1 GBP = 104.23
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ എക്യുമെനിക്കൽ വൈദിക സമ്മേളനം നടത്തി

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ എക്യുമെനിക്കൽ വൈദിക സമ്മേളനം നടത്തി

ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്രൈസ്തവ ഐക്യത്തിനും വിശ്വാസത്തിനും നീതിക്കും വേണ്ടിയുള്ള കമ്മീഷന്റെ (Commission for Christian Unity Faith and Justice) നേതൃത്വത്തിൽ യുകെയിലുള്ള വിവിധ ക്രൈസ്തവ സഭകളിലെ വൈദികരുടെ സമ്മേളനം ഫെബ്രുവരി മൂന്നാം തീയതി വ്യാഴാഴ്ച 11 മണിക്ക് ഓൺലൈനായി സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുകയുണ്ടായി. കമ്മീഷൻ ചെയർമാൻ ഫാദർ ബിനു കിഴക്കേ ഇളംതോട്ടം സി എം എഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ തുടർന്ന്, കമ്മീഷൻ്റെ ചുമതലയുള്ള വികാരി ജെനറാൾ മോൺ. ജിനോ അരിക്കാട്ട് എം .സി. ബി .എസ് . എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പ്രാർത്ഥനാ മധ്യേ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ഗ്രന്ഥം വായിച്ച് സന്ദേശം നൽകി. ദൈവം പ്രകാശം ആണന്നും ആ പ്രകാശത്താൽ എല്ലാവരും നയിക്കപ്പെടണമെന്നും ആ പ്രകാശത്തിൽ എല്ലാവരും ഒന്നാകണമെന്നും ആ പ്രകാശത്തിലേക്കുള്ള യാത്രയാണ് എക്യുമെനിസം എന്നും മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു. പല കാര്യങ്ങളെ കുറിച്ച് വ്യഗ്രചിത്തരാകാതെ ഒന്നിൽ (ദൈവത്തിൽ) മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു മുന്നേറുകയാണ് വേണ്ടതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ സീറോ-മലബാർ സഭയുടെ, സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറി റവ. ഡോക്ടർ ചെറിയാൻ കറുകപ്പറമ്പിൽ ആശംസകൾ അർപ്പിച്ചു. പൂജ രാജാക്കന്മാർ ബദ്ലഹേമിൽ ഉണ്ണീശോയെ ദർശിച്ചതിനുശേഷം ദൈവദൂതൻ അറിയിച്ചതനുസരിച്ച് മറ്റൊരു വഴിയെ നടന്നതുപോലെ ക്രൈസ്തവ ഐക്യത്തിനായി നാം ദൈവിക സ്വരം ശ്രവിച്ച് പുതിയതും വ്യത്യസ്തവും ക്രിയാത്മകവുമായ സുരക്ഷിത വഴികൾ ഈ ദേശത്ത് ഈ കാലഘട്ടത്തിൽ കണ്ടെത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കാർഡിനൽ ഹെൻട്രി ന്യൂമാന്റെ ‘വെളിച്ചമേ നയിച്ചാലും’ എന്ന ഗാനത്തിന്റെ സാരാംശം ഉൾക്കൊണ്ടുകൊണ്ട് നാം പ്രകാശത്തെ ഭയപ്പെടുകയല്ല മറിച്ച് പ്രകാശത്തിൽ ആയിരുന്നുകൊണ്ട് നാം ആയിരിക്കുന്ന പ്രദേശത്തെ ഇരുളിനെ നീക്കാനായി ഒരേ ലക്ഷ്യത്തോടുകൂടി ജീവിക്കുവാനും പ്രവർത്തിക്കുവാനും വിളിക്കപ്പെട്ടവരാണന്നും പൂജ രാജാക്കന്മാരെ പോലെ മൈലുകൾ താണ്ടിയുള്ള നമ്മുടെ ഈ ദേശത്തേക്കുള്ള യാത്ര അതിന് നമ്മെ സഹായിക്കണം എന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ചുണ്ടെലിക്കാട്ട് ഉദ്ബോധിപ്പിച്ചു.പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച 2023ലെ സിനഡിനോട് അനുബന്ധിച്ച് എല്ലാവരെയും കേൾക്കുക എന്ന ലക്ഷ്യത്തിൽ സഹോദരസഭയിലെ അംഗങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിന് രൂപത സിനഡൽ കമ്മീഷൻ കോഡിനേറ്റർ ഫാദർ ജോം കിഴക്കരകരോട്ട് നേതൃത്വം നൽകിയ സംവാദത്തിൽ എല്ലാ വൈദികരും ക്രിയാത്മകമായും ഉത്സാഹത്തോടെയും പങ്കുചേർന്നു.

യുകെയിൽ ശുശ്രൂഷ ചെയ്യുന്ന കത്തോലിക്കാ സഭയിലെ വിവിധ റീത്തുകളിലെ വൈദികർ, ഇന്ത്യൻ ഓർത്തഡോക്സ് സഭ, ക്നാനായ ഓർത്തഡോക്സ് സിറിയൻ സഭ, സിറിയൻ യാക്കോബായ സഭ, ക്നാനായ സിറിയൻ യാക്കോബായ സഭ, മാർത്തോമ സഭ, സിഎസ്ഐ സഭ, ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്നീ സഹോദര സഭകളിലെ വൈദിക പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ സമാപനത്തിൽ കമ്മീഷനംഗം റോബിൻ ജോസ് പുൽപ്പറമ്പിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
കമ്മീഷൻ സെക്രെട്ടറി ജോസ് ടി. ഫ്രാൻസിസ്, അംഗങ്ങളായ ഷാജു തോമസ്, ടോമി പാറക്കൽ, ടോമിച്ചൻ വെള്ളപ്ലാമുറി ബിജു തോമസ്, ബേസിൽ ജോസഫ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more