1 GBP = 104.15
breaking news

“അടങ്ങാത്ത അഭിനിവേശത്തിനൊപ്പം നിശ്ചയദാർഢ്യവും കൈകോർത്തപ്പോൾ ആഗ്രഹങ്ങൾ ചിറകു വിടർത്തുന്നു“; സജിയുടെ വിമാനങ്ങൾ ആകാശപ്പരപ്പിലെത്താൻ കടന്പകളേറെയുണ്ടെങ്കിലും പ്രതീക്ഷയോടെ തട്ടക്കുഴ ഗ്രാമവും കുടുംബവും

“അടങ്ങാത്ത അഭിനിവേശത്തിനൊപ്പം നിശ്ചയദാർഢ്യവും കൈകോർത്തപ്പോൾ ആഗ്രഹങ്ങൾ ചിറകു വിടർത്തുന്നു“; സജിയുടെ വിമാനങ്ങൾ ആകാശപ്പരപ്പിലെത്താൻ കടന്പകളേറെയുണ്ടെങ്കിലും പ്രതീക്ഷയോടെ തട്ടക്കുഴ ഗ്രാമവും കുടുംബവും

ബാബു മങ്കുഴിയിൽ

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലുള്ള മലയോരഗ്രാമമാണ് തട്ടക്കുഴ. അവിടെ അഴകനാല്‍ വീട്ടില്‍തോമസിന്റെയും മേരിയുടെയും രണ്ടാമത്തെ മകൻ ജന്മനാ മൂകനും ബധിരനുമായിരുന്നു. ക്ലാസ്സിൽ കയറാതെ സ്കൂളിന്റെ മോട്ടോർ പുരയിൽ കയറി യന്ത്രഭാഗങ്ങളഴിച്ച് അതിനുള്ളിലെന്താണെന്ന് കൗതുകത്തോടെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയെ അധ്യാപകർ പലപ്രാവശ്യം കണ്ടെത്തുകയും താക്കീതുചെയ്യുകയും ചെയ്തു. ഏഴാംക്ലാസ്സിനപ്പുറത്തേക്ക്‌ അവന്റെ പഠനം നീണ്ടില്ല. ഏഴാം ക്ലാസ്സിനപ്പുറത്തേക്ക്‌ അവന്റെ പഠനം നീണ്ടില്ല. അപ്പോഴും അവൻ സോപ്പുപെട്ടിയും പൗഡർ ടിന്നും കാർഡുബോർഡുമുപയോഗിച്ച് ബസ്സും കാറും പ്ളെയിനുമൊക്കെ നിർമിച്ചുകൊണ്ടേയിരുന്നു. പിന്നെ വഴിത്തിരിവുകൾ വരികയായി. തട്ടക്കുഴയിലെ റബ്ബർമരങ്ങൾക്കു തുരിശടിക്കാൻ ഗ്രാമത്തിനു മുകളിൽ ഹെലികോപ്ടർ വട്ടമിട്ടതു കണ്ടപ്പോൾ ആ വലിയ ചിറകുള്ള യന്ത്രപ്പക്ഷിയോട് സജിക്ക് പ്രണയംതോന്നി.
ഹെലികോപ്റ്ററിനെക്കുറിച്ചു ശബ്ദമില്ലാതെ വാചാലനാകുന്ന ആ കുട്ടിയെ അവര്‍ക്കും ഇഷ്ടപ്പെട്ടു. അന്ന് ആ ഹെലികോപ്റ്ററില്‍ രണ്ടു പ്രാവശ്യം ആകാശയാത്ര നടത്തിയാണ് സജി വീട്ടിലേക്കു പോയത്. മുംബൈയില്‍ നിന്നു വന്ന ആ പൈലറ്റുമാരുടെ വിലാസം ചോദിച്ചു വാങ്ങാനും സജി മറന്നില്ല. വിലാസം കുറിച്ചുകൊടുക്കുമ്പോള്‍ അവര്‍ ഒരിക്കലും കരുതിയില്ല സംസാരശേഷിയില്ലാത്ത ആ പയ്യന്‍ ഒരിക്കല്‍ തങ്ങളെത്തേടി വരുമെന്ന്.

