1 GBP = 104.15
breaking news

നാട് മുഴുവന്‍ ഒഴുകിയെത്തി സമുചിതമായ യാത്രയയപ്പേകി…. പോള്‍ ജോണ്‍ വിതുമ്പുന്ന ഓര്‍മയായി….

നാട് മുഴുവന്‍ ഒഴുകിയെത്തി സമുചിതമായ യാത്രയയപ്പേകി….    പോള്‍ ജോണ്‍ വിതുമ്പുന്ന ഓര്‍മയായി….

അലക്‌സ് വര്‍ഗ്ഗീസ്

പോള്‍ ജോണെന്ന നാല്പത്തിയേഴുകാരന്‍ ഒരു മന്ദസ്മിതം തൂകി ജ്വലിക്കുന്ന ഓര്‍മ്മയായി നമ്മുടെ മുന്നില്‍ നില്ക്കുന്നു. അത്രയേറെ അടുത്തറിയാവുന്നവരുടെ പ്രിയപ്പെട്ടവനായിരുന്നു പോള്‍. പോളിനോടുള്ള ആ സ്‌നേഹം ഇന്നലെ അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനെത്തിച്ചേര്‍ന്ന, യുകെയുടെ നാനാഭാഗത്ത് നിന്നും വന്നു ചേര്‍ന്ന ജനസഞ്ചയം അതിന് തെളിവായി. ജനിച്ചു വളര്‍ന്നത് ചെന്നൈയിലായിരുന്നതിനാല്‍ നല്ല ഒഴുക്കോടെ മലയാളം സംസാരിക്കാനറിയാതെ തമിഴ് ചുവയോടെ മലയാളം സംസാരിക്കുന്ന പോളിനെയാണ് ആദ്യകാലങ്ങളില്‍ കണ്ടിരുന്നത്. പിന്നീട് കൂടുതല്‍ മലയാളികളായി അടുത്തിടപഴകി, മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും, മാഞ്ചസ്റ്റര്‍ ക്‌നാനായ അസോസിയേഷന്റെയും, പള്ളിയുടെയും പരിപാടികളില്‍ സജീവമായി പങ്കെടുത്ത് കൊണ്ട് പോള്‍ ആ കുറവ് പരിഹരിച്ചു.

ഇന്നലെ രാവിലെ പത്തിന് പോളിന്റെ മ്യതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഭവനത്തിലെത്തിച്ചു. യു കെയിലെത്തിയ ആദ്യ കാലങ്ങളില്‍ മുതല്‍ താമസിച്ചു പോന്നിരുന്ന ഭവനത്തില്‍ ഫാ.സജി മലയില്‍ പുത്തന്‍പുര പ്രാര്‍ത്ഥനകള്‍ നടത്തി. പോളിന്റെ കുടുംബവും അടുത്ത ബന്ധുക്കളും സംബന്ധിച്ചു. തുടര്‍ന്ന് മ്യതദേഹം സെന്റ്.ആന്റണീസ് ദേവാലയത്തിലേക്ക്. അവിടെ കാത്തിരുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ഇടയിലേക്ക് പതിനൊന്ന് മണിയോടെ പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം എത്തിച്ചേര്‍ന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും മറ്റ് വൈദികരും ദേവാലയ കവാടത്തിലെത്തി പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പോളിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ദേവാലയത്തിനുള്ളിലേക്ക് എത്തിച്ചു. തുടര്‍ന്ന് ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനായി ദിവ്യബലി ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാള്‍മാരായ മോണ്‍സിഞ്ഞോര്‍. സജി മലയില്‍ പുത്തന്‍പുരയില്‍, മോണ്‍സിഞ്ഞോര്‍. മാത്യു ചൂരപ്പൊയ്കയില്‍, സീറോ മലങ്കര സഭയുടെ യുകെ കോഡിനേറ്റര്‍ റവ.ഫാ.തോമസ് മടുക്കമ്മൂട്ടില്‍, സീറോ മലബാര്‍ ചാപ്ലിന്‍മാരായ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി, ഫാ.സജി തോട്ടത്തില്‍, ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ജിനോ അരീക്കാട്. ഫാ.രഞ്ജിത്ത്, ഫാ.റോബിന്‍സന്‍ മെല്‍ക്കിസ്, ഫാ.സിറിള്‍ ഇടമന, ഫാ.മാത്യു, ഫാ.ഫിലിപ്പ്, ഫാന്‍സ്വാ പത്തില്‍, ഫാ.നിക്ക്, ഫാ.മൈക്കിള്‍ മുറെ, ഫാ. തദേവൂസ് തുടങ്ങി പതിനെട്ട് വൈദികര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായിരുന്നു.

യു കെയിലെ ഏറ്റവും വലിയ ദേവാലയങ്ങളിലൊന്നായ വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയം വന്നു ചേര്‍ന്ന ജനങ്ങളെ ഉള്‍ക്കൊള്ളാനാവാതെ വിഷമിച്ചു. ബാല്‍ക്കണിയിലും ഒട്ടേറെപ്പേര്‍ ദേവാലയത്തിന് പുറത്ത് നിന്നുമാണ് ശുശ്രൂഷകളില്‍ സംബന്ധിച്ചത്. മലയാളികളെ കൂടാതെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരും, ഇംഗ്ലീഷ് കമ്യൂണിറ്റിയിലുള്ള ആളുകളും ധാരാളം എത്തിയിരുന്നു. ബിഷപ്പ് തന്റെ പ്രസംഗത്തില്‍ തികഞ്ഞ ഈശ്വരവിശ്വാസിയും നല്ലൊരു പിതാവുമായ പോളിനെ അനുസ്മരിച്ചു. െ്രെകസ്തവ വിശ്വാസത്തില്‍ മരണം സ്വര്‍ഗ്ഗത്തിലേക്കുള്ള ജനനമാണെന്ന് ഓര്‍മിപ്പിച്ചു. അനാഥരേയും വിധവകളേയും സഹായിക്കുന്നത് നമ്മുടെ കടമയാണെന്നും കൂട്ടിച്ചേര്‍ത്തു.

