1 GBP = 104.23
breaking news

യുക്രെയ്നിലെ നാല് പ്രദേശങ്ങൾ റഷ്യയുടെ ഭാഗമാക്കി; ഔദ്യോഗികമായി പ്രഖ്യാപിച്ച് പുട്ടിൻ

യുക്രെയ്നിലെ നാല് പ്രദേശങ്ങൾ റഷ്യയുടെ ഭാഗമാക്കി; ഔദ്യോഗികമായി പ്രഖ്യാപിച്ച് പുട്ടിൻ

മോസ്കോ: യുക്രെയ്നിലെ നാല് പ്രദേശങ്ങൾ റഷ്യയുടെ ഭാഗമാക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേഴ്സൻ, സപൊറീഷ്യ എന്നീ പ്രദേശങ്ങളാണ് ഹിതപരിശോധന നടത്തി റഷ്യയുടെ ഭാഗമാക്കിയത്. ലുഹാന്‍സ്കിലും ഡോണെറ്റ്സ്കിലും നേരത്തേ റഷ്യന്‍ അനുകൂല ഭരണകൂടങ്ങളാണ്. ഫെബ്രുവരിയിലെ സൈനിക നടപടിയിലൂടെയാണ് ഖേഴ്സണും സപൊറീഷ്യയും റഷ്യ പിടിച്ചെടുത്തത്.

കൂട്ടിച്ചേർക്കൽ അംഗീകരിക്കില്ലെന്ന് യുക്രെയ്നും യൂറോപ്യന്‍ യൂനിയനും നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ ഏകപക്ഷീയ നടപടിക്ക് മറുപടിയെന്നോണം യുക്രെയ്ൻ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചു. വെള്ളിയാഴ്ച ക്രെംലിനിലെ ജോർജിയൻ ഹാളിൽ നടത്തിയ ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സോവിയറ്റ് യൂനിയൻ പുനരുജ്ജീവിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന് പുടിൻ പറഞ്ഞു. പിടിച്ചെടുത്ത പ്രദേശങ്ങൾ എല്ലാ അർഥത്തിലും സംരക്ഷിക്കുമെന്നും ഇവിടുത്തെ താമസക്കാർ എക്കാലവും റഷ്യൻ പൗരന്മാരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഹിതപരിശോധനയിൽ 95 ശതമാനത്തിലധികം പേർ റഷ്യയോട് ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് മോസ്കോ വ്യക്തമാക്കുന്നത്. അതേസമയം, കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ച നാല് മേഖലയിലും റഷ്യക്ക് സമ്പൂർണ ആധിപത്യമില്ല. 90,000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് റഷ്യ കൈയടക്കിയത്. ഇത് യുക്രെയ്നിന്റെ 15 ശതമാനം വരും. 2014ൽ ക്രീമിയ പ്രവിശ്യ റഷ്യയുടെ ഭാഗമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more