1 GBP = 104.15
breaking news

യുക്‌മ കേരളപൂരം വള്ളംകളി 2023 ന് അണി നിരക്കുന്നത് 26 ജലരാജാക്കൻമാർ….യുക്മ ട്രോഫിയിൽ മുത്തമിടുന്നത് ആരെന്നറിയാൻ ആകാംക്ഷയോടെ വള്ളംകളി പ്രേമികൾ…..

യുക്‌മ കേരളപൂരം വള്ളംകളി 2023 ന് അണി നിരക്കുന്നത് 26 ജലരാജാക്കൻമാർ….യുക്മ ട്രോഫിയിൽ മുത്തമിടുന്നത് ആരെന്നറിയാൻ ആകാംക്ഷയോടെ വള്ളംകളി പ്രേമികൾ…..

അലക്സ് വർഗീസ്

(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്‌മ കേരളപൂരം വള്ളംകളി 2023 ന് രണ്ട് നാൾ മാത്രം ബാക്കി നിൽക്കെ വള്ളംകളിയിൽ പങ്കെടുക്കുന്ന 26 ടീമുകളും കഠിന പരിശീലനത്തിന്റെ തിരക്കിലാണ്.  അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ തുടക്കം കുറിക്കുമ്പോൾ, യുക്മ ട്രോഫിയിൽ മുത്തമിടുന്നത് പുതിയ അവകാശികളാകും എന്ന കാര്യം ഉറപ്പായി കഴിഞ്ഞു. ആദ്യ തവണ ചാമ്പ്യൻമാരായ വൂസ്റ്റർ തെമ്മാടീസും 2, 3, 4 തവണകളിൽ തുടർച്ചയായി ചാമ്പ്യൻമാരായ ജവഹർ ബോട്ട് ക്ളബ്ബ് ലിവർപൂളും ഇത്തവണ മത്സര രംഗത്തില്ല. ഇത്തവണ 9 ഹീറ്റ്സുകളിലായി മത്സര വള്ളംകളിയിൽ പങ്കെടുക്കുന്നത് 26 ടീമുകളാണ്.

മത്സര വള്ളംകളിയിൽ ബോട്ട് ക്ളബ്ബുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ടീമുകൾ കേരളത്തിലെ ചുണ്ടൻ വള്ളംകളി പാരമ്പര്യമനുസരിച്ച് കുട്ടനാടൻ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കാനിറങ്ങുന്നത്. 

ആദ്യ റൌണ്ടിൽ 9 ഹീറ്റ്സുകളിലായി 26 വള്ളങ്ങളാണ് മത്സരിക്കുന്നത്. 8 ഹീറ്റ്സുകളിൽ 3 ടീമുകൾ വീതവും അവശേഷിക്കുന്ന ഒരു ഹീറ്റ്സിൽ 2 വള്ളങ്ങളും മത്സരിക്കും. ഓരോ ഹീറ്റ്സിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ വരുന്ന ടീമുകൾ  (18 ടീമുകൾ) അടുത്ത റൌണ്ടിലേക്ക് പ്രവേശിക്കും. തുടർന്ന് നടക്കുന്ന 6 മത്സരങ്ങളിൽ 3 ടീമുകൾ വീതം മത്സരിക്കുന്നതുമാണ്. രണ്ടാം റൌണ്ടിലെ 6 മത്സരങ്ങളിൽ നിന്നുള്ള ആദ്യ സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കുന്നതും തുടർന്ന് 3 ടീമുകൾ വീതം മത്സരിക്കുന്ന രണ്ട് സെമിഫൈനൽ മത്സരങ്ങളും നടക്കും. സെമിഫൈനലുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ വീതം 4 ടീമുകൾ ഫൈനലിലെത്തുന്ന വിധമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ റൌണ്ട് മുതൽ സെമിഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങളിൽ 3 ടീമുകൾ തമ്മിലും ഫൈനലിൽ 4 ടീമുകളുമായിരിക്കും മത്സരിക്കുക.

പ്രാഥമിക ഹീറ്റ്സുകളിൽ മത്സരിക്കുന്ന ടീമുകൾ  സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. 7, 8, 9 ഹീറ്റ്സുകളിൽ പങ്കെടുക്കുന്ന വള്ളം, ടീമുകൾ, ബോട്ട് ക്ളബ്ബ്, ക്യാപ്റ്റൻമാർ എന്നിവ താഴെ നൽകുന്നു.