ദിവ്യബലിക്ക് ശേഷം നടന്ന അനുസ്മരണത്തില്‍ പോളിന്റെ സഹോദരന്‍ റോയിയും, കുട്ടികളായ കിമ്പര്‍ലിയും, ഏഞ്ചലയും സംസാരിച്ചു. അപകടസമയത്ത് കൂടെയുണ്ടായിരുന്ന എഞ്ചല തന്റെ കൂട്ടകാരനും സംരക്ഷനും ആയിരുന്ന പപ്പായെ ഓര്‍മിച്ചപ്പോള്‍ കേട്ട് നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കാറപകടത്തില്‍ ഏഞ്ചലയെ രക്ഷിക്കുന്നതിനിടയിലാണ് പോള്‍ മരണമടഞ്ഞത്. യു. കെ. കെ. സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴിയും അനുശോചനം അറിയിച്ച് സംസാരിച്ചു. ഏഞ്ചല പഠിക്കുന്ന സെന്റ്.ജോണ്‍സ് സ്‌കൂളില്‍ നിന്നും ഹെഡ് ടീച്ചര്‍ മിസ്റ്റര്‍.ഹെമില്‍ട്ടണ്‍ന്റെ നേതൃത്വത്തില്‍ കുട്ടികള്‍ From A Distance എന്ന ഗാനം ആലപിച്ച് കൊണ്ട് ജീവിതത്തില്‍ പ്രതീക്ഷ കൈവിടാതെ, എല്ലാം കാണുന്ന ഈശോയില്‍ പ്രതീക്ഷയര്‍പ്പിച്ച്, നക്ഷത്രങ്ങള്‍ക്കപ്പുറമുള്ള ജീവിതത്തിലേക്ക് ഉറ്റ് നോക്കുവാനുള്ള പാട്ടിലൂടെ അനുശോചനം അറിയിച്ചു.

എം.കെ.സി.എ. പ്രസിഡന്റ് സാജന്‍ ചാക്കോ ബിഷപ്പിനും മറ്റ് വൈദികര്‍ക്കും മറ്റെല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് പൊതുദര്‍ശനത്തിനുള്ള സമയമായിരുന്നു. യുക്മക്ക് വേണ്ടി പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ , ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, റീജിയണല്‍ പ്രസിഡന്റ് ഷീജോ വര്‍ഗീസ്, വൈസ് പ്രസിഡന്റ്.ഷാജി തോമസ് വരാക്കുടി, ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ പി.കെ, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സാജു കാവുങ്ങ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

യുകെകെസിഎ ക്ക് വേണ്ടി പ്രസിഡന്റ് ബിജു മടുക്കക്കുഴി, കെ.സി.എ.എം പ്രസിഡന്റ് ജയ്സണ്‍ ജോബ്, മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജോബി മാത്യു, മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനു വേണ്ടി പ്രസിഡന്റ് ജനേഷ് നായര്‍, ട്രഫോര്‍ഡ് മലയാളി അസോസിയേഷനു വേണ്ടി പ്രസിഡന്റ് ബിജു, റോച്ച് ഡെയില്‍ മലയാളി അസോസിയേഷനു വേണ്ടി രാകേഷ്, സീറോ മലബാര്‍ കമ്യൂണിറ്റിക്ക് വേണ്ടി ട്രസ്റ്റിമാരായ ബിജു അന്റണി, സുനില്‍ കോച്ചേരി, ട്വിങ്കിള്‍ ഈപ്പന്‍, എം.കെ.സി.എ ക്ക് വേണ്ടി പ്രസിഡന്റ് സാജന്‍ ചാക്കോ, മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിക്ക് വേണ്ടി ഗോപകുമാര്‍, തുടങ്ങിയ വിവിധ സംഘടനകള്‍ക്ക് വേണ്ടി പുഷ്പചക്രം അര്‍പ്പിക്കപ്പെട്ടു.

തന്റെ അവയവങ്ങള്‍ ദാനം ചെയ്യുക വഴി മഹത്തായ ഒരു സന്ദേശം നല്കിയ പോളിനോടുള്ള ആദരവ് പൂക്കളും മറ്റും ഒഴിവാക്കി ആ പണം കോട്ടയത്തെ സെന്റ്. ജോസഫ് ഹോമിന് സംഭാവന നല്കിയാണ് ഇന്നലെ മ്യത സംസ്‌കാരത്തിന് എത്തിയവര്‍ പ്രകടിപ്പിച്ചത്.

തുടര്‍ന്ന് മ്യതദേഹം സതേണ്‍ സിമിത്തേരിയിലേക്ക് കൊണ്ട് പോയി. അവിടെ നടന്ന പ്രാര്‍ത്ഥനകള്‍ക്കും മാര്‍ സ്രാസിക്കല്‍ നേതൃത്വം കൊടുത്തു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഒത്തിരിയേറെ നന്മകള്‍ ചെയ്തും, സൗഹൃദത്തിന്റെ നല്ല ഓര്‍മ്മകള്‍ നമുക്ക് സമ്മാനിച്ചുകൊണ്ട് പോള്‍ ജോണ്‍ എന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍ ഈ ലോകത്തിന്റെ ആറടി മണ്ണിലേക്ക്, പരലോകത്തിന്റെ അനന്തതയിലേക്ക് കുടുംബത്തേയും, സമൂഹത്തേയും വിട്ട് എന്നന്നേക്കുമായി പറന്നകന്നു……











Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more