1 GBP = 104.21
breaking news

ബിഷപ്പിന് ജാമ്യമില്ല; രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബിഷപ്പിന് ജാമ്യമില്ല; രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാല മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്നുച്ചയ്ക്ക് 2.30 മുതല്‍ 24 ന് ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡിയുടെ കാലാവധി. ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് നല്‍കണം എന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. പൊലീസ് കസ്റ്റഡിയില്‍ തന്നെ വിടരുതെന്ന് ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ രക്ത സാമ്പിളും ഉമീനീരും പൊലീസ് ബലമായാണ് ശേഖരിച്ചത് എന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.

 

രാവിലെ മെഡിക്കല്‍ കോളെജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിലേക്കായിരുന്നു ആദ്യം കൊണ്ടുപോയത്. അതിനുശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്.

ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാവിലെ മെഡിക്കല്‍ കോളെജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രി പരിസരത്ത് ബിഷപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ബിഷപ്പിനെതിരെ കൂകി വിളിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.

ഇന്നലെ തൃപ്പൂണിത്തറയില്‍ നിന്നുള്ള യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിഷപ്പിനെ പൊലീസുകാര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. യാത്രക്കിടയില്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും പൊലീസുകാരോട് ബിഷപ്പ് പറഞ്ഞു. തുടര്‍ന്നാണ് ബിഷപ്പിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം കോട്ടയത്തേക്ക് കൊണ്ടുവരും വഴിയായിരുന്നു ബിഷപ്പിന് രക്തസമ്മര്‍ദ്ദം കൂടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more