1 GBP = 95.08
breaking news

‘ശാലോം വേൾഡ് പ്രയർ’ ചാനൽ ഇന്ന്‌ മുതൽ

‘ശാലോം വേൾഡ് പ്രയർ’ ചാനൽ ഇന്ന്‌ മുതൽ

മക്അലൻ: തിരുസഭയ്ക്കും ലോക ജനതയ്ക്കുംവേണ്ടി ദിനരാത്ര ഭേദമില്ലാതെ പ്രാർത്ഥനകൾ ഉയർത്താൻ 24 മണിക്കൂറും തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കുന്ന ‘ശാലോം വേൾഡ് പ്രയർ’ (SW PRAYER) ചാനൽ ഇന്ന് (സെപ്തംബർ 14) മുതൽ വിശ്വാസികളിലേക്ക്. വിവിധ ദൈവാലയങ്ങളിലെ ശുശ്രൂഷകൾ തത്‌സമയം ലഭ്യമാക്കുന്നതിൽനിന്ന് വ്യത്യസ്ഥമായി, ‘ശാലോം വേൾഡ് പ്രയറി’നുവേണ്ടി പ്രത്യേകം അർപ്പിക്കുന്ന ശുശ്രൂഷകൾ ലഭ്യമാക്കുന്നു എന്നതാവും പുതിയ ചാനലിന്റെ സവിശേഷത. അമേരിക്കയിലെ മക്അലനിൽനിന്ന് സംപ്രേഷണം ചെയ്യുന്ന ‘ശാലോം വേൾഡ്’ ഇംഗ്ലീഷ് ചാനലിന്റെ നാലാമത്തെ ചാനലാണ് ‘ശാലോം വേൾഡ് പ്രയർ’.

ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, കരുണക്കൊന്ത, പരിശുദ്ധ അമ്മയുടെ ജപമാല, നൊവേനകൾ, യാമപ്രാർത്ഥനകൾ തുടങ്ങിയവ തത്‌സമയം ലഭ്യമാക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാവും തിരുക്കർമങ്ങൾ ക്രമീകരിക്കുക. കൊറോണാ വ്യാപനംമൂലം ദൈവാലയത്തിലെത്തി ദിവ്യബലിയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ദിവ്യബലി അർപ്പണത്തിന്റെ തത്‌സമയ സംപ്രേഷണം 24 മണിക്കൂറും ലോകമെങ്ങും ലഭ്യമാക്കാൻ ആരംഭിച്ച ‘ലൈവ് ഡെയ്‌ലി മാസ്’ ചാനലാണ് ‘ശാലോം വേൾഡ് പ്രയർ’ ചാനലിന് പ്രചോദനമായത്. അനുദിന ദിവ്യബലിയിലെ പങ്കാളിത്തം മുടങ്ങാതിരിക്കാൻ സഹായിച്ച ‘ലൈവ് ഡെയ്‌ലി മാസ്’ ചാനലിന് വലിയ സ്വീകാര്യതയാണ് ലോകവ്യാപകമായി ലഭിച്ചത്.
കൊറോണാ വ്യാപനം ശമിച്ചാലും പ്രായമായവർക്ക് ദൈവാലയങ്ങളിൽ പ്രവേശനാനുമതി ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ ഈ ചാനൽ സഹായകമാകും. നാലു മണിക്കൂറിനിടയിൽ ഒരു ദിവ്യബലി അർപ്പണം ഉറപ്പാക്കുംവിധമാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. നിരവധി രാജ്യങ്ങളിലെ വൈദികരും ദൈവാലയ- ആശ്രമ അധികാരികളും ഇതിനായി സന്നദ്ധത അറിയിച്ചുകഴിഞ്ഞു. വിശ്വാസീസമൂഹം കൈമാറുന്ന പ്രാർത്ഥനാ ആവശ്യങ്ങളും കൃതജ്ഞതാർപ്പണങ്ങളും പ്രത്യേക നിയോഗമായി സമർപ്പിച്ചാവും തിരുക്കർമങ്ങൾ അർപ്പിക്കപ്പെടുക.

