1 GBP = 104.16
breaking news

സാക്ഷര കേരളത്തിന് എന്ത് പറ്റി?? രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളം മുന്നിലെന്ന് ഐ ഐ ടി

സാക്ഷര കേരളത്തിന് എന്ത് പറ്റി?? രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളം മുന്നിലെന്ന് ഐ ഐ ടി

കോഴിക്കോട്: ക്രമസമാധാനപാലനത്തില്‍ മുന്നിട്ട് നില്‍ക്കുന്നുവെന്ന സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിച്ചുകൊണ്ട് പുതിയ റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്താണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തര്‍പ്രദേശും ബീഹാറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ കണക്കുകള്‍ ഉദ്ധരിച്ച് മുംബൈയ് ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് സയന്‍സ് വിഭാഗത്തിലെ ഗവേഷകന്‍ രാഘവ് പാണ്ഡെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

പൊതുവില്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും കുറച്ച് കൊലപാതകങ്ങള്‍ നടക്കുന്നത് ലക്ഷദ്വീപിലാണ്. അത് കഴിഞ്ഞാല്‍ കേരളം. എന്നിട്ടും രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിനെയാണ് ഗവേഷകന്‍ ആശങ്കയോടെ ചൂണ്ടിക്കാട്ടുന്നത്. ക്രമസമാധാനനില ഇത്രയ്ക്ക് ഭദ്രമായ ഒരു സംസ്ഥാനം രാഷ്ട്രീയ കൊലപാതകങ്ങളില്‍ മൂന്നാം സ്ഥാനം നേടിയതാണ് ഐ.ഐ.ടി പോലുള്ള ഒരു ഗവേഷണ സ്ഥാപനത്തെപ്പോലും ഞെട്ടിച്ചത്.

ഉത്തര്‍പ്രദേശില്‍ 29ഉം, ബീഹാറില്‍ 26ഉം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നപ്പോള്‍ 15 എണ്ണവുമായി കേരളം മൂന്നാമതെത്തി. രാഷ്ട്രീയകൊലപാതകങ്ങളും അല്ലാത്തവയും തമ്മിലുള്ള അനുപാതം ഉത്തര്‍പ്രദേശില്‍ 0.59 ഉം, ബീഹാറില്‍ ഒന്നും ആണെങ്കില്‍ കേരളത്തില്‍ 4.9 ആണ്. കേരളത്തേക്കാള്‍ സാക്ഷരതയും വിദ്യാഭ്യാസവും കുറഞ്ഞ മറ്റു സംസ്ഥാനങ്ങളില്‍ പോലും രാഷ്ട്രീയകൊലകള്‍ വളരെ കുറവാണെന്നതാണ് ശ്രദ്ധേയം.

ക്രമസമാധാന നില ഭദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുമ്പോഴും രാഷ്ട്രീയ കൊല അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മനഃപൂര്‍വം ശ്രമിക്കാതിരിക്കുന്നതാണ് കേരളത്തിന്റെ ശാപമെന്ന് ഐ.ഐ.ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more