1 GBP = 94.38

ചരിത്രം സൃഷ്ടിച്ച് “യുക്​മ-അലൈഡ് ആദരസന്ധ്യ 2020”: യു.കെ മലയാളികള്‍ക്ക് നവ്യാനുഭവം…

ചരിത്രം സൃഷ്ടിച്ച് “യുക്​മ-അലൈഡ് ആദരസന്ധ്യ 2020”: യു.കെ മലയാളികള്‍ക്ക് നവ്യാനുഭവം…

സജീഷ് ടോം 
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പ്രവാസിമലയാളി സമൂഹത്തിന് നവ്യാനുഭവം സമ്മാനിച്ച് “യുക്​മ-അലൈഡ് ആദരസന്ധ്യ 2020” ചരിത്രസംഭവമായി മാറി. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനകളുടെ കൂട്ടായ്​മയായ യുക്​മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിച്ച​ സാംസ്ക്കാരിക പരിപാടി യു.കെ മലയാളികളുടെ മനസ്സുകളില്‍ എന്നും മായാതെ നില്‍ക്കുന്ന വര്‍ണ്ണചിത്രമായി മാറി. യുക്​മയുടെ ദേശീയ കലാമേളയിലെ കലാപ്രതിഭ, കലാതിലകം എന്നിവരെയും ആഗോള മലയാളി സമൂഹത്തിലെ അഞ്ച് പ്രതിഭാധനരെയും യു.കെയിലെ അഞ്ച് മഹദ്​വ്യക്തിത്വങ്ങളെയും ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്​മയുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ മെഗാ സ്പോണ്‍സേഴ്​സ് ആയിരുന്ന അലൈഡ് ഫിനാന്‍സ് സാരഥികളെയും ആദരിക്കുന്ന ചടങ്ങിനൊപ്പം ഫാഷന്‍ ഷോ, ടാബ്ലോ, സമകാലീന വിഷയങ്ങള്‍ ഉള്‍പ്പെടുന്ന സ്ക്കിറ്റ് എന്നിവയും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകരും സര്‍ഗ്ഗപ്രതിഭകളായ ഗായകരും ഒത്തുചേര്‍ന്നപ്പോള്‍ ബ്രിട്ടണിലെ മലയാളികള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. 
സൗത്ത് ലണ്ടനിലെ സാത്വിക ഡാന്‍സ് ഗ്രൂപ്പ് മേധാവി അനു ലാനിഷിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ കേരളീയ തനിമയാര്‍ന്ന വസ്ത്രധാരണത്തോടെയുള്ള സ്വാഗതനൃത്തത്തോടെയാണ് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം പരിപാടികള്‍ ആരംഭിച്ചത്. ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും മറ്റും അപ്പോഴേയ്ക്കും എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ന്ന് നിറഞ്ഞ സദസ്സിനു മുന്‍പില്‍ വിവിധ നൃത്ത – സംഗീത കലാരൂപങ്ങള്‍ അരങ്ങേറി. മുന്‍പ് നിശ്ചയിച്ചിരുന്നതു പോലെ തന്നെ കൃത്യം അഞ്ച് മണിയ്ക്ക് തന്നെ ഉദ്ഘാടനസമ്മേളനം ആരംഭിച്ചു. യുക്​മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍  ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണത്തിലൂടെ വിശിഷ്ടാതിഥികളെയും അവാര്‍ഡ് ജേതാക്കളേയും സദസ്സിന് പരിചയപ്പെടുത്തി ഏവരേയും ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്തു.
