1 GBP = 103.94
breaking news

വെഞ്ചിരിപ്പിനിടെ സംഘർഷം; പള്ളിക്കുള്ളിൽ കൈയ്യാങ്കളി

വെഞ്ചിരിപ്പിനിടെ സംഘർഷം; പള്ളിക്കുള്ളിൽ കൈയ്യാങ്കളി

കോട്ടയം: നവീകരിച്ച കോട്ടയം പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയുടെ വെഞ്ചരിപ്പിനിടെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. 97 വര്‍ഷം പഴക്കമുള്ള പള്ളിയുടെ അള്‍ത്താരയിലെ കുരിശ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പള്ളികമ്മറ്റിയും വിശ്വാസികളില്‍ ഒരു വിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് പള്ളി വെഞ്ചിരിപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷം.
പള്ളി സ്ഥാപിച്ചപ്പോള്‍ മുതലുണ്ടായിരുന്ന തടിക്കുരിശ് മാറ്റി ശ്ലീഹാ കുരിശ് സ്ഥാപിക്കാനുള്ള അതിരൂപതയില്‍ നിന്നുള്ള നിര്‍ദ്ദേശത്തോട് തുടക്കം മുതല്‍ക്കേ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പള്ളി നവീകരിക്കുന്നതിനോട് അനുബന്ധിച്ച് കുരിശ് മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് പലപ്പോഴും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആര്‍ഡിഒ മുന്നോട്ടു വച്ച നിര്‍ദ്ദേശത്തോട് യോജിക്കാതെ കുരിശുമാറ്റുന്നതിനെ എതിര്‍ക്കുന്ന വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഈ വിഷയത്തില്‍ നാളെ വിധി പറയാനിരിക്കെയാണ് ഇന്ന് രാവിലെ പള്ളിയുടെ വെഞ്ചരിപ്പ് തീരുമാനിച്ചത്.

രാവിലെ അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആശീര്‍വാദ കര്‍മ്മത്തിനായി എത്തിയപ്പോഴാണ് എതിര്‍വിഭാഗം പ്രതിഷേധം ഉയര്‍ത്തിയത്. പതിനഞ്ചില്‍ താഴെ ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. സംഘര്‍ഷം ഉണ്ടായേക്കുമെന്ന സൂചനയെ തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് സ്ഥലത്ത് നിന്നും നീക്കി. ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല. പള്ളിയിലെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more