1 GBP = 104.21
breaking news

എലിസബത്ത് രാജ്ഞി അന്തരിച്ചു

എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടൻ: ആരോഗ്യസ്ഥിതി മോശമായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. ആരോഗ്യ നില വഷളായതി​നെ തുടർന്ന് ഇന്ന് രാവിലെ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞിയെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

സ്കോട്ട്ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ ആനി രാജകുമാരിയും മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമകൻ വില്യം രാജകുമാരൻ എന്നിവരും ബാൽമോർ കൊട്ടാരത്തിലുണ്ട്.

ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1926 ഏപ്രില്‍ 21-ന് ജോര്‍ജ് ആറാമന്റെ (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോര്‍ക്ക്) യുടെയും മകളായാണ് ജനനം.
എലിസബത്ത് അലക്‌സാന്ദ്ര മേരി വിന്‍ഡ്‌സര്‍ എന്നായിരുന്നു പേര്. ജോര്‍ജ് ആറാമന്റെ പിതാവും രാജാവുമായിരുന്ന ജോര്‍ജ് അഞ്ചാമന്റെ ഭരണകാലത്തായിരുന്നു എലിസബത്തിന്റെ ജനനം.

ബ്രിട്ടീഷ് കിരീടത്തിലേക്കുള്ള പിന്തുടര്‍ച്ചാവകാശത്തില്‍ അമ്മാവന്‍ എഡ്വേഡിനും പിതാവിനും പിന്നില്‍ മൂന്നാമതായിരുന്നു എലിസബത്തിന്റെ സ്ഥാനം. ജോര്‍ജ് അഞ്ചാമന്റെ മരണത്തിന് പിന്നാലെ എഡ്വേഡ് രാജാവ് ആയെങ്കിലും വിവാഹമോചനവും അത് സംബന്ധിച്ച ഭരണഘടനാ പ്രതിസന്ധിക്കും പിന്നാലെ എഡ്വേഡ് രാജിവെച്ചു. തുടര്‍ന്ന് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ ബ്രിട്ടന്റെ സിംഹാസനത്തിലെത്തി. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മൂത്തമകളായ എലിസബത്ത് അധികാരത്തിലെത്തി.

1952 ഫെബ്രുവരി ആറിനായിരുന്നു എലിസബത്ത് ഭരണത്തിലേറിയത്. 1953 ജൂണ്‍ രണ്ടിന് കിരീടധാരണം നടന്നു. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്റെ ഭര്‍ത്താവ്. 1947-നാണ് ഇവര്‍ വിവാഹിതരായത്. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. അടുത്ത രാജാവായ ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് മക്കള്‍. 1997-ല്‍ കാര്‍ അപകടത്തില്‍ മരിച്ച ഡയാന സ്പെന്‍സര്‍, ചാള്‍സ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു. പിന്നീട് 2005-ല്‍ ചാള്‍സ്, കാമില പാര്‍ക്കറെ വിവാഹം ചെയ്തു.

രാജ്ഞിയുടെ ആരോഗ്യസ്ഥിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണച്ചടങ്ങിന് ചരിത്രത്തിലാദ്യമായി സ്‌കോട്ട്ലന്‍ഡ് വേദിയായിരുന്നു. ചൊവ്വാഴ്ച സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. സാധാരണമായി ബക്കിങ്ഹാം കൊട്ടാരത്തിലോ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ വിന്റ്സര്‍ കൊട്ടാരത്തിലോ വെച്ചാണ് രാജ്ഞി പുതിയ പ്രധാനമന്ത്രിയെ അവരോധിക്കുക. 70 വര്‍ഷത്തിലധികം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞിക്ക് ഇതിനടയില്‍ ലിസ് ട്രസടക്കം 16 പ്രധാനമന്ത്രിമാരെ നിയമിക്കാന്‍ കഴിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more