1 GBP = 104.15
breaking news

ഓഖി ദുരന്തം: ക്രിസ്തുമസ് ദിനത്തിൽ തിരിച്ചെത്തിയത് ആറുപേർ; കാണാമറയത്ത് ഇനിയും 159 പേർ

ഓഖി ദുരന്തം: ക്രിസ്തുമസ് ദിനത്തിൽ തിരിച്ചെത്തിയത് ആറുപേർ; കാണാമറയത്ത് ഇനിയും 159 പേർ

തിരുവനന്തപുരം: കണ്ണീരും പ്രാർത്ഥനകളുമായി തീരം കാത്തിരുന്നെങ്കിലും ക്രിസ്‌മസ് ദിനത്തിൽ കരയിലെത്തിയത് വലിയബോട്ടുകളിൽ ഉൾക്കടലിൽ പോയ ആറുപേർ മാത്രം. തിരുവനന്തപുരത്തുമാത്രം 159പേരാണ് ഇനിയും മടങ്ങിയെത്താനുള്ളത്. ഇവരിൽ 33പേരെ കാണാതായതിന് പൊലീസിന്റെ എഫ്.ഐ.ആർ പോലുമില്ല. നേരത്തേ രജിസ്റ്റർ ചെയ്തിരുന്ന 132 എഫ്.ഐ.ആറുകളിൽ ആറെണ്ണം ഇന്നലെ റദ്ദാക്കി.
തീരത്തിന്റെ ഹൃദയം തകർത്ത് ”ഓഖി” ചുഴലിക്കാറ്റ് വീശിയടിച്ചിട്ട് 27ദിവസമായിട്ടും നാവിക-വ്യോമ-തീരസംരക്ഷണസേനകളും മറൈൻ എൻഫോഴ്സ്‌മെന്റും പൊലീസും സ്വകാര്യബോട്ടുകളുമെല്ലാം തെരച്ചിൽ തുടരുകയാണ്.

തീരത്തും പള്ളിമുറ്റത്തും കണ്ണീരോടെ ഉറ്റവരെ കാത്തിരിക്കുകയാണ് ബന്ധുക്കൾ. മൃതദേഹങ്ങൾ കണ്ടെടുക്കാനോ മുങ്ങിയ ബോട്ടുകൾ കണ്ടെത്താനോ ഇപ്പോൾ കഴിയുന്നില്ല. തീരത്തടിയുന്ന മൃതദേഹങ്ങൾ കരയിലെത്തിക്കുകയാണ് ചെയ്യുന്നത്. പൂന്തുറ, വിഴിഞ്ഞം, തുമ്പ, വെട്ടുകാട്, വലിയതുറ, ചെറിയതുറ, അടിമലത്തുറ, പുല്ലുവിള, പൂവാർ എന്നിവിടങ്ങളിലുള്ളവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുങ്ങിക്കപ്പലുകളും മുങ്ങൽ വിദഗ്ദ്ധരെയും ഉപയോഗിച്ച് തെരച്ചിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് തീരവാസികൾ ആവശ്യപ്പെടുന്നത്.

ചെറിയ ഫൈബർ വള്ളങ്ങളിലും ചെറുബോട്ടുകളിലും കടലിലേക്ക് പോയ 88പേരുടെ കാര്യത്തിലാണ് ഏറെ ആശങ്ക. ഒരുമാസം വരെ മത്സ്യബന്ധനം നടത്താറുള്ള, വലിയ യന്ത്രവത്കൃത ബോട്ടുകളിൽ പോയവർ ക്രിസ്‌മസിന് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാരും തീരപ്രദേശവും. പക്ഷേ, കൊച്ചി, നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് വലിയബോട്ടുകളിൽ പോയ ആറുപേരേ മടങ്ങിയെത്തിയുള്ളൂ. ദുരന്തത്തിൽ 74പേർ ഇതുവരെ മരിച്ചതായാണ് സർക്കാരിന്റെ കണക്ക്. വിഴിഞ്ഞം, നെയ്യാറ്റിൻകര, പുല്ലുവിള, പൊഴിയൂർ, തുമ്പ, അടിമലത്തുറ, പൂന്തുറ, ചെറിയതുറ എന്നിവിടങ്ങളിലെ 27പേരെയാണ് തിരിച്ചറിഞ്ഞത്.

32മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കോഴിക്കോട്ട് 16ഉം കൊച്ചിയിൽ 5ഉം തിരുവനന്തപുരത്തും മലപ്പുറത്തും മൂന്നും കണ്ണൂരിൽ രണ്ടും കൊല്ലം, തൃശൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓരോ മൃതദേഹങ്ങളും തിരിച്ചറിയാനുണ്ട്. കാണാതായവരുടെ ഭാര്യയുടെയും മക്കളുടെയും ഡി.എൻ.എ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more