1 GBP =
breaking news

ശ്രീനാരായഗുരു സമാധി വിപുലമായ പരിപാടികളോടെ സേവനം യുകെ ആചരിക്കുന്നു സ്വജീവിതത്തില്‍ ദര്‍ശനങ്ങള്‍ പകര്‍ത്താം, മുന്നോട്ട് നയിക്കാം ആ പ്രകാശത്തെ…

ശ്രീനാരായഗുരു സമാധി വിപുലമായ പരിപാടികളോടെ സേവനം യുകെ ആചരിക്കുന്നു  സ്വജീവിതത്തില്‍ ദര്‍ശനങ്ങള്‍ പകര്‍ത്താം, മുന്നോട്ട് നയിക്കാം ആ പ്രകാശത്തെ…

ഇന്ന് ശ്രീനാരായണ ഗുരു സമാധി.ശ്രീനാരായണ ഗുരുവിന്റെ 89ാമത് സമാധി ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ തീരുമാനിച്ചു.അതിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും പ്രത്യേക പ്രാര്‍ത്ഥനയും അന്നദാന വിതരണവും ഉണ്ടായിരിക്കും.വിപുലമായ പരിപാടികളോടെയാണ് ഇക്കുറിയും സേവനം യുകെ സമാധി ദിനം ആചരിക്കുന്നത്.സേവനം യുകെയ്ക്ക് വേണ്ടി പരിപാടികള്‍ ചിട്ടയോടെ നടത്താനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍ അറിയിച്ചു.ലോകത്തിന്റെ ആദ്ധ്യാത്മിക സ്വത്തായ ശ്രീനാരായണഗുരുദേവന്റെ സമാധിദിനമാണ് ഇന്ന് ആചരിക്കുന്നത്.
മലയാള മാസം കന്നി 5 ഒരു സുപ്രധാന ദിനമാണ്. സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നതില്‍ ഉപരിയായി ജാതിക്കും മതത്തിനും അതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന് ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനമാണ് മലയാള മാസത്തിലെ കന്നി 5. 1928 സെപ്റ്റംബര്‍ 2?1?നായിരുന്നു 73 വര്‍ഷക്കാലത്തെ സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണത്. ഒരര്‍ത്ഥത്തില്‍ ഇഹലോകത്തെ ഭൗതീകമായ ജീവിതത്തിന് മാത്രമാണ് അവസാനമുണ്ടായത്, അദ്ദേഹത്തിന്റെ തത്വങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ നാം ഓരോരുത്തരും ശ്രീനാരായണ ഗുരുദേവന്റെ പിന്‍ഗാമികളായി മാറുകയാണ്, അതല്ലെങ്കില്‍ നമുക്കുള്ളില്‍ അദ്ദേഹം ജീവിക്കുകയാണ്.


