യുനൈറ്റഡ് നേഷൻസ്: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണകൂടം സ്ത്രീകളെ അടിച്ചമർത്തുന്നത് ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി അടിയന്തരയോഗം ചേർന്നു. സ്ത്രീകൾ പൊതുയിടങ്ങളിൽ പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കൽ നിർബന്ധമാക്കി അടുത്തിടെ താലിബാൻ ഉത്തരവിറക്കിയിരുന്നു. അതുപോലെ ആറാംക്ലാസിനു മുകളിൽ പെൺകുട്ടികൾ പഠിക്കുന്നതും വിലക്കി.
സ്ത്രീകൾ ജോലിചെയ്യുന്നതു വിലക്കിയ താലിബാൻ പുറത്തിറങ്ങുന്നത് പുരുഷനായ ബന്ധുവിനൊപ്പമേ ആകാവൂ എന്നും ഉത്തരവിട്ടിരുന്നു. അതുപോലെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒന്നിച്ച് പൊതുപാർക്കുകളിലും പ്രവേശനമില്ല. രാജ്യത്തെ സാമ്പത്തിക-മാനുഷിക ദുരിതങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനുപകരം സ്ത്രീകളെയും പെൺകുട്ടികളെയും അടിച്ചമർത്താനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് നോർവീജിയൻ ഡെപ്യൂട്ടി യു.എൻ അംബാസഡർ ട്രൈൻ ഹീമർബാക് മാധ്യമങ്ങളോട് പറഞ്ഞു.
20 വര്‍ഷമായി സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ജോലി, സ്വന്തം ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുക എന്നിവക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഒപ്പം, വളരുന്ന സാംസ്‌കാരിക അന്തരീക്ഷത്തിന്റെ ഭാഗമാകാനും അവകാശമുണ്ട്. താലിബാന്‍ അധികാരത്തിലെത്തുന്നതിനുമുമ്പ് അഫ്ഗാനിലെ സ്‌കൂളുകളില്‍ 36 ലക്ഷം പെണ്‍കുട്ടികളുണ്ടായിരുന്നു. നിയമസഭയിലും സ്ത്രീപ്രാതിനിധ്യം നിലനിന്നിരുന്നു. താലിബാന്‍ ഇതിനെയെല്ലാം തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്’ -ബ്രിട്ടന്റെ യു.എന്‍ അംബാസഡര്‍ ബാര്‍ബറ വുഡ്‌വാര്‍ഡ് പറഞ്ഞു.
click on malayalam character to switch languages