1 GBP = 104.13
breaking news

സീറോ മലങ്കര യു കെ കോർഡിനേറ്റർ റവ. ഫാ. തോമസ് മടുക്കുമ്മൂട്ടിലിനു സ്നേഹനിർഭരമായ യാത്രയയപ്പ്…

സീറോ മലങ്കര യു കെ കോർഡിനേറ്റർ റവ. ഫാ. തോമസ് മടുക്കുമ്മൂട്ടിലിനു സ്നേഹനിർഭരമായ യാത്രയയപ്പ്…

സീറോ മലങ്കര കത്തോലിക്കാ സഭാ യുകെ കോർഡിനേറ്റർ ആയ ഫാ. തോമസ് മടുക്കുമ്മൂട്ടിൽ ഒൻപത് വർഷത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മാതൃരൂപതയായ ബത്തേരിയിലേക്ക് മടങ്ങുന്നു. 2012 ജൂണിലാണ് ഫാ. തോമസ് യുകെയിലെ മലങ്കര കത്തോലിക്കാ റീജിയനിലേക്ക് ശുശ്രൂഷക്കായി നിയമിതനാവുന്നത്. ഷെഫീൽഡിലെ സെന്റ് മേരീസ്‌ കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരിയായി സേവനമാരംഭിച്ച ഫാ. തോമസ് പിന്നീട് മാഞ്ചസ്റ്ററിലെ വിതിൻഷോയിലുള്ള സെന്റ് ആന്റണീസ്, ഹെയ്നൽട്ടിലെ അസംപ്ഷൻ, ഇൽഫോഡിലെ സെന്റ്ജോൺ ദി ബാപ്റ്റിസ് റ്റ് എന്നീ ലാറ്റിൻ ദൈവാലയങ്ങളിലും ശുശ്രൂഷ ചെയ്തു. ഇതേ സമയം തന്നെ മാഞ്ചസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ്, നോട്ടിങ്ങ്ഹാം, കവൻട്രി, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റർ, ആഷ്ഫോർഡ്, ക്രോയ്ഡൺ, ഈസ്റ്റ്‌ ലണ്ടൻ, ലൂട്ടൺ, വെസ്റ്റ് ലണ്ടൻ, സൗത്താംപ്റ്റൺഎന്നീ മലങ്കര മിഷനുകളുടെ ചാപ്ലൈനുമായിരുന്നു.

ഏഴു വർഷത്തെ തീക്ഷ്‌ണമായ സേവനത്തിനു ശേഷം ഫാ. ഡാനിയേൽ കുളങ്ങര 2016-ൽ നാട്ടിലേക്കു മടങ്ങിയപ്പോൾ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് ബാവായ്ക്ക് അതിനോടകം തന്നെ സൗമ്യമായ പെരുമാറ്റം കൊണ്ടും അർജവത്വമുള്ള  പ്രവർത്തനശൈലി കൊണ്ടും ശക്തമായ നേതൃപാടവം കൊണ്ടുമെല്ലാം എല്ലാവരുടെയും ശ്രദ്ധയാർജ്ജിച്ചിരുന്ന ഫാ. തോമസ് മടുക്കുമ്മൂട്ടിലിനെ യുകെയിലും നോർത്തേൺ അയർലണ്ടിലുമായി വ്യാപിച്ചു കിടക്കുന്ന മലങ്കര കത്തോലിക്കാ റീജിയന്റെ റീജിയന്റെ അമരക്കാരനായിനിയമിക്കാൻ രണ്ടാമതോന്നാലോചിക്കേണ്ടി വന്നില്ല. 
കോർഡിനേറ്റർ ആയുള്ള തന്റെ നിയമനം പൂർണമായും ശരി വയ്ക്കുന്നതായിരുന്നു 2017 ജനുവരി മുതൽ കഴിഞ്ഞ നാലു വർഷങ്ങളായുള്ള അച്ചൻ്റെ  പ്രവർത്തനങ്ങൾ. നോർത്താംപ്റ്റൺ, ഇപ്സ്വിച്, അബർഡീൻ, കാർഡിഫ് എന്നിവിടങ്ങളിൽ പുതിയ മലങ്കര സഭാ മിഷനുകൾ അദ്ധേഹം ആരംഭിച്ചു. യുകെയിലെ മലങ്കര സഭയുടെ സുപ്രധാന സംഗമമാണ് രണ്ടു വർഷം കൂടുമ്പോൾ നടത്തപ്പെടുന്ന നാഷണൽ കൺവെൻഷനുകൾ.  സഭാതലത്തിൽ ഏറെ ശ്രദ്ധ നേടിയ, 2015-ൽ ഷെഫീൽഡിൽ നടന്ന  കൺവെൻഷന്റെ വിജയത്തിന് പിന്നിൽ ഫാ. തോമസിന്റെ സംഘാടന മികവായിരുന്നു. അദ്ധേഹം കോർഡിനേറ്റർ ആയ ശേഷം ലിവർപൂൾ, വോൾവർഹാംപ്റ്റൺ എന്നിവിടങ്ങളിൽ വച്ചു നടത്തപ്പെട്ട കൺവെൻഷനുകളും വൻവിജയങ്ങളായിരുന്നു.

