1 GBP = 104.15
breaking news

നാട്ടിലെ ആഘോഷ ആരവങ്ങള്‍ തീരുമ്പോഴും മാവേലിയെ വരവേറ്റ് ആഘോഷം പൊലിക്കുകയാണിവിടെ …അതിഗംഭീര ഓണാഘോഷവുമായി യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍

നാട്ടിലെ ആഘോഷ ആരവങ്ങള്‍ തീരുമ്പോഴും മാവേലിയെ വരവേറ്റ് ആഘോഷം പൊലിക്കുകയാണിവിടെ …അതിഗംഭീര ഓണാഘോഷവുമായി യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍

ജെഗി ജോസഫ്

നാട്ടില്‍ ഓണാവേശമെല്ലാം തീര്‍ന്നപ്പോഴും പ്രവാസികള്‍ ആഘോഷങ്ങള്‍ തുടരുകയാണ് .ഓണം വെറുമൊരു ആഘോഷമല്ല പ്രവാസികള്‍ക്ക് .തിരക്കേറിയ ജീവിതത്തിനിടെ ഒത്തൊരുമയോടെ എല്ലാവരും ചേര്‍ന്ന് സദ്യയൊരുക്കിയും മത്സരങ്ങള്‍ നടത്തിയും ആഘോഷിക്കുമ്പോള്‍ ഹൃദ്യമായ കുറേ നിമിഷങ്ങളാണ് ഒരോരുത്തര്‍ക്കും സ്വന്തമാകുക. ഓരോ വര്‍ഷവും ഓണാഘോഷം എത്ര മികച്ചതാക്കാമെന്നതിലും മത്സരിക്കുകയാണ് ഏവരും…

ഇക്കുറിയും യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം കെങ്കേമമായി.മുന്നൊരുക്കങ്ങളിലൂടെ കാത്തുവച്ച ആഘോഷ വിസ്മയം വേദിയില്‍ ഒരുക്കാനായപ്പോള്‍ സമാനതകളില്ലാത്ത മികച്ച ആഘോഷമായി ഇക്കുറി ഓണാഘോഷം. യുബിഎംഎ അംഗങ്ങളുടെ വീട്ടില്‍ പാകം ചെയ്ത വിഭവങ്ങളൊരുക്കിയായിരുന്നു ഓണാഘോഷം. രണ്ടു തരം പായസവും 24 കൂട്ടം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ഏവര്‍ക്കും ആസ്വാദ്യകരമായിരുന്നു. യുബിഎംഎ അംഗങ്ങള്‍ സ്വയം പാകം ചെയ്ത രുചികരമായ വിഭവങ്ങളില്‍ സ്നേഹത്തിന്റെ മാധുര്യം കൂടി കലര്‍ന്നപ്പോള്‍ ഓണസദ്യ ഹൃദ്യമായ അനുഭവം ആയി മാറി.ഇലയിട്ട് വിഭവങ്ങള്‍ വിളമ്പി ഏവരും ഒരുമിച്ച് ആഹാരം ആസ്വദിച്ചപ്പോള്‍ അത് നാട്ടിലെ ഓണാഘോഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി.

സൗത്ത്മീഡിലെ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 11.30നാണ് ഓണാഘോഷപരിപാടികള്‍ ആരംഭിച്ചത്. അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും ചിട്ടയായ അസോസിയേഷന്‍ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ആഘോഷം ഏറെ മികവുറ്റതായി.മനോഹരമായ ഓണപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സോണിയ, ബീന, ബിന്‍സി, ജിജി,സിനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓണപ്പൂക്കളം ഒരുക്കിയത്.നെറ്റിപ്പട്ടവും, തെങ്ങിന്‍ പൂക്കുലയും ഉള്‍പ്പെടെ ഒരുക്കി ഒരു പ്രൊഫഷണല്‍ ടച്ചില്‍ തന്നെയാണ് സംഘം പൂക്കളമിട്ടത്.

