1 GBP = 104.15
breaking news

ഭിന്നശേഷി കുട്ടികളുടെ പ്രതിഭ ലോകത്തെ അറിയിക്കാൻ സഹയാത്രയുമായി മുതുകാട്; സഹയാത്രയ്ക്ക് സംഗീത സ്പര്‍ശം നല്‍കി മഞ്ജരി…. ഓൺലൈൻ പരിപാടി നാളെ വൈകിട്ട്….

ഭിന്നശേഷി കുട്ടികളുടെ പ്രതിഭ ലോകത്തെ അറിയിക്കാൻ സഹയാത്രയുമായി മുതുകാട്; സഹയാത്രയ്ക്ക് സംഗീത സ്പര്‍ശം നല്‍കി മഞ്ജരി…. ഓൺലൈൻ പരിപാടി നാളെ വൈകിട്ട്….

തിരുവനന്തപുരം:  സപ്തസ്വരങ്ങള്‍ കൊണ്ട് ബീഥോവന്‍ ബംഗ്ലാവിനെ സംഗീത സാന്ദ്രമാക്കി പിന്നണിഗായിക മഞ്ജരിയും ഭിന്നശേഷിക്കുട്ടികളും.  മായാമാളവഗൗളരാഗവും ആദിതാളവുമൊക്കെ ഹൃദിസ്ഥമാക്കി മഞ്ജരിക്കൊപ്പം ഭിന്നശേഷിക്കുട്ടികള്‍ പാടിക്കയറിയപ്പോള്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ സംഗീതപ്പെരുമഴയില്‍ നനഞ്ഞു. ഭിന്നശേഷിക്കുട്ടികളോട് സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ആരോഗ്യപരമായ മാറ്റം വരുത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്നതിനുമായി ഡിഫറന്റ് ആര്‍ട് സെന്ററിന്റെ  നേതൃത്വത്തില്‍ ആരംഭിക്കുന്ന സഹയാത്ര പദ്ധതിയുടെ ഭാഗമായുള്ള ഓണ്‍ലൈന്‍ ഷോയ്ക്ക് സംഗീത പരിശീലനം നല്‍കുവാന്‍ എത്തിയതായിരുന്നു മഞ്ജരി.  മഞ്ജരിയെപ്പോലും അത്ഭുതപ്പെടുത്തി ഭിന്നശേഷിക്കുട്ടികള്‍ സംഗീതത്തിന്റെ വിസ്മയഅന്തരീക്ഷം  തീര്‍ത്തു.  കീര്‍ത്തനങ്ങളും സിനിമാഗാനങ്ങളും ഒരു ഭയാശങ്കകളുമില്ലാതെ മഞജരിക്കൊപ്പം ഭിന്നശേഷിക്കുട്ടികള്‍ തകര്‍ത്താലപിച്ചു. രണ്ട് മണിക്കൂറോളം സംഗീത പരിശീലനം നീണ്ടു നിന്നു. 

പരിമിതരെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തേണ്ടവരല്ല ഈ കുട്ടികളെന്നും ഇവരിലെ ഭിന്നമായ കഴിവുകള്‍ ലോകം അംഗീകരിക്കപ്പെടാന്‍ ഡിഫറന്റ് ആർട്സ് സെന്റര്‍ വഴിയൊരുക്കുമെന്നും മഞ്ജരി അഭിപ്രായപ്പെട്ടു. സംഗീത പരിശീലനം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എം.അഞ്ജന ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.  മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ ജിന്‍ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.    

ഒക്ടോബര്‍ 2 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 PM (ഇന്ത്യ – 6 PM)  ‘സഹയാത്ര’ എന്ന കലാവിരുന്ന് യു ട്യൂബ് വഴി  പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.  രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യവിരുന്നില്‍ കെ.കെ ശൈലജ ടീച്ചര്‍, മോഹന്‍ലാല്‍, കെ.എസ് ചിത്ര, മഞ്ജുവാര്യര്‍, ജി.വേണുഗോപാല്‍, മഞ്ജരി, മുരുകന്‍ കാട്ടാക്കട, ഭിന്നശേഷിമേഖലയില്‍ നിന്നും പ്രശസ്തരായ ധന്യാരവി, സ്വപ്ന അഗസ്റ്റിന്‍, നൂര്‍ ജലീല, ആദിത്യാ സുരേഷ് എന്നിവര്‍ ഭാഗമാകും.  പരിപാടിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചലച്ചിത്ര സംവിധായകന്‍ പ്രജേഷ് സെന്‍ ആണ്.  ഒക്ടോബര്‍ 3ന് സഹയാത്ര പുന:സംപ്രേഷണം ചെയ്യുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more