യുവജനങ്ങളാണ് സഭയുടെ യഥാർത്ഥ ശക്തി എന്ന ബോധ്യമുണ്ടായിരുന്ന ഫാ. തോമസ് മലങ്കര മിഷനുകളിലെ യുവജനങ്ങളെ വിശ്വാസധാരയിൽ നിലനിർത്താൻ നിതാന്ത ജാഗ്രത പുലർത്തി. യുകെയിൽ ആദ്യമായി ഒരു മലങ്കര യുവജന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നത് ഫാ. തോമസിന്റെ ശുശ്രൂഷാ കാലയളവിലാണ്. ട്രെയിനിങ് പ്രോഗ്രാമുകൾ, ധ്യാനങ്ങൾ, കലാപരിപാടികൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ യുവജനങ്ങൾക്ക് ശക്തമായ മാർഗം ദർശനം  നൽകാൻ അദ്ദേഹത്തിന് സാധിച്ചു.

കാലഘട്ടത്തിന്റെ ചുവരെഴുത്തുക്കൾക്കനുസൃതമായി ദൈവജനത്തിന് ആത്മീയനേതൃത്വം നൽകിയ ഉത്തമ ഇടയനായിരുന്നു ഫാ. തോമസ് എന്നതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ വർഷം രൂപീകൃതമായ ഇരുപത് പേരടങ്ങുന്ന സുവിശേഷസംഘം.  പ്രത്യേക പരിശീലനം നേടി, സഭാ തലവന്റെ കൈ വയ്പ്പ് വഴി സഭാ ശുശ്രൂഷകളെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിനും സുവിശേഷ ദർശനങ്ങൾക്കനുസൃതമായി ജീവിതം നയിക്കാനുമുള്ള നവനിയോഗം സ്വീകരിക്കുന്ന സുവിശേഷസംഘ അംഗങ്ങൾ മലങ്കര കത്തോലിക്കാ സഭയുടെ ആത്മീയ ചൈതന്യത്തിന്റെ നവദൃഷ്ടാന്തമാണ്. ഇന്ത്യക്ക് പുറത്തുള്ള ആദ്യ സുവിശേഷസംഘമാണ് യുകെയിലേത്.

