1 GBP = 104.15
breaking news

സിലിക്കൺ വാലി ബാങ്ക് തകർന്നു; 2008നു ശേഷമുള്ള വലിയ തകർച്ച

സിലിക്കൺ വാലി ബാങ്ക് തകർന്നു; 2008നു ശേഷമുള്ള വലിയ തകർച്ച

ന്യൂയോർക്: അമേരിക്കയിലെ സിലിക്കൺ വാലി ബാങ്ക് തകർന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ ബാങ്ക് തകർച്ചയാണിത്. ബാങ്ക് പൂട്ടിയതോടെ ഉപഭോക്താക്കളുടെ 175 ബില്യൺ ഡോളർ നിക്ഷേപം ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷന്റെ (എഫ്.ഡി.ഐ.സി) നിയന്ത്രണത്തിലായി.

200 കോടി ഡോളറിന്റെ നഷ്ടമാണ് ബാങ്കിനുണ്ടായത്. നാഷനൽ ബാങ്ക് ഓഫ് സാന്റ ക്ലാര എന്ന പേരിൽ എഫ്.ഡി.ഐ.സി പുതിയ ബാങ്ക് ആരംഭിച്ച് സിലിക്കൺ വാലി ബാങ്കിന്റെ ആസ്തി ഇതിലേക്ക് മാറ്റി. പുതിയ ബാങ്ക് തിങ്കളാഴ്ച തുറക്കും. 

യു.എസ് ബോണ്ടുകളിൽ സിലിക്കൺ വാലി വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ ഫെഡറൽ റിസർവ് കഴിഞ്ഞ വർഷം മുതൽ പലിശ നിരക്ക് ഉയർത്തിയതോടെ ബോണ്ടുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. പൂട്ടുന്നതിന്റെ തലേ ദിവസങ്ങളിൽ ബാങ്കിൽനിന്ന് നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെട്ടു. ഓഹരിമൂല്യവും കുത്തനെ ഇടിഞ്ഞു. 

തുടർന്ന് ബാങ്ക് പൂട്ടിയതായി ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നു. മൂന്നു ട്രില്യണിലേറെ ആസ്തിയുള്ള ജെ.പി മോർഗനുമായും മറ്റു പ്രമുഖ ബാങ്കുകളുമായും താരതമ്യം ചെയ്യുമ്പോൾ സിലിക്കൺ വാലി ബാങ്ക് ചെറുതാണ്. എന്നാൽ, ഇതിന്റെ തകർച്ച സാമ്പത്തിക രംഗത്ത് പ്രതിഫലനം സൃഷ്ടിക്കും. വാർത്ത പുറത്തുവന്ന ശേഷം ബാങ്കിങ് ഓഹരിയിൽ വിൽപന സമ്മർദമുണ്ടായി. യു.എസിലെ ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക്, സിഗ്നേച്ചർ ബാങ്ക് എന്നിവയുടെ ഓഹരിമൂല്യം 20 ശതമാനം ഇടിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more