ആംഗ്ലിക്കന്‍ സഭയിലെ പ്രഥമ ഇന്ത്യന്‍ വംശജനായ  ബിഷപ്പ് ദി റൈറ്റ് റെവ. ഡോ. ജോണ്‍ പെരുമ്പലത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.  മള്‍ട്ടികള്‍ച്ചറല്‍ എന്ന ആശയത്തിനുമപ്പുറം വളര്‍ന്ന് ഇന്റര്‍ കള്‍ച്ചറല്‍ എന്ന നിലയില്‍ നമ്മുടെ പെരുമാറ്റവും ബ്രിട്ടണിലെ ജീവിതത്തോടുള്ള കാഴ്ച്ചപ്പാടും വിപുലീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊളോണിയല്‍ കാലഘട്ടത്തിനു ശേഷം വിവിധ സംസ്ക്കാരങ്ങളില്‍ നിന്നുള്ളവര്‍ ഒരു രാജ്യത്തേയ്ക്ക് കുടിയേറിയപ്പോഴാണ് മള്‍ട്ടികള്‍ച്ചറല്‍ എന്ന ആശയം ഉയര്‍ന്നു വന്നത്. സ്വന്തം സംസ്ക്കാരത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പര സഹകരണത്തോടെ ജീവിച്ചു വന്നിരുന്ന മള്‍ട്ടി കള്‍ച്ചറിസത്തില്‍ നിന്നും ഏറെ മുന്നോട്ട് പോവേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. പൊതുസമൂഹത്തില്‍ സ്വന്തം സത്വം തിരിച്ചറിഞ്ഞ് വിവിധ സംസ്ക്കാരങ്ങള്‍ ചേര്‍ന്ന് വളരുന്ന ഇന്റര്‍കള്‍ച്ചറല്‍ എന്ന ആശയത്തിനാണ് പുതിയ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മതങ്ങളും വിശ്വാസങ്ങളും ഒരുമയോടെ ജീവിക്കുന്ന മഹത്തായ സംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്ത് നിന്നും ബ്രിട്ടണിലേയ്ക്ക് കുടിയേറിയ ആളുകള്‍ എന്ന നിലയില്‍ മലയാളികള്‍ക്കും യു.കെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളെ കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ അണിനിരത്തുന്ന യുക്​മയ്ക്കും ഇന്റര്‍കള്‍ച്ചറല്‍ സംസ്ക്കാരത്തിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഫസ്റ്റ് മിനിസ്റ്റര്‍ കോര്‍ഡിനേഷന്‍ മന്‍മീത് സിങ് നാരങ് മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടണിലേയ്ക്ക് കുടിയേറിയ മലയാളികളെ ഹൈക്കമ്മീഷനുമായി ബന്ധപ്പിച്ച് നിര്‍ത്തുന്നതില്‍ യുക്​മ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. യുക്​മയുമായി സഹകരിച്ച് കൂടുതല്‍ പരിപാടികള്‍ നടത്തുന്നതിന് ഹൈക്കമ്മീഷന്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വി.പി സജീന്ദ്രന്‍ എം.എല്‍.എ, വിശിഷ്ടാതിഥി കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി ആര്‍ട്ടിസ്റ്റ് കെ.എസ് പ്രസാദ്, പ്രത്യേക ക്ഷണിതാവ്  ലുലു ഗ്രൂപ്പിന്റെ ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിങ്സ് യൂറോപ്പ് ബിസ്സിനസ്സ് ഡെവലപ്​മെന്റ് മാനേജര്‍ ഹാഷിം റഷീദ്, യുക്​മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. യൂറോപ്പിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജര്‍മ്മനിയില്‍ നിന്നുള്ള ജോസ് കുമ്പിളുവേലില്‍, അമേരിക്കയില്‍ നിന്നും ഫൊക്കാന ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, ലൗട്ടൻ  മുൻ മേയർ ഫിലിപ്പ് എബ്രഹാം  എന്നിവര്‍ യുക്​മയുടെ ക്ഷണം സ്വീകരിച്ച് യോഗത്തില്‍ പങ്കെടുത്തു. ദേശീയ ജോ. സെക്രട്ടറി സെലീന സജീവ് ഉദ്ഘാടന സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് യുക്​മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര  നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേര ട്സിന്റെ  ടോണി അലോഷ്യസ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി.