തിരുവനന്തപുരത്തിന്റെ പരിസരപ്രദേശമായ ചെമ്പഴന്തിയില്‍ മദന്‍ ആശാന്റെയും, കുട്ടിയമ്മയുടെയും മകനായി 1854ലാണ് നാരായണ ഗുരു പിറക്കുന്നത്. അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ചെമ്പഴന്തി ഭരിക്കുന്ന രാജാവിന് എതിരായി പടപൊരുതിയ ചെറുരാജ്യമായിരുന്നു. സമ്പത്തുള്ള ആളായിരുന്നില്ലെങ്കിലും സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിച്ചിരുന്ന പുരോഗമനപരമായ നിലപാടായിരുന്നു പിതാവായ മദന്‍ ആശാന്. നാണു എന്നു പേരായ ആ മകന്‍ സംസ്‌കൃതം ഉള്‍പ്പെടെയുള്ള ഭാഷകള്‍ പഠിച്ച് നാരായണ ഗുരുവായി. പിന്നീട് കേരളത്തിന്റെ, ഭാരതത്തിന്റെ ഒരുപക്ഷെ ലോകത്ത് ജീവിച്ചിരുന്ന ശ്രേഷ്ഠവ്യക്തിത്വങ്ങളും വ്യത്യസ്തനായി മാറി.
30ാം വയസ്സിലാണ് മരുത്വാമലയില്‍ നിന്നും അരുവിപ്പുറത്തേക്കുള്ള ആ ചുവടുവെയ്പ്പ് ശ്രീനാരായണ ഗുരുദേവന്‍ നടത്തിയത്. പിന്നീട് അരുവിപ്പുറത്ത് നിന്നും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിലനിന്നിരുന്ന ജാതിമത വേര്‍തിരിവുകളെ വേരോടെ പിഴുതെറിയാന്‍ പര്യാപ്തമായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാനും ജാതിയും, മതവുമല്ല അവനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമെന്നും ഗുരുദേവന്‍ പ്രഖ്യാപിച്ചിരുന്നു. പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തില്‍ തന്നെ ചിലര്‍ ഒരു ജാതിയുടെ സ്വത്തായി മാറ്റുന്നുവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം സ്വയം ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.
സെപ്റ്റംബര്‍ 21ന് ശ്രീനാരായണ ഗുരുദേവന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ കേവലം ചടങ്ങുകളല്ല യഥാര്‍ത്ഥത്തില്‍ സമൂഹം ആവശ്യപ്പെടുന്നത്. ഇങ്ങനെ ഒരാള്‍ ജീവിച്ചിരുന്ന എന്ന് ഇന്നത്തെ യുവതലമുറ കേട്ടാല്‍ ഒരുപക്ഷെ അമ്പരന്നേക്കാം. അത്രയും ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ പാഠങ്ങള്‍ പുതുതലമുറയ്ക്ക് കൂടി പകര്‍ന്നുനല്‍കുകയാണ് സമാധി ദിനത്തില്‍ ചെയ്യേണ്ട പ്രധാന കര്‍ത്തവ്യം. ഗുരുദേവന്റെ വാക്കുകള്‍ ജീവിതത്തെ മികച്ചതാക്കാനും, സമൂഹത്തില്‍ സമാധാനം വളര്‍ത്താനും എത്രത്തോളം ആവശ്യമാണെന്ന് സ്വയം മനസ്സിലാക്കിയ ശേഷമാകണം ഈ പകര്‍ന്നുനല്‍കല്‍ ഏറ്റെടുക്കാന്‍. ചെറുപ്പക്കാരനായ ആ സന്ന്യാസിയുടെ രീതികളില്‍ ആകൃഷ്ടനായി ആദ്യത്തെ ശിഷ്യനായത് നായര്‍ സമുദായത്തില്‍ നിന്നുമുള്ള കൊച്ചപ്പി പിള്ളയെന്ന യുവാവായിരുന്നു. മഹാത്മാ ഗാന്ധിക്കൊപ്പം പ്രവര്‍ത്തിച്ച അനന്ത ഷേണായിയാണ് അവസാനത്തെ ശിഷ്യനായത്. നാരായണ ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ തിരിച്ചറിഞ്ഞാണ് അദ്ദേഹം ആനന്തതീര്‍ത്ഥ സ്വാമികളായത്. അതുകൊണ്ട് ഒരു ജാതിയുടെ സ്വത്തല്ല നാരായണ ഗുരുവെന്ന തിരിച്ചറിവും, മറിച്ചുള്ള പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കുകയുമാണ് വേണ്ടത്.

കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി ഒരു സമൂഹത്തെ നാരായണ ഗുരു എങ്ങിനെ മാറ്റിമറിച്ചു എന്ന് ലോകം തിരിച്ചറിയണം. ‘ജ്ഞാനമാകുന്ന അഗ്നിയില്‍ ദഹിപ്പിച്ച് ലോകത്തിന്റെ ഹിതത്തിനായി കര്‍മ്മങ്ങള്‍ ചെയ്യുകയാണ്’ വേണ്ടതെന്ന് പറഞ്ഞ ഗുരുവിന്റെ വാക്കുകളാണ് ഈ സമയത്ത് ഏവരും ഓര്‍മ്മിക്കേണ്ടത്. ഏതെങ്കിലും ജാതിയുടെയോ, മതത്തിന്റെയോ അതിര്‍ത്തികളില്‍ ഒതുങ്ങാത്ത മഹാശ്രേഷ്ഠനായി നാരായണ ഗുരു ഇന്നും നമുക്കിടയില്‍, മനസ്സുകളില്‍ ഉണ്ട്. അത് വരുംതലമുറയ്ക്ക് പകര്‍ന്നുനല്‍കുകയാണ് ഏറ്റെടുക്കേണ്ട ദൗത്യം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more