സജിയുടെ ആഗ്രഹം പോലെ അവര്‍ മുംബൈയിലെ വിമാനകമ്പനികളിലൊക്കെ സജിയെ കൊണ്ടുപോയി.എയര്‍ക്രാഫ്റ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില പുസ്തകളുമായാണ് സജി മുംബൈയില്‍ നിന്നും മടങ്ങിയെത്തിയത്. വിഭിന്ന ശേഷിയുള്ളവര്‍ക്കായുള്ള സ്‌കൂളില്‍ വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ സജിക്ക് ലഭിച്ചിട്ടുളളൂ എന്നതിനാല്‍ ഇംഗ്ലീഷിലെഴുതിയ പുസ്തകങ്ങള്‍ പഠിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ സജി പിന്‍മാറിയില്ല, ഇംഗ്ലീഷ് പഠിക്കാന്‍ തന്നെ തീരുമാനിച്ചു. പതിയെപ്പതിയെ പുസ്തകം ഗ്രഹിക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ മനസിലാക്കിത്തുടങ്ങിയതോടെ, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ എന്തും റിപ്പയര്‍ ചെയ്യാന്‍ കഴിവുള്ള സജി സ്വന്തമായി ഹെലികോപ്റ്റര്‍ നിര്‍മ്മാണം ആരംഭിച്ചു ഇതിനിടയ്ക്കായിരുന്നു വിവാഹം. അയല്‍ക്കാരിയായ മരിയയെ സജി നേരത്തെ കണ്ടിരുന്നു. വീട്ടുകാര്‍ എതിര് പറഞ്ഞില്ല. സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയെ വേണം എന്നുമാത്രം അവര്‍ ആഗ്രഹിച്ചു. അങ്ങനെ സജിയുടെ ജീവിതത്തിലേക്ക് മരിയ കടന്നു വന്നു. സജിക്ക് ശബ്ദവും വെളിച്ചവുമായി.

വിവാഹശേഷം സജി പറക്കാന്‍ ഒരു വാഹനം എന്ന സ്വന്തം സ്വപ്നത്തിലേക്ക് ഇറങ്ങി. വീടിനു മുമ്പില്‍ ഒരു പണിപ്പുരയുണ്ടാക്കി. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റു. കൈയിലുള്ള സമ്പാദ്യങ്ങളെല്ലാം ഇതിനുവേണ്ടി മാറ്റിവച്ചു. അങ്ങനെ പണി പുരോഗമിക്കുന്നതിനിടയില്‍ മറ്റൊരു യാഥാര്‍ഥ്യം സജി മനസിലാക്കി. തന്റെ സമ്പാദ്യത്തില്‍ തീരുന്നതല്ല ഈ പണി. സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. വേറെന്തുമാര്‍ഗം
തന്റെ ചെറിയ വരുമാനം നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് തികയാതെവന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഒരു കത്ത് എഴുതി. അദ്ദേഹം വളരെ പ്രതീക്ഷയേറിയ ഒരു മറുപടിയും നല്‍കി. എന്നാല്‍ ആ പ്രതീക്ഷയെ തകിടംമറിച്ചുകൊണ്ടണ്ടായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത സജിയെ തേടിയെത്തിയത്. അതോടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. പിന്നീട് എ പി ജെ അബ്ദുള്‍കലാമിന് കത്തെഴുതുകയുണ്ടായി. ഗുജറാത്തില്‍ നടന്ന ‘ഇന്‍വന്റെഴ്‌സ്’ മേളയിലേക്ക് അദ്ദേഹം സജിയെ ക്ഷണിച്ചു, അവിടെ മൂന്നാം സ്ഥാനം നേടി സജി കഴിവുതെളിയിച്ചു.