തുടര്‍ന്ന് അന്തര്‍ദേശീയ തലത്തില്‍ പ്രതിഭ തെളിയിച്ച പത്ത് മലയാളികള്‍ക്ക് യുക്​മ പ്രഖ്യാപിച്ച പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള നിയമ നിര്‍മ്മാണ പുരസ്ക്കാരം –  വി.പി സജീന്ദ്രന്‍ എം.എല്‍.എ (കുന്നത്തുനാട്), യു.കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം – പോള്‍ ജോണ്‍ (ലണ്ടന്‍), പ്രവാസി മലയാളികള്‍ക്കിടയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് നേട്ടങ്ങള്‍ കൈവരിച്ചതിനുള്ളതിന്  പ്രവാസിരത്ന പുരസ്ക്കാരം – ജോളി തടത്തില്‍ (ജര്‍മ്മനി), കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്​മയ്ക്ക് നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ച് കലാഭൂഷണം പുരസ്ക്കാരം – ദീപ നായര്‍ (നോട്ടിങ്ഹാം), യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവിനുള്ള ബെസ്റ്റ് ട്രാന്‍സ്​അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരം – മാധവന്‍ നായര്‍ (ഫൊക്കാന പ്രസിഡന്റ്, അമേരിക്ക), യു.കെ മലയാളികള്‍ക്കിടയിലും യുക്​മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളെ പരിഗണിച്ച് കര്‍മ്മശ്രേഷ്ഠ പുരസ്ക്കാരം – തമ്പി ജോസ് (ലിവര്‍പൂള്‍), പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിന് മഹാത്മാ പുരസ്ക്കാരം – വി.ടി.വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ്, അബുദാബി, യു.എ.ഇ), രണ്ട് പതിറ്റാണ്ട് കാലം ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്​കെയര്‍ റിക്രൂട്ട്മെന്റ് – മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍), ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം – സിബി ചെത്തിപ്പുഴ (സ്വിറ്റ്സര്‍ലാണ്ട്), യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകനുള്ള എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം – വിവേക് പിള്ള (ലണ്ടന്‍) എന്നിവര്‍ക്കാണ് സമ്മാനിച്ചത്.
തുടര്‍ന്ന് പത്ത് വര്‍ഷം യുക്​മ മെഗാ സ്പോണ്‍സര്‍മാരായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സാരഥികളായ ജോയ് തോമസ്, ബിജോ ടോം എന്നിവരെ പ്രത്യേകം ആദരിച്ചു. പൊന്നാട, മൊമെന്റോ, പ്രശസ്തി പത്രം എന്നിവ പുരസ്ക്കാര ജേതാക്കള്‍ക്കും ആദരിച്ചവര്‍ക്കും നല്‍കി. യുക്​മ ദേശീയ നേതാക്കളായ അനീഷ് ജോണ്‍, ലിറ്റി ജിജോ, സാജന്‍ സത്യന്‍, ടിറ്റോ തോമസ്, കുര്യന്‍ ജോര്‍ജ്, ഡോ. ബിജു പെരിങ്ങത്തറ, ജാക്സണ്‍ തോമസ്, ആന്റണി എബ്രാഹം, ബാബു മങ്കുഴി,  സജീഷ് ടോം, എബ്രാഹം പൊന്നുംപുരയിടം, വിജി കെ.പി, ജയകുമാര്‍ നായര്‍, ദേവലാല്‍ സഹദേവന്‍ എന്നിവര്‍ പൊന്നാട അണിയിച്ചു.  മൊമൊന്റോ, പ്രശസ്തി പ്രത്രം എന്നിവ വിശിഷ്ടാതിഥികള്‍ സമ്മാനിച്ചു.
“യുക്​മ​-അലൈഡ് ആദരസന്ധ്യ 2020” വേദിയില്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അക്കാദമിയ്ക്ക് തുടക്കം കുറിച്ചു. ലണ്ടന്‍ അക്കാദമി ഡയറക്ടര്‍ ജെയ്​സണ്‍ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്​മ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍  കലാഭവന്‍ സെക്രട്ടറി കെ.എസ് പ്രസാദ് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അക്കാദമിയ്ക്ക് തുടക്കം കുറിയ്ക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ജൂണ്‍ 20ന് നടക്കുവാന്‍ പോകുന്ന  “യുക്​മ കേരളാ പൂരം 2020″ന്റെ പ്രചരണത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റോഡ് ഷോയുടെ ഉദ്ഘാടനവും “ആദരസന്ധ്യ 2020” വേദിയില്‍വച്ച് നടന്നു. യുക്​മ ദേശീയ നേതാക്കള്‍ക്കൊപ്പം സാംസ്ക്കാരിക വേദി നേതാക്കളായ  ജേക്കബ് കോയിപ്പള്ളി, സി എ ജോസഫ് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് ടീമിന്റെ “തായങ്കരി ചുണ്ടന്‍” ക്യാപ്റ്റന്‍ തോമസ്കുട്ടി ഫ്രാന്‍സിസ്, ടീം സ്പോണ്‍സര്‍ ലവ് ടു കെയര്‍ മാനേജിങ് ഡയറക്ടര്‍ മാത്യു അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ എവര്‍റോളിങ് ട്രോഫി യുക്​മ നേതൃത്വത്തെ തിരിച്ച് ഏല്പിച്ചു. തുടര്‍ന്ന് വി.പി സജീന്ദ്രന്‍ എം.എല്‍.എയുടെ പക്കല്‍ നിന്നും യുക്​മ ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ഡിക്സ് ജോര്‍ജ് ട്രോഫി ഏറ്റുവാങ്ങി.
