1 GBP = 104.17
breaking news

മോദിയെ എതിര്‍ത്ത പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി നേതൃത്വത്തില്‍ നിന്ന് തെറിച്ചു

മോദിയെ എതിര്‍ത്ത പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി നേതൃത്വത്തില്‍ നിന്ന് തെറിച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ തിരിഞ്ഞ വിശ്വഹിന്ദ് പരിഷത്ത് (വിഎച്ച്പി) വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയ്ക്ക് സ്ഥാനം നഷ്ടമായി. ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ വിഷ്ണു സദാശിവ കോക്‌ജെ സംഘടനയുടെ പുതിയ പ്രസിഡന്റ് ആയതോടെയാണ് തൊഗാഡിയയ്ക്ക് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശനകനായി മാറിയ തൊഗാഡിയയെ സംഘടനാ നേതൃത്വത്തില്‍ നിന്ന് നീക്കാന്‍ സംഘപരിവാര്‍ ശ്രമം തുടങ്ങിയതായി സൂചനകളുണ്ടായിരുന്നു. ഇത് ശരിവച്ചുകൊണ്ടാണ് തൊഗാഡിയയെ വര്‍ക്കിംഗ് സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടിരിക്കുന്നത്.

ഗുഡ്ഗാവില്‍ ആരംഭിച്ച വിഎച്ച്പിയുടെ സമ്മേളനത്തില്‍ സംഘടനയുടെ അന്തര്‍ദേശീയ പ്രസിഡന്റും തൊഗാഡിയയുടെ അടുത്തയാളുമായ രാഘവറെഡ്ഡി പരാജയപ്പെട്ടതാണ്‌ തൊഗാഡിയയ്ക്ക് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമാകാന്‍ വഴിയൊരുക്കിയത്. പ്രസിഡന്റാണ് വര്‍ക്കിംഗ് പ്രസിഡന്റിനെ നിയോഗിക്കുന്നത്. വിഎച്ച്പി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച രാഘവറെഡ്ഡി ക്കെതിരേ മത്സരിച്ച കോക്‌ജെ വിജയം നേടിയതോടെയാണ് തൊഗാഡിയയുടെ വഴിയടഞ്ഞത്.

തൊഗാഡിയയെ ഒഴിവാക്കുന്നതിന്റെ ഭാഗമായി തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ആര്‍എസ്എസ് നേതൃത്വം ഗൂഢാലോചന നടത്തുന്നതായി രാഘവറെഡ്ഡി നേരത്തെ ആരോപിച്ചിരുന്നു. സംഘടനയുടെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു രാഘവറെഡ്ഡിയുടെ ആരോപണം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള 212 അംഗ പട്ടികയിലേക്ക് 37 വ്യാജവോട്ടര്‍മാരെ തിരുകി കയറ്റിയെന്നായിരുന്നു തൊഗാഡിയ പക്ഷം ആരോപിച്ചത്.

വോട്ടര്‍പട്ടികയിലെ കള്ളവോട്ടര്‍മാരെ ഒഴിവാക്കാതെ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് രാഘവറെഡ്ഡി ജസ്റ്റിസ് കോക്‌ജെക്ക് നേരത്തെ കത്ത് അയച്ചിരുന്നു. അയോഗ്യരായ വോട്ടര്‍മാരെ നീക്കാതെയും സംഘടനയുടെ ബൈലോ ലംഘിച്ചും നടത്തുന്ന തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് റെഡ്ഡി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡിസംബറില്‍ ചേര്‍ന്ന വിഎച്ച്പി നിര്‍വാഹക സമിതി യോഗത്തില്‍ റെഡ്ഡിയെ മാറ്റി ഹിമാചല്‍ വിഎസ് കോക്‌ജെയെ നേതൃത്വത്തില്‍ എത്തിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ റെഡ്ഡിയെയും തൊഗാഡിയയെയും പിന്തുണയ്ക്കുന്നവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

നരേന്ദ്ര മോദി തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രവീണ്‍ തൊഗാഡിയ രംഗത്തു വന്നിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത് പൊലീസുകാരുമായി ഗൂഢാലോചന നടത്തി തന്നെ കൊലപ്പെടുത്താനാണ് മോദിയുടെ ശ്രമമെന്നായിരുന്നു തൊഗാഡിയയുടെ ആരോപണം. നേരത്തെ, മോദിയും തൊഗാഡിയയും നല്ലബന്ധത്തിലായിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയായതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. ഇതേതുടര്‍ന്നാണ് തൊഗാഡിയ, മോദിക്കെതിരേ ആരോപണമുന്നയിച്ചു രംഗത്തുവന്നത്. ഒടുവില്‍ മോദിയുടെ അപ്രീതിക്ക് പാത്രമായി തൊഗാഡിയയ്ക്ക് വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനവും നഷ്ടമായിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more