1 GBP = 104.16
breaking news

ലക്ഷ്വറി ടൂറിസ്റ്റ് ബസ് നടുറോഡിൽ കത്തിനശിച്ചു, ആളപായമില്ല

ലക്ഷ്വറി ടൂറിസ്റ്റ് ബസ് നടുറോഡിൽ കത്തിനശിച്ചു, ആളപായമില്ല

തൃശൂർ: ആഡംബര ടൂറിസ്റ്റ് ബസ് ചാവക്കാട് കത്തിനശിച്ചു. ചാവക്കാട്കടപ്പുറം നോളീറോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്കു പോകുകയായിരുന്ന ബസാണ് കത്തിനശിച്ചത്. ബസിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാൾ ബസിന് തീ പിടിച്ചപ്പോൾ തന്നെ ചാടി രക്ഷപ്പെട്ടു. അതിനാൽ ആളപായമില്ല. മൈബസ് കമ്പനിയുടെതാണ് ബസ്.

ആധുനിക സൗകര്യമുള്ള ബസിൽ 34 സീറ്റുകൾ ആയിരുന്നു ഉണ്ടായിരുന്നത്. കോഴിക്കോടിനു പോയി തിരിച്ചുവന്ന ബസ് രണ്ടുദിവസമായി ഗുരുവായൂരില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഞായറാഴ് പുലര്‍ച്ചെ രണ്ടുമണിക്കാണ് കൊടുങ്ങല്ലൂരിലേക്കു പുറപ്പെട്ടത്. എന്നാൽ, യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ പുറകില്‍ എഞ്ചിനുള്ള ബസിന്‍റെ എഞ്ചിന്‍ഭാഗത്തു നിന്ന് തീ പിടിക്കുകയായിരുന്നു.

ബസിന്‍റെ പുറകില്‍ വന്നിരുന്ന ബൈക്ക് യാത്രികനാണ് ബസ് പുറകില്‍ നിന്നും കത്തുന്നത് ഡ്രൈവറെ അറിയിച്ചത്.

നിമിഷനേരം കൊണ്ട് തീ ആളി പടര്‍ന്നു. ആ സമയത്ത് വാഹനങ്ങളില്‍ വന്നവരും സമീപപ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനത്തിനു തയ്യാറായെങ്കിലും തീ പടര്‍ന്നതോടെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ദൂരം പാലിക്കുകയും ചെയ്തു.

ഗുരുവായൂരില്‍ നിന്ന് മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സും ചാവക്കാട് പൊലീസും സ്ഥലത്തെത്തി. എന്നാല്‍, ബസ് പൂര്‍ണമായും കത്തി ചാമ്പലായി. 60 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ ഷെഹീര്‍ പറഞ്ഞു.

ഇൻഷ്വറൻസ് കമ്പനിയുടെ വിദഗ്ദ സംഘം സ്ഥലത്തെത്തി നഷ്ടം കണക്കാക്കിയതിനു ശേഷമായിരിക്കും ബസ് മാറ്റുക. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more