1 GBP = 104.15
breaking news

നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് അതിര്‍ത്തിയെ കുറിച്ച് യുകെയ്ക്ക് ഭ്രമാത്മകമായ ചിന്തകളെന്ന് ഇയു

നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് അതിര്‍ത്തിയെ കുറിച്ച് യുകെയ്ക്ക് ഭ്രമാത്മകമായ ചിന്തകളെന്ന് ഇയു

ബ്രക്‌സിറ്റിന് ശേഷം നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് അതിര്‍ത്തിയെ കുറിച്ച് യുകെ മുന്നോട്ട് വച്ച പൊസിഷന്‍ പേപ്പറുകള്‍ ഭ്രമാത്മക ചിന്തകളെന്ന്് ഇയു. ബ്രക്‌സിറ്റിനെ കുറിച്ചും നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് അതിര്‍ത്തിയെ കുറിച്ചും യുകെയ്ക്ക് ഇപ്പോഴും വ്യക്തമായ ധാരണകള്‍ ഒന്നുമില്ലെന്നും ഇയു കുറ്റപ്പെടുത്തി. നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് നടപടികള്‍ ഒരു വിലപേശല്‍ ഉപാധിയായി യുകെയ്ക്ക് ഉപയോഗിക്കാനാകില്ലെന്നും ഒരു മുതിര്‍ന്ന ഇയു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ച ബ്രിട്ടന്‍ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡുമായുള്ള അതിര്‍ത്തി സംബന്ധിച്ച പൊസിഷന്‍ പേപ്പര്‍ പ്രസിദ്ധീകരിച്ചിരുന്നു. ബ്രക്‌സിറ്റിന് ശേഷം റിപ്പബ്ലിക്ക് ഓഫ് അയര്‍ലാന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് അതിര്‍ത്തിയില്‍ പ്രത്യേക പരിശോധനാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് ഇതില്‍ വ്യക്തമാക്കിയിരുന്നു. ഈ അതിര്‍ത്തിയില് മാത്രം ഏകദേശം 300 ഓളം ക്രോസ്സിംഗ് പോയന്റുകളാണ് ഉള്ളത്. എന്നാല്‍ കസ്റ്റംസ് പരിശോധനകള്‍ക്ക് സാങ്കേതികവിദ്യയും അല്ലാതെയുള്ള പരിശോധനകളും ഉപയോഗിക്കും.

എന്നാല്‍ ഈ പദ്ധതിയുടെ പ്രായോഗികതയെ കുറിച്ച് ലേബര്‍ പാര്‍ട്ടി അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. ഇത്തരം ഒരു ആശയത്തെ തങ്ങള്‍ പിന്താങ്ങുന്നില്ലെന്ന് ഇയു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇയുവില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനം യുകെയുടേതാണ്. അയര്‍ലാന്‍ഡിന്റെയോ ഇയുവിന്റേതോ അല്ല, അതിനാല്‍ ഇതിനുള്ള ഉത്തരവാദിത്വവും യുകെയുടേതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയിലെ പ്രവര്‍ത്തനം സംബന്ധിച്ച് യുകെ മുന്നോട്ട് വച്ച് പൊസിഷന്‍ പേപ്പറിലുള്ളത് വെറും മായികമായ ചിന്തകളാണ്. ഇതൊരിക്കലും പ്രായോഗികമായി നടപ്പിലാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിലപേശല്‍ ചര്‍ച്ചകള്‍ മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ യുകെയുടെ ഭാഗത്ത് നിന്ന് വസ്തുതാപരമായ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയര്‍ലാന്‍ഡ് ഇപ്പോഴും ഇയുവിന്റേയും കസ്റ്റംസ് യൂണിയന്റേയും ഭാഗമാണ്. അതായത് അയര്‍ലാന്‍ഡ് യൂറോപ്യന്‍ യൂണിയന്റെ ഏകീകൃത കസ്റ്റംസ് ഏരിയില്‍ ഉള്‍പ്പെടുന്നതും മൊ്ത്തം യൂറോപ്യന്‍ യൂണിയനും പൊതുവായുള്ള എക്‌സ്റ്റേണല്‍ താരിഫ് ബാധകവുമായ രാജ്യമാണ്. ഇയുവില്‍ നിന്ന് പുറത്തുപോകുന്നതിനൊപ്പം യുകെ കസ്റ്റംസ് യൂണിയനില്‍ നിന്നും പുറത്തുപോകുന്നതോടെ റിപ്പബ്ലിക്ക് ഓഫ് അയര്‍ലാന്‍ഡിനും നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിനും ഇടയിലുല്‌ള അതിര്‍ത്തി ഇയു അതിര്‍ത്തിയായും കസ്റ്റംസ് അതിര്‍ത്തിയാകും മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ സാഹചര്യം ഏറെ സങ്കീര്‍ണ്ണമാണ്. നോര്‍ത്തേണ്‍ അയര്‍ലാന്‍ഡും റിപ്പബ്ലിക്ക് ഓഫ് അയര്‍ലാന്‍ഡും തമ്മിലുള്ള അതിര്‍ത്തി നിയന്ത്രണത്തെ ഇരുരാജ്യങ്ങളിലേയും രാഷ്ട്രീയ നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. നിലവില്‍ യുകെ മുന്നോട്ട് വച്ച് പൊസിഷന്‍ പേപ്പര്‍ ഈ മേഖലയിലെ സമാധാനം നിലനിര്‍ത്താനുദ്ദേശിച്ചുള്ളതാണ്. യുകെയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് റിമെയ്ന്‍ പക്ഷത്തിന് വിജയം ലഭിച്ച പ്രദേശമാണ് നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്.
എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനാണ് ഇയു ശ്രമിക്കുന്നതെന്ന് യുകെ വൃത്തങ്ങള്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് അതിര്‍ത്തി സംബന്ധിച്ച യുകെ വ്യക്തമായ തീരുമാനം അറിയിച്ചിട്ടുണ്ട. ഇയുവിന്റെ ഇക്കാര്യത്തിലെ അഭിപ്രായത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണ് എന്നും എന്നാല്‍ പുറത്തുവരുന്ന പ്രതികരണങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് വിഷയത്തിലെ മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നുമാണ് മനസ്സിലാക്കാനാകുന്നതെന്നും യുകെ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിനെ വിലപേശല്‍ ഉപകരണമാക്കാനോ ഇത് വച്ച് കളിയ്ക്കാനോ യുകെ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യുകെയും അയര്‍ലാന്‍ഡും തമ്മിലുള്ള പ്രത്യേക ബന്ധം അവസാനിപ്പിക്കുന്നതിന് ആരും വോട്ട് ചെയ്തിട്ടില്ലെന്ന് പൊസിഷന്‍ പേപ്പര്‍ പുറത്തിറക്കികൊണ്ട് യുകെ വ്യക്തമാക്കിയിരുന്നു. ഇയുവിലെ അംഗത്വം ഉപേക്ഷിക്കുന്നത് കൊണ്ട് ഈമേഖലയിലെ സമാധാന ശ്രമങ്ങളെ വിലകുറച്ച് കാണാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more