സജി ആദ്യമായുണ്ടാക്കിയ വിമാനത്തിന് ചില പോരായ്മകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് അതു പറത്താനായില്ല.വിമാനം ഏറ്റുമാന്നൂരുള്ള വിശ്വേശ്വരയ്യ എൻജിനീയറിങ്‌ കോളേജ് ഒന്നരലക്ഷം രൂപയ്ക്ക് വാങ്ങുകയുംചെയ്തു. ആ പണംകൊണ്ട് സജി ബാംഗ്ലൂരിൽ പോയി 65 കുതിരശക്തിയുടെ പറക്കാൻ ശേഷിയുള്ള ഒരു ജർമൻ നിർമിത മോട്ടോർ സ്വന്തമാക്കി. പിന്നെ ഓരോന്നും ഉറുമ്പ് അരിമണി ശേഖരിക്കുന്നതു പോലെ പറക്കാൻകഴിയുന്ന വിമാനം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയാവാത്ത തന്റെ സ്വപ്നത്തെ ഇച്ഛാശക്തി കൊണ്ടു കീഴടക്കാന്‍ ആ യുവാവ് മുന്നിട്ടിറങ്ങി. അങ്ങനെയാണ് വിങ് കമാന്‍ഡര്‍ എസ്. കെ. ജെ. നായരെ പരിചയപ്പെടുന്നത്. സജിയെക്കുറിച്ച് അറിഞ്ഞപ്പോള്‍, സജിയുടെ സ്വപ്നങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിനും ആവേശമായി. സജിയെ അദ്ദേഹം അകമഴിഞ്ഞ് സഹായിച്ചു.

അദ്ദേഹത്തിന്റെ മണിമുത്താറിലെ നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷനിലെ ചെറുവിമാനങ്ങൾക്ക് മെയിന്റനൻസ് ജോലികൾചെയ്തും, വിശ്വേശ്വരയ്യ എൻജിനീയറിങ്‌ കോളേജിലെ യന്ത്രങ്ങളിൽ ജോലിചെയ്തും കുറച്ചു പണമുണ്ടാക്കി. അതുകൊണ്ടെന്താകാൻ! സ്വന്തമായുണ്ടായിരുന്ന പഴയൊരു ജീപ്പു വിറ്റു. കിടപ്പാടത്തിൽനിന്ന് ആറു സെന്റ് സ്ഥലം നാലുലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റു. എന്തിനെയും വിധിക്കാൻ തയ്യാറെടുത്തുനടക്കുന്ന ചിലർ ‘പൊട്ട’ന് പ്രാന്തുമുണ്ടെന്നു പറഞ്ഞു. സ്വന്തം അപ്പൻപോലും മകനോടു കലഹിച്ച് വീടുവിട്ടിറങ്ങി. താനൊറ്റയ്ക്കു പൊരുതേണ്ടുന്ന യുദ്ധമാണിതെന്ന് സജി തിരിച്ചറിഞ്ഞു. അപ്പോഴെല്ലാം സജിയുടെ നാവായ ഭാര്യ മരിയയും ഏകമകൻ ജോഷ്വായും ആ കഴിവുകളിൽ വിശ്വാസമർപ്പിച്ച് പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

വീട്ടുമുറ്റത്ത് ഒരു പടുത വലിച്ചുകെട്ടി സജി വിമാനത്തിന്റെ നിർമാണമാരംഭിച്ചു. ഒരു മഹാഗണിമരം വിലയ്ക്കുവാങ്ങി നിശ്ചിതകനത്തിൽ അറുെത്തടുത്ത് ചേർത്തൊട്ടിച്ച് ചെത്തിയൊരുക്കി മിനുസപ്പെടുത്തി. ലക്ഷങ്ങൾ വിലവരുന്ന വിമാനത്തിന്റെ പ്രൊപ്പല്ലർ(പങ്ക) കുറഞ്ഞചെലവിൽ ഉണ്ടാക്കി. വിമാനത്തിന്റെ ചിറകുകളെ പൊതിയാൻ അമേരിക്കൻ നിർമിത സെയിൽ ക്ലോത്ത് തന്നെ വേണ്ടിവന്നു. അതിനുമാത്രം മൂന്നുലക്ഷം രൂപ വിലവരും. അലുമിനിയം പട്ടകൾ നിശ്ചിത അളവിൽ മുറിച്ചെടുത്ത് നട്ടും ബോൾട്ടും പിടിപ്പിച്ച് വിമാനത്തിന്റ ബോഡിയുണ്ടാക്കി. പരിചയസമ്പന്നനായ എസ്.കെ.ജെ. നായർക്കുപോലും മനസ്സിലാക്കാനായില്ല, വിമാനത്തിനുള്ളിലെ മീറ്റർ ബോർഡ് സജി റബ്ബർഷീറ്റുണ്ടാക്കാൻ പാല് ഉറയൊഴിക്കുന്ന അലുമിനിയം ഡിഷ് തുളച്ചുണ്ടാക്കിയതാണെന്ന്. ഫൈബർ ഗ്ലാസ് മെറ്റീരിയലുപയോഗിച്ച് വിമാനത്തിന്റെ ഫ്രണ്ട് ബോഡിയും സ്വയം നിർമിച്ചു. അങ്ങനെ വിപണിയിൽ 30 ലക്ഷത്തിനുമുകളിൽ