ഹീറ്റ്സ് 7:-

1. രാമങ്കരി – WMA ബോട്ട് ക്ളബ്ബ്, വിഗൻ, ബിനോജ് ചിറത്തറ.

2. തായങ്കരി – BMA ബോട്ട് ക്ളബ്ബ്, ബസ്സറ്റ്ലോ, ജോയിച്ചൻ തായങ്കരി.

3. കുമരങ്കരി – സാലിസ്ബറി ബോട്ട് ക്ളബ്ബ്, സാലിസ്ബറി, ഷാൽ പങ്കേത്.

ബിനോജ് ചിറത്തറയുടെ ക്യാപ്റ്റൻസിയിൽ രാമങ്കരി വള്ളത്തിൽ മത്സരിക്കാനെത്തുന്ന WMA ബോട്ട് ക്ളബ്ബ്, വിഗൻ കിരീടനേട്ടം മാത്രം ലക്ഷ്യമിട്ടാണ് മത്സരത്തിനിറങ്ങുന്നത്. ചിട്ടയായ പരിശീലനങ്ങൾക്ക് ശേഷം മത്സരത്തിനൊരുങ്ങുന്ന ടീമിനെ സ്പോൺസർ ചെയ്യുന്നത് സേവ്യേഴ്സ്  ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൌണ്ടന്റ്സ് ആന്റ് രജിസ്റ്റേർഡ് ഓഡിറ്റേഴ്സ് ആണ്.

തായങ്കരി വള്ളത്തിൽ തുഴയാനെത്തുന്ന BMA ബോട്ട് ക്ളബ്ബ്, ബസ്സറ്റ്ലോ യുക്മ ട്രോഫി വള്ളംകളിയിൽ നവാഗതരാണ്. ജോയിച്ചൻ തായങ്കരി ക്യാപ്റ്റനായുള്ള ടീമിന്റെ സ്പോൺസേഴ്‌സ് മുത്തൂറ്റ് ഗ്രൂപ്പാണ്.

ഇത്തവണ വിജയം തങ്ങളുടേതാണെന്ന ദൃഢനിശ്ചയത്തിൽ കുമരങ്കരി വള്ളത്തിൽ മത്സരത്തിന് ഇറങ്ങുന്ന സാലിസ്ബറി ബോട്ട് ക്ളബ്ബിനെ നയിക്കുന്നത് ഷാൽമോൻ പങ്കേത് ആണ്. കർശനമായ പരിശീലനത്തിന് ശേഷം മത്സരത്തിനെത്തുന്ന ടീമിനെ സ്പോൺസർ ചെയ്യുന്നത് പോൾ ജോൺ & കോ സോളിസിറ്റേഴ്സാണ്.

ഹീറ്റ്സ് 8:-

1. കാരിച്ചാൽ – സെവൻ സ്റ്റാർസ് ബോട്ട് ക്ളബ്ബ്, കവന്ററി, ബാബു അബ്രാഹം കളപ്പുരക്കൽ.

2. നെടുമുടി – റോഥർഹാം ബോട്ട് ക്ളബ്ബ്, റോഥർഹാം, ജസ്റ്റിൻ അബ്രാഹം.

3. ചമ്പക്കുളം – WAM ബോട്ട് ക്ളബ്ബ്, വെഡ്നസ്ഫീൽഡ്, ജേക്കബ് പൊന്നൂസ്.

യുക്മ ട്രോഫി വള്ളംകളിയുടെ ആദ്യ വർഷം മുതൽ ശക്തമായ മത്സരം കാഴ്ച വെക്കുന്ന സെവൻ സ്റ്റാർസ്, കവൻട്രി ഇത്തവണ കാരിച്ചാൽ വള്ളത്തിൽ തുഴയാനെത്തുന്നത് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ബാബു അബ്രാഹം കളപ്പുരക്കൽ നയിക്കുന്ന ടീമിന്റെ സ്പോൺസേഴ്‌സ് ലൈഫ്‌ ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡാണ്. 

