍ട്രിക്കടുത്തുള്ള വാര്‍വിക് ഷെയറിലെ ഒ.എന്‍.വി. നഗര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന മൈറ്റന്‍ സ്‌കൂളിലാണ് ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്.

click on malayalam character to switch languages