ഫാ. തോമസിന്റെ നേതൃ പാടവത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മകുടോദാഹരണമാണ്  മലങ്കര റീജിയന്റെ ചാരിറ്റി രെജിസ്ട്രേഷൻ. അനേക കാലത്തെ ആശ്രാന്ത പരിശ്രമത്തിന്റെ  ഫലമായിരുന്നു 2019 പൂർത്തിയായ ചാരിറ്റി രെജിസ്ട്രേഷൻ.
മാർത്തോമാ ശ്ലീഹായുടെ അപ്പസ്തോലിക പൈതൃകവും അന്ത്യോക്യൻ ആരാധനക്രമത്തിന്റെ സന്യാസചൈതന്യവും ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ പുനരൈക്യ ദർശനവും ഒത്തിണങ്ങിയ മലങ്കര കത്തോലിക്കാ സഭയുടെ അതിശക്തമായി വിശ്വാസപാരമ്പര്യം,യുകെയിലെ തികച്ചു വ്യത്യസ്തമായ സാഹചര്യങ്ങളിൽ വളരുന്ന പുതുതലമുറയ്ക്ക് ജാഗ്രതയോടെ പകർന്നു നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഫാ. തോമസ് ബോധവാനായിരുന്നു. അതു കൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനം കുറ്റമറ്റ രീതിയിൽ നടത്തപ്പെടുവാൻ അദ്ധേഹം നിരന്തരം പരിശ്രമിച്ചു. ലോകം മുഴുവനെയും ഒരു വർഷത്തിലേറെയായി പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്ന കോവിഡ് കാലഘട്ടത്തിലെ പരിമിതികൾക്കിടയിലും 2020 മെയ് മാസം യുകെയിലെ കുട്ടികൾക്കായി ക്രമീകരിച്ച അവധിക്കാല ഓൺലൈൻ ക്ലാസ്സ്, ബിബ്ലിയ വിശ്വാസപരിശീലനത്തിന് അദ്ധേഹം നൽകുന്ന പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു.

ദൈവജനത്തിന്റെ ആത്മീയ ഉന്നതിക്കും ഐക്യത്തിനും വൈദീകരുടെ ശുശ്രൂഷ  അനിവാര്യമാണ് എന്നറിയാമായിരുന്ന ഫാ. തോമസിന്റെ നിരന്തര പരിശ്രമഫലമായി ചുരുങ്ങിയ കാലയളവിൽ നാലു വൈദീകർ കൂടി യുകെയിലെ മിഷനുകളിൽ എത്തി. യുകെയിലെ വിവിധ എക്യൂമെനിക്കൽ വേദികളിലും ആത്മീയ പ്രഭാഷണ വേദികളും സജീവ സാന്നിധ്യമായിരുന്ന ഫാ. തോമസ് നല്ലൊരു വാഗ്മിയും ഗ്രന്ഥ രചയിതാവ് കൂടിയാണ്.

മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് ബാവായുടെ നിർദ്ദേശം പ്രകാരം പുതിയ നിയോഗം ഏറ്റെടുക്കാനായി മാതൃരൂപതയായ ബത്തേരിയിലേക്ക് മടങ്ങി പോകുന്ന തങ്ങളുടെ പ്രിയപ്പെട്ട തോമസ് അച്ചന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകാൻ ഒരുങ്ങുകയാണ് യുകെയിലെ മലങ്കര കത്തോലിക്കാ സഭാസമൂഹം. കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച്‌ 20, ശനിയാഴ്ച ഓൺലൈൻ ആയാണ് യാത്ര അയപ്പ് ഒരുക്കിയിരിക്കുന്നത്. പുതിയ കോർഡിനേറ്റർ ആയി നിയമിതനായിരിക്കുന്ന റവ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ സ്വീകരണവും ഇതോടൊപ്പം നടക്കും. രാവിലെ 9.30-ന് ഫാ. തോമസ് അർപ്പിക്കുന്ന കൃതഞ്ജതാബലി ലൈവ് ആയി യൂട്യൂബിൽ ലഭ്യമാണ്. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് ബാവാ, യുകെയിലെ അപ്പസ്‌റ്റോലിക് വിസിറ്റർ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ്, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തുടങ്ങിയ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും.

റവ.ഫാ.തോമസ് മടുക്കുമൂട്ടിലിന് യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, യുക്മ ചാരിറ്റി സെക്രട്ടറി വർഗീസ് ഡാനിയേൽ തുടങ്ങിയവർ സ്നേഹനിർഭരമായ യാത്രാമംഗളങ്ങളും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധത്തിലുമുള്ള നന്മകളും  നേർന്നു കൊള്ളുന്നു. യുക്മ ന്യൂസിൻ്റെയും യാത്രാമംഗളങ്ങൾ!!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more