നെടുമുടി വള്ളത്തിൽ മത്സരിക്കാനിറങ്ങുന്ന റോഥർഹാം ബോട്ട് ക്ളബ്ബ്, മത്സരവള്ളംകളി നടക്കുന്ന മാൻവേഴ്സ് തടാകത്തിന്റെ ഏറ്റവും അടുത്തുള്ള ടീമാണ്. ജസ്റ്റിൻ അബ്രാഹം ക്യാപ്റ്റനായുള്ള ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡാണ്.

WAM ബോട്ട് ക്ളബ്ബ്, വെഡ്നസ്ഫീൽഡ് ഏറെ പ്രശസ്തമായ ചമ്പക്കുളം വള്ളത്തിലാണ് മത്സരത്തിനിറങ്ങുന്നത്. കൃത്യമായ പരിശീലന പരിപാടികളിലൂടെ മത്സരത്തിനെത്തുന്ന ടീമിനെ നയിക്കുന്നത് ജേക്കബ് പൊന്നൂസാണ്. Y0N0 SBI UK യാണ് ടീമിന്റെ സ്പോൺസേഴ്സ്.

ഹീറ്റ്സ് 9:-

1. കിടങ്ങറ – NMCA ബോട്ട് ക്ളബ്ബ്, നോട്ടിംഗ്ഹാം, സാവിയോ ജോസ്.

2. കായിപ്രം – നനീട്ടൺ ബോട്ട് ക്ളബ്ബ്, നനീട്ടൺ, സജീവ് സെബാസ്റ്റ്യൻ.

3. വെള്ളംകുളങ്ങര – B&H ബോട്ട് ക്‌ളബ്ബ്, ഹെയ്വാർഡ്സ്ഹീത്ത്, ബിജു പോത്താനിക്കാട്.

യുക്‌മ ട്രോഫി വള്ളംകളിയിൽ ശക്തമായ സാന്നിദ്ധ്യം തെളിയിച്ചിട്ടുള്ള NMCA ബോട്ട് ക്ളബ്ബ്, നോട്ടിംഗ്ഹാം ഇത്തവണയും കിടങ്ങറ വള്ളത്തിലാണ് മത്സരിക്കാനെത്തുന്നത്. സാവിയോ ജോസ് നായകനായെത്തുന്ന ടീമിന്റെ സ്പോൺസേഷ്സ് ആക്സിഡന്റ് സൊലൂഷൻസാണ്.

സജീവ് സെബാസ്റ്റ്യൻ ക്യാപ്റ്റനായി ഇറങ്ങുന്ന നനീറ്റൻ ബോട്ട് ക്ളബ്ബ് മത്സരത്തിനെത്തുന്നത് കായിപ്രം വള്ളത്തിലാണ്. ഏറെ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങുന്ന ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് GK Telecom Ltd ലണ്ടനാണ്.

ഏറെ പ്രശസ്‌തമായ വെള്ളംകുളങ്ങര വള്ളത്തിൽ മത്സരത്തിനിറങ്ങുന്നത് B&H ബോട്ട് ക്ളബ്ബ്‌, ഹേയ് വാർഡ്സ് ഹീത്താണ്. ബിജു പോത്താനിക്കാട് ക്യാപ്റ്റനായി ഇറങ്ങുന്ന ടീമിനെ സ്പോൺസർ ചെയ്യുന്നത് മലബാർ ഗോൾഡ് & ഡയമണ്ട്സാണ്.

യുക്മ കേരളപൂരം വള്ളംകളി – 2023 ന്റെ പ്രധാന സ്പോൺസേഴ്സ്  ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, പോൾ ജോൺ സോളിസിറ്റേഴ്സ്, മലബാർ ഗോൾഡ്, മുത്തൂറ്റ് ഫിനാൻസ്, എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ്, എസ്.ബി.ഐ യു കെ, ജി.കെ ടെലികോം ലിമിറ്റഡ്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ്, റിലീസിനൊരുങ്ങുന്ന മലയാള ചിത്രം ‘ആന്റണി’ എന്നിവരാണ്.

മലയാള സിനിമയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 26 ന് റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വള്ളംകളി നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake

Station Road 

Wath-Upon-Dearne 

Rotherham 

South Yorkshire.

S63 7DG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more