1 GBP =
breaking news

സാമിനെ കൊല്ലാൻ ഭാര്യയും കാമുകനും പദ്ധതി തയ്യാറാക്കിയത് മൂന്ന് വർഷത്തെ ആസൂത്രണങ്ങൾക്കൊടുവിൽ; ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ…

സാമിനെ കൊല്ലാൻ ഭാര്യയും കാമുകനും പദ്ധതി തയ്യാറാക്കിയത് മൂന്ന് വർഷത്തെ ആസൂത്രണങ്ങൾക്കൊടുവിൽ; ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ…

മെല്‍ബണ്‍: മൂന്ന് വർഷക്കാലത്തെ ആസൂത്രങ്ങൾക്കൊടുവിലാണ് സാം എബ്രഹാമിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സാം എബ്രഹാം മരിച്ചെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആദ്യം കരുതിയത്. പിന്നീടാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഭാര്യ സോഫിയയെയും കാമുകന്‍ അരുണ്‍ കമലാസനനെയും പിന്തുടര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. ഉറങ്ങിക്കിടന്ന സാമിന്റെ വായിലേക്ക് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി ഒഴിച്ചുകൊടുത്താണ് കൊല നടത്തിയതെന്ന ഫോറന്‍സിക് വിദഗ്ധരുടെ നിരീക്ഷണമാണ് കോടതി അംഗീകരിച്ചത്. ഇക്കാര്യം സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് പൊലീസിനോട് അരുണ്‍ നടത്തിയത്.

എങ്ങനെയാണ് സാമിന്റെ വീട്ടില്‍ കടന്നതെന്ന കാര്യം ഉള്‍പ്പെടെ സ്‌കെച്ചായി വരച്ചുകാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അരുണ്‍ അതേക്കുറിച്ച് പറയുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിങ്ങും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ‘സാം കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി 10 മണി മുതല്‍ വെളുപ്പിന് 3.30 വരെ സാമിന്റെ വീടിന് പരിസരത്തെ കുറ്റിച്ചെടികള്‍ക്കിടയില്‍ താന്‍ മറഞ്ഞു നിന്നു. കാറില്‍ പുറത്തു പോയ സോഫിയ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കാറിനു പിന്നാലെ സോഫിയ അറിയാതെ ഗാരേജില്‍ പ്രവേശിച്ചു. അതിനുശേഷം അവോക്കാഡോ ഷെയ്ക്കില്‍ മയക്കി കിടത്താനുള്ള മരുന്നിടുകയും ഓറഞ്ചു ജ്യൂസില്‍ സയനൈഡ് കലര്‍ത്തി സാമിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുകയുമായിരുന്നു’ എന്നാണ് അരുണ്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും പൊലീസിനോട് കുറ്റസമ്മതം നടത്തിയ ഈ ഓഡിയോ ക്ലിപ്പായിരുന്നു പ്രധാന തെളിവായി കോടതി പരിഗണിച്ചത്.

അതേസമയം, പൊലീസിന് നല്‍കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. അതേസമയം വീട്ടില്‍ അവോക്കാഡോ ഷേക്ക് ഉണ്ടാക്കുമെന്ന കാര്യവും രാത്രി സോഫിയ പുറത്തുപോകുമെന്നതും അരുണ്‍ എങ്ങനെ അറിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചോദിച്ചത്.

സോഫിയ പറഞ്ഞാല്‍ മാത്രമേ ഇക്കാര്യങ്ങള്‍ അരുണ്‍ അറിയുകയുള്ളൂ എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മാത്രമല്ല, ബലപ്രയോഗമൊന്നും കൂടാതെ വീടിനുള്ളില്‍ അരുണിന് എങ്ങനെ കയറാന്‍ കഴിഞ്ഞുവെന്നും സാമിന്റെ വായിലേക്ക് വിഷം കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് ഒഴിച്ചുകൊടുക്കുമ്പോള്‍ ഒരേ കട്ടിലില്‍ കിടന്ന സോഫിയ എങ്ങനെ അറിയാതിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദത്തിനിടെ സംശയം ഉയര്‍ത്തി.

സാം എബ്രഹാമിനെ സയനൈഡ് നൽകി കൊന്ന കേസിൽ ഭാര്യ സോഫിക്ക് 22 വർഷവും കാമുകന് 27 വർഷവും തടവ്

താന്‍ ആരെയും കൊന്നിട്ടില്ലെന്നാണ് സോഫിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, പ്രോസിക്യൂഷന്റെ നിരീക്ഷണങ്ങളും സാഹചര്യത്തെളിവുകളാണ് സോഫിയയെ കുടുക്കിയത്. സോഫിയ അറിയാതെ കൊലപാതകം നടക്കില്ലെന്നും ഇതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള പ്രോസിക്യഷന്‍ വാദം കോടതി ശരിവെച്ചു. അരുണിന്റെയും സോഫിയയുടെയും ബന്ധം തെളിയിക്കുന്ന ഇരുവരുടെയും ഡയറികുറിപ്പുകളും നിര്‍ണായക തെളിവായി. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമുള്ള ഈ ഡയറിക്കുറിപ്പുകളില്‍ ഇരുവരും തമ്മിലുള്ള പ്രണയത്തെ സൂചിപ്പിക്കുന്ന നിരവധി വാചകങ്ങളും ഉണ്ടായിരുന്നു.

സാം മരിക്കുന്നതിന് മുന്‍പ് സോഫിയയും അരുണും കോമണ്‍വെല്‍ത്ത് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു. ഇത് പ്രതികള്‍ക്കെതിരെയുള്ള പ്രധാനപ്പെട്ട തെളിവായി പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാട്ടി. അരുണിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ സോഫിയ ഉപയോഗിച്ചിരുന്നതിന്റെയും തെളിവുകളും കോടതിയില്‍ പൊലീസ് ഹാജരാക്കിയിരുന്നു. ഇതിനു പുറമെ മരണമടഞ്ഞതിന് ശേഷം സാമിന്റെ പേരിലുള്ള കാര്‍ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും കോടതി പരിശോധിച്ചു.

സാം അബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് വിക്ടോറിയ കോടതി തടവ് വിധിച്ചത്.

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more