വിലവരുന്ന എക്സ് എയർ വിമാനം അഞ്ചുവർഷംകൊണ്ട് 13 ലക്ഷം രൂപയ്ക്ക് ഈ യുവാവ് നിർമിച്ചു. ഈ വിമാനം പറക്കുമോ? അതറിയാൻ ഫ്ളൈറ്റ് ടെസ്റ്റ് നടത്തണം. പക്ഷേ, എവിടെ? എസ്.കെ.ജെ. നായർ സഹായഹസ്തവുമായി വന്നു. വിമാനം നാലുഭാഗങ്ങളായി അഴിച്ച് പിക് അപ് വാനിൽ കയറ്റി തൊടുപുഴയിലെ തട്ടക്കുഴയിൽനിന്ന് തമിഴ്നാട്ടിലെ മണിമുത്താറിലേക്കു കൊണ്ടുപോയി. ഒരു ഓട്ടോറിക്ഷയിൽ കയറി സജിയും മരിയയും ജോഷ്വായും വിമാനത്തിന് തൊട്ടുപുറകെ നീങ്ങി. ഒടുവിൽ മണിമുത്താറിലെ വിജനതയിൽ വിജയകരമായ പരീക്ഷണപ്പറക്കൽ. സജി തോമസ് സന്തോഷംകൊണ്ടു തുള്ളിച്ചാടി. ആദ്യം എസ്.കെ.ജെ. നായരും അതിനുശേഷം സജിയും വിമാനം പറത്തി.

യൂറോപ്പിൽ ഏറ്റവുമധികം വിറ്റഴിയുന്ന എക്സ് എയർ മാതൃകയിലുള്ളതാണ് സജിയുടെ ഈ വിമാനം. പൈലറ്റുൾപ്പെടെ രണ്ടുപേർക്ക് ഇരിക്കാം. 120 കിലോമീറ്ററാണ് പരമാവധി വേഗം. പതിനായിരം അടി ഉയരത്തിൽ പറക്കാൻ ശേഷിയുണ്ട്. മൂന്നുചക്രമുണ്ട്. അത് 360 ഡിഗ്രിയിൽ തിരിയും. ചക്രങ്ങൾക്ക് ഷോക്ക് അബ്‌സോർബറും സസ്പെൻഷനുമുണ്ട്. ഒറിജിനൽ എയർ എക്സിനെ വെല്ലുന്നതാണ് സജിയുടെ വിമാനമെന്ന് എസ്.കെ.ജെ. നായർ പറയുന്നു. ഉയരത്തിൽ പറക്കാൻ തത്കാലം നിവൃത്തിയില്ല; വിമാനത്തിന് രജിസ്‌ട്രേഷൻ വേണം. വൻകിടക്കാർക്ക് എളുപ്പത്തിൽ ലഭിക്കുന്ന രജിസ്‌ട്രേഷൻ തട്ടക്കുഴക്കാരനായ ഈ ‘നിരക്ഷരകുക്ഷി’ക്ക് എങ്ങനെ കിട്ടാൻ. കടമ്പകളേറെയുണ്ടെങ്കിലും രജിസ്‌ട്രേഷനായുള്ള തീവ്രശ്രമത്തിലാണ് സജിയിപ്പോൾ. റിമോട്ടുപയോഗിച്ച് പറപ്പിക്കാവുന്ന ചെറുവിമാനങ്ങൾ നിർമിച്ച് സജി തന്റെ വൈദഗ്ധ്യം നേരത്തേ തെളിയിച്ചുകഴിഞ്ഞു. പവർ ഹാൻഡ് ഗ്ലൈഡറാണ് സജിയുടെ വർക്ക് ഷോപ്പിലെ മറ്റൊരാകർഷണം. ഇതിന്റെ ചിറകുകൾക്ക് ലക്ഷങ്ങൾ വിലവരുമെന്നുള്ളതുകൊണ്ട് ഇനിയും ചിറകുകൾ ഘടിപ്പിച്ചിട്ടില്ല.

