1 GBP = 104.01
breaking news

മിനിമംവേതനം നൽകാത്ത തൊഴിലുടമകൾക്ക് അഞ്ചുലക്ഷം വരെ പിഴശിക്ഷ; നിയമസഭ പാസ്സാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു

മിനിമംവേതനം നൽകാത്ത തൊഴിലുടമകൾക്ക് അഞ്ചുലക്ഷം വരെ പിഴശിക്ഷ; നിയമസഭ പാസ്സാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു

തിരുവനന്തപുരം: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മിനിമംവേതനം നൽകാത്ത തൊഴിലുടമകൾക്ക് അഞ്ചുലക്ഷം വരെ പിഴശിക്ഷ നൽകാനുള്ള വ്യവസ്ഥകളടങ്ങിയ, നിയമസഭ പാസാക്കിയ ബില്ലിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ സർക്കാർ നിശ്ചയിച്ച മിനിമംകൂലി തൊഴിലാളികളുടെ അവകാശമായി മാറി. ഭരണഘടനയുടെ 254(2) അനുച്ഛേദപ്രകാരം നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയാൽ അതാണ് ആ സംസ്ഥാനത്തെ നിയമം. കേന്ദ്രതൊഴിൽ മന്ത്രാലയത്തിന്റെ ‘മിനിമം വേജസ് നിയമഭേദഗതി ബിൽ’ പ്രാബല്യത്തിലായാലും കേരളത്തിൽ നിയമസഭ പാസാക്കിയ ‘മിനിമം വേജസ് ആക്ട്’ നിലനില്ക്കുമെന്ന് നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് പറഞ്ഞു.

തൊഴിലാളികൾക്ക് മിനിമംകൂലി നിഷേധത്തിന് ആദ്യതവണ ഒരുലക്ഷമാണ് പിഴയെങ്കിലും തുടർച്ചയായി മിനിമംകൂലി നൽകാതിരുന്നാൽ അഞ്ചുലക്ഷം വരെ പിഴയീടാക്കാം. മുൻപ് 500 രൂപയായിരുന്ന പിഴ 5,000രൂപയാക്കി വർദ്ധിപ്പിക്കാനാണ് മന്ത്റി ജി.സുധാകരൻ ഭേദഗതി കൊണ്ടുവന്നതെങ്കിലും നിയമസഭാ സബ്ജക്ട് കമ്മി​റ്റിയുടെ നിർദ്ദേശം അംഗീകരിച്ച് പിഴ ഒരുലക്ഷമാക്കി വർദ്ധിപ്പിക്കുകയായിരുന്നു. വ്യാജപരാതികൾ നൽകുന്ന തൊഴിലാളിക്ക് ചുമത്തിയിരുന്ന പിഴ 50രൂപയിൽനിന്ന് 100രൂപയാക്കി. 1,000 രൂപയായി ഉയർത്താനായിരുന്നു ബില്ലിലെ നിർദ്ദേശമെങ്കിലും സബ്ജക്ട് കമ്മിറ്റി 100രൂപയാണ് നിശ്ചയിച്ചത്. ഈ ഭേദഗതികളെല്ലാം രാഷ്ട്രപതി അംഗീകരിച്ചു.

80 മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമംകൂലി നൽകാത്ത തൊഴിലുടമകൾ ഇനി വൻതുക പിഴ നൽകേണ്ടിവരും. മിനിമംകൂലി സംബന്ധിച്ച പരാതികളിൽ 10,000 രൂപ വരെ മാത്രം പിഴ ചുമത്താനുള്ള അധികാരമായിരുന്നു മജിസ്‌ട്രേട്ടുമാർക്കുണ്ടായിരുന്നത്. ഈ പരിധി ഇനിമുതൽ നിലവിലുണ്ടാവില്ല. മിനിമംകൂലി സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ഏഴ് ജോയിന്റ് ലേബർ കമ്മിഷണർമാർക്ക് കൂടി അധികാരം നൽകിയിട്ടുണ്ട്. മജിസ്‌ട്രേട്ടുമാർക്കു പുറമെ റവന്യൂറിക്കവറി ഉദ്യോഗസ്ഥർക്കുകൂടി ശിക്ഷ വിധിക്കാനുള്ള അധികാരം ലഭിക്കും.

അസംഘടിത മേഖലയിലെ തൊഴിലാളിചൂഷണം പൂർണമായി അവസാനിപ്പിക്കാനാണ് സർക്കാർ മിനിമംകൂലി ഭേദഗതി കൊണ്ടുവന്നത്. ചെറുകിട തോട്ടങ്ങൾ, കടലാസ് നിർമ്മാണമേഖല, സ്വകാര്യധനകാര്യ സ്ഥാപനങ്ങൾ, സെക്യൂരിറ്റി സർവീസ്, ഉച്ചഭക്ഷണപദ്ധതിയിലെ തൊഴിലാളികൾ, കൊറിയർ സർവീസ്, ഇന്റർനെറ്റ് കഫേ, ഹൗസ്‌ബോട്ട് സർവീസ്, ബാങ്കിംഗ്-നോൺബാങ്കിംഗ് ഇൻഷ്വറൻസ്, ആനപരിപാലനം, സംരക്ഷണം, വിദേശനാണ്യവിനിമയ സ്ഥാപനങ്ങൾ അടക്കമുള്ള അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് കുറഞ്ഞവേതനം സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 1948ലെ കുറഞ്ഞകൂലി സംബന്ധിച്ച കേന്ദ്രനിയമം അടിസ്ഥാനമാക്കിയാണ് സർക്കാർ എല്ലാ മേഖലകളിലെയും മിനിമം കൂലി നിശ്ചയിച്ചത്. മിനിമം കൂലിക്കു പുറമേ ക്ഷാമബത്ത, സർവീസ് വെയിറ്റേജ്, അധികജോലിക്ക് കൂടുതൽവേതനം, റിസ്ക്അലവൻസ് എന്നിവയും നിർബന്ധമാണ്. ആനപരിപാലനം നടത്തുന്ന എല്ലാ തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ നൽകണം. ചെറുകിടതോട്ടങ്ങളിലെ തൊഴിലാളികൾക്ക് 1948ലെ നിയമത്തിന്റെ 27-ാംസെക്ഷൻ പ്രകാരമാണ് മിനിമംകൂലി നിശ്ചയിച്ചിട്ടുള്ളത്. അടിസ്ഥാനശമ്പളത്തിനു പുറമേ ക്ഷാമബത്തയും നഗരപ്രദേശങ്ങൾക്ക് പ്രത്യേകഅലവൻസും സേവനകാലാവധി കണക്കിലെടുത്തുള്ള വെയിറ്റേജ് ആനുകൂല്യവും ചേർത്താണ് മിനിമംകൂലി നിശ്ചയിച്ചത്.

മിനിമംകൂലി ഇങ്ങനെ

ദിവസക്കൂലി
ഈറ,മുള വ്യവസായം- 550 രൂപ
ആഭരണനിർമ്മാണം-480 രൂപ

പ്രതിമാസം
ആനയുടെ ഒന്നാംപാപ്പാൻ- 11660
രണ്ടാംപാപ്പാൻ- 11340 രൂപ
ധനകാര്യസ്ഥാപനം-10150-14650
വാച്ച്‌മാൻ-10750-15250
കളക്ഷൻ എക്സിക്യുട്ടീവ്-13250
എ.ടി.എം കാഷ്‌ലോഡിംഗ്-13250-20750
ക്ലാർക്ക്-14750-22750
അസി.മാനേജർ-18500-30550
ബ്രാഞ്ച്മാനേജർ-20550-33750

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more