മൂന്ന് റീജ്യണുകളിലായാണ് (അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ) ചാനൽ ലോഞ്ചിംഗ് ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ ലോഞ്ചിംഗ് സെപ്തംബർ 14ന് രാവിലെ 11.30 (CST)നും യൂറോപ്പിലെ ലോഞ്ചിംഗ് വൈകിട്ട് 4.30 (BST)നും നടക്കും. സെപ്തംബർ 17 രാവിലെ 9.15 (AEST) നാണ് ഓസ്‌ട്രേലിയയിലെ ലോഞ്ചിംഗ്. ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് (Patron, Shalom Media, USA) അമേരിക്കയിലെ ലോഞ്ചിംഗ് നിർവഹിക്കും. നോർത്ത് അമേരിക്കയിലെ സീറോ മലങ്കര ബിഷപ്പ് ഡോ. ഫിലിപ്പോസ് മാർ സ്‌തെഫാനോസ് (Patron, Shalom Media, USA), ബ്രൗൺസ്‌വിൽ രൂപതാ സഹായമെത്രാൻ മരിയോ അവിലെസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.
കിൽഡെയർ- ലേഗ്‌ലിൻ രൂപതാ ബിഷപ്പ് ഡെന്നിസ് നൾട്ടി (Patron, Shalom Media, Ireland) യൂറോപ്പിലെ ലോഞ്ചിംഗ് നിർവഹിക്കും. ഹാലാം രൂപതാ ബിഷപ്പ് റാൽഫ് ഹെസ്‌കെറ്റ് (Patron, Shalom Media, UK), യൂറോപ്പിലെ സീറോ മലബാർ വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഹൊബാർട്- ടസ്മാനിയ രൂപതാ ബിഷപ്പ് ജൂലിയൻ പോർട്ടിയസാണ് (Patron, Shalom Media, Australia) ഓസ്ട്രലിയയിലെ ലോഞ്ചിംഗ് നിർവഹിക്കന്നത്. മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ (Patron, Shalom Media, Australia)  അനുഗ്രഹപ്രഭാഷണം നടത്തും.
ജോൺ പോൾ രണ്ടാമൻ പാപ്പ, ജോൺ 23-ാമൻ പാപ്പ എന്നിവരെ വിശുദ്ധഗണത്തിലേക്ക് ഉയർത്തിയ തിരുക്കർമങ്ങൾ വത്തിക്കാനിൽനിന്ന് തൽസമയം ലഭ്യമാക്കി 2014 ഏപ്രിൽ 27നാണ് ‘ശാലോം വേൾഡ്’ പിറവിയെടുത്തത്. അദ്യഘട്ടത്തിൽ അമേരിക്കയിലും കാനഡയിലുംമാത്രം ലഭ്യമായിരുന്ന ‘ശാലോം വേൾഡ്’ ചുരുങ്ങിയ നാളുകൾക്കുള്ളിൽ മൂന്ന് ചാനലുകളായി വളർന്നു. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങൾക്കായി പ്രത്യേകം രൂപം കൊടുത്ത ചാനലുകളിലൂടെ 145പ്പരം രാജ്യങ്ങളിലെ 1.5 ബില്യൺ ജനങ്ങളിലേക്കാണ് ‘ശാലോം വേൾഡ്’ എത്തുന്നത്.

ഏറ്റവും പുതിയ ഡിജിറ്റൽ മീഡിയാ പ്ലയറുകളായ ആപ്പിൾ ടി.വി, ആമസോൺ ഫയർ, റോക്കു, എച്ച് ബോക്‌സ് തുടങ്ങിയവയ്‌ക്കൊപ്പം ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടി.വികളിലും പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ‘ശാലോം വേൾഡ്’ ചാനലുകൾ തികച്ചും സൗജന്യമായി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: swprayer.org(Biju Neendoor)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more