കുടുംബത്തിന്റെ അവസ്ഥ. ഉടുമ്പന്നൂര്‍ പഞ്ചായത്തു വച്ചു നല്‍കിയ ചെറിയ വീട്ടിലാണ് ഈ പ്രതിഭയുടെ ജീവിതം. ഇത്രയും പ്രതിഭയുള്ളയാള്‍ അന്നത്തിനു വേണ്ടി ബുദ്ധിമുട്ടുന്നു എന്നറിഞ്ഞപ്പോള്‍ കാക്കനാട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ഐ ക്യൂബ്സ് ഡയറക്ടര്‍ ജേക്കബ് എം. ജോര്‍ജ് തന്റെ കമ്പനിയില്‍ ഒരു ജോലി നല്‍കി. ദിവസേനയുള്ള പോക്കുവരവ് ബുദ്ധിമുട്ടായതിനാല്‍ കുറച്ചുനാളായി ജോലിക്ക് പോവാറില്ല. ഏതെങ്കിലുമൊരു വിമാന നിര്‍മ്മാണ കമ്പനിയില്‍ ഒരു ജോലി സ്വന്തമാക്കുക എന്നതാണ് സജിയുടെ ലക്ഷ്യം.

സ്വന്തം വിമാനം നിര്‍മ്മിച്ച് പറത്തിയ ആദ്യ ഇന്ത്യക്കാരനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് ബഹുമതി സജിക്കാണ്. ഇതുപോലെ നിരവധി പുരസ്‌കാരങ്ങള്‍ക്കുനടുവില്‍ നില്‍ക്കുമ്പോഴും നിഷ്‌കളങ്കമായ ചിരിയുമായി കഠിനാധ്വാനം തുടരുകയാണ് സജി.. ഹൃത്വിക്‌ റോഷൻ അവതാരകനായ ഡിസ്കവറി ചാനലിന്റെ എച്ച്.ആർ.എക്സ് ഹീറോസിൽ സജിയെപ്പറ്റി അരമണിക്കൂർ പരിപാടിയും വന്നു 20 കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കാന്‍ കഴിയുന്ന ഹോബി ഹെലികോപ്റ്ററുകളുടെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍. സജിയോടൊപ്പം എന്തിനും താങ്ങായി ഭാര്യ മേരിയും മകന്‍ ജോഷ്വായും ഉണ്ട്.
സജി തോമസിന്റെ ജീവിതമാണ് വിമാനം എന്ന ചിത്രത്തിന്റെ കഥയ്ക്ക് ആധാരം. സജിയ്ക്ക് വേണ്ടി എന്ത് ചെയ്യാമെന്ന് പൃഥ്വിരാജും പ്രദീപും നിര്‍മ്മാതാവ് ലിസ്റ്റിനും കൂടിയാലോചന നടത്തി. തനിക്കും സുഹൃത്തുക്കള്‍ക്കും ക്രിസ്മസ് ദിവസം ഈ ചിത്രം കാണാനുള്ള സൗകര്യമൊരുക്കണമെന്ന് മാത്രമായിരുന്നു സജി ലിസ്റ്റിനോട് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് എല്ലാ തിയറ്ററുകളിലും രണ്ട് ഷോ എല്ലാവര്‍ക്കും സൗജന്യമായി കാണാന്‍ അവസരമൊരുക്കാന്‍ തീരുമാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more