അന്താരാഷ്ട്ര തലത്തില്‍ യുക്​മ ആദ്യമായി സംഘടിപ്പിച്ച സാംസ്ക്കാരിക പരിപാടി വന്‍വിജയമായതിന്റെ അഭിമാനത്തിലാണ് യുക്​മ നേതൃത്വം. യുക്​മ നേതാക്കളായ വർഗീസ് ജോൺ, ഷാജി തോമസ്, ഷീജോ വര്‍ഗ്ഗീസ്, നോബി ജോസ്,  ജോണ്‍സണ്‍ യോഹന്നാന്‍, സോണി ജോര്‍ജ്,  തോമസ് മാറാട്ടുകളം, സണ്ണിമോന്‍ മത്തായി, സജീവ് തോമസ്, ജോര്‍ജ് പട്ട്യാലില്‍, ജോമി തറവട്ടത്തില്‍, റെജി നന്തികാട്ട്, വരുണ്‍ ജോണ്‍, ബെന്നി അഗസ്റ്റിന്‍, ലീനുമോള്‍ ചാക്കോ, സോണിയ തോമസ്, ബൈജു തിട്ടാല, സാജന്‍ പടിക്കമ്യാലില്‍, മാത്യു കുരീക്കല്‍, ജിജോ ജോസഫ്, ഭുവനേഷ് പീതാംബരന്‍,  ബിബിരാജ് രവീന്ദ്രന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നടാഷ സാം അവതാരികയായി ആദ്യാവസാനം തിളങ്ങി നിന്നു. പരിപാടികള്‍ പൂര്‍ണ്ണമായും ഡീക്കന്‍ ജോയ്​സ് പള്ളിക്കമ്യാലില്‍ ഡയറക്ടറായ മാഗ്നാ വിഷന്‍ ചാനല്‍ ലൈവ് ടെലികാസ്റ്റ് ചെയ്തിരുന്നു. യുക്​മ ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ സുരേന്ദ്രന്‍ ആരക്കോട്ടിന്റെ നേതൃത്വത്തില്‍ രാജേഷ് നടേപ്പള്ളി, ജോ ഐപ്പ്, രഞ്ജുഷ് എന്നിവര്‍ ചിത്രങ്ങള്‍ പകര്‍ത്തി. വെല്‍സ് ചാക്കോയുടെ നേതൃത്വത്തില്‍ ഒരുക്കിയ എല്‍.ഇ.ഡി സ്ക്രീനും ശ്രീനാഥിന്റെ ജാസ് സൗണ്ട് ആന്റ് ലൈറ്റ്സിന്റെ ശബ്ദവും വെളിച്ചവും പരിപാടിയുടെ മാറ്റ് കൂട്ടി. യുക്മയുടെ മെഗാ സ്പോൺസർമാരായ അലൈഡ് ഫിനാൻഷ്യൽ സർവീസസ്, ആവൂ മൊബൈൽ(റിങ് ടു ഇന്ത്യ), ട്യൂട്ടർ വേവ്സ്  എന്നീ സ്ഥാപനങ്ങളാണ്   പരിപാടി സ്പോൺസർ ചെയ്തത്.
ദശവത്സരം  പൂർത്തിയാക്കിയ യുക്മയുടെ ചരിത്രത്തിൽ ആദ്യമായി  ദേശീയ അന്തർദേശീയ തലങ്ങളിലെ പ്രതിഭകളെയും,   യുക്മ ദേശീയ കലാമേള കലാതിലകത്തെയും  കലാപ്രതിഭയെയും  ആദരിക്കുന്നതിനായി യുക്മ സംഘടിപ്പിച്ച പരിപാടി വൻവിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും യുക്മ ദേശീയ സമിതിക്കുവേണ്ടി  സെക്രട്ടറി അലക്സ് വർഗീസ്‌ നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more