1 GBP = 104.15
breaking news

ഇംഗ്ലീഷ് ഭാഷ മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങൾക്ക് പച്ചക്കൊടിയുമായി എൻ എം സി

ഇംഗ്ലീഷ് ഭാഷ മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങൾക്ക് പച്ചക്കൊടിയുമായി എൻ എം സി

ലണ്ടൻ: നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) നേഴ്‌സുമാരുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി പിൻ നമ്പർ ലഭിക്കുന്നതിനുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിൽ രണ്ട് പ്രധാന മാറ്റങ്ങൾ അംഗീകരിച്ചു. എൻ എം സി കൗൺസിൽ യോഗത്തിൽ, റെഗുലേറ്ററിന് അതിന്റെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിൽ മാറ്റങ്ങൾ വരുത്താനുള്ള പച്ചക്കൊടി ലഭിച്ചു, 2023-ൽ പുതിയ നിയമങ്ങൾ നടപ്പിലാകുമെന്നാണ് ലഭിക്കുന്ന വിവരം.

എൻ‌എം‌സിയുടെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്നവർ കൗൺസിലിന്റെ തീരുമാനത്തെ മലയാളികളടക്കമുള്ള നേഴ്സിംഗ് സമൂഹം സ്വാഗതം ചെയ്തു. യുകെയിൽ നഴ്‌സുമാരായി ജോലി ചെയ്യാനുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ അന്താരാഷ്ട്ര നഴ്‌സുമാരെ പ്രാപ്തരാക്കുമെന്ന് നേഴ്‌സുമാർ പറഞ്ഞു.

ആദ്യ മാറ്റം എൻഎംസിയുടെ ഇംഗ്ലീഷ് ഭാഷാ പരീക്ഷകളുമായി ബന്ധപ്പെട്