അതിമനോഹരമായ പൂക്കളത്തിന് ബ്രിസ്‌ക പൂക്കള മത്സര ജഡ്ജിങ് കമ്മിറ്റിയംഗങ്ങള്‍ വന്ന് വിലയിരുത്തി മാര്‍ക്കിട്ടു. ഏകദേശം 12.45 ആയപ്പോള്‍ ഓണസദ്യ ആരംഭിച്ചു. സദ്യക്ക് ശേഷം കലാപരിപാടികളും മറ്റു ആരംഭിച്ചു. കുട്ടികള്‍ക്കായി കസേര കളിയും, അപ്പം കടി മത്സരവും, തവളച്ചാട്ടവും ഒക്കെ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അതിനു ശേഷം പൊതുസമ്മേളനം ആരംഭിച്ചു. യുബിഎംഎ പ്രസിഡന്റ് ജെയ് ചെറിയാന്‍ ഓണാഘോഷപരിപാടികളിലേക്കു എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു.

തുടര്‍ന്ന് സുന്ദരിമാരായ മലയാളി മങ്കമാരുടെ നേതൃത്വത്തില്‍ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. എല്ലാവര്‍ക്കും മഹാബലി ഓണാശംസകള്‍ നേര്‍ന്നു. അതിനു ശേഷം മഹാബലിയും നാട്ടില്‍ നിന്നെത്തിയ യുബിഎംഎ അംഗങ്ങളുടെ മാതാപിതാക്കളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് യുബിഎംഎ അംഗങ്ങളായ വനിതകള്‍ അണിയിച്ചൊരുക്കിയ മനോഹരമായ തിരുവാതിര അരങ്ങേറി.

ഓണപ്പാട്ടും ഓണക്കളികളും ആവേശമുണര്‍ത്തിയ നിമിഷങ്ങളാണ് പിന്നീട് വേദിയിലെത്തിയത്.യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കൊച്ചു കലാകാരികളും കലാകാരന്മാരും യുബിഎംഎ അംഗങ്ങളുടെ മക്കളും അവതരിപ്പിച്ച നയനമനോഹരമായ കലാപരിപാടികള്‍ അരങ്ങേറി. യുബിഎംഎ ഡാന്‍സ് സ്‌കൂള്‍ ടീച്ചര്‍ ജിഷ മധുവിന്റെ കൊറിയോഗ്രാഫിയില്‍ വേദിയില്‍ കുട്ടികള്‍ കളിച്ച ഫ്യൂഷന്‍ ഡാന്‍സ് ഏറെ കയ്യടി നേടി. ഇത് കൂടാതെ വേദിയില്‍ അരങ്ങേറിയ യുബിഎംഎയുടെ ബോയ്സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, സജി, പ്രമോദ് പിള്ള , ജിഷ മധു തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍, ഗ്രൂപ്പ് സോങ്ങുകള്‍ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

വേദിയില്‍ കുട്ടികളുടെ മികച്ച പ്രകടനങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തുന്നവയായിരുന്നു.ഇതിനായി ദിവസങ്ങള്‍ നീണ്ട മുന്നൊരുക്കളാണ് കുട്ടികളെടുത്തത്.അതിന്റെ ഫലവും കണ്ടു.കാഴ്ചക്കാര്‍ക്ക് നയന മനോഹരമായ നിമിഷമാണ് വേദിയിലെത്തിയവര്‍ ഓരോരുത്തരും സമ്മാനിച്ചത്.ജാക്‌സണ്‍ ജോസഫ്,ബിന്‍സി ജെയ് എന്നിവര്‍ പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയിരുന്നു.മിനറ്റ് സിബി ,അനറ്റ് സിബി തുടങ്ങിയവര്‍ അവതാരകരും.

കലാപരിപാടികള്‍ അവസാനിച്ചതോടെ യുബിഎംഎ സെക്രട്ടറി ബിജു പപ്പാരില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മത്സരങ്ങളില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ നല്‍കി. നല്ലൊരു ആഘോഷ നിറവ് ആസ്വദിച്ച സംതൃപ്തിയോടെ അടുത്ത വർഷം ഇതിലും നല്ലൊരു ഓണാഘോഷമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഓരോ യുബിഎംഎ അംഗങ്ങളും മടങ്ങിയത് .കാത്തിരിപ്പിന് എന്നും ആകാംക്ഷയുടേയും ഒപ്പം പ്രതീക്ഷയുടേയും നിറകൂട്ടുകളുണ്ട്. വരും വര്‍ഷവും ആവേശത്തോടെ ഒത്തുകൂടാമെന്ന് മനസില്‍ ഉറപ്പിച്ചാണ് ഏവരും മടങ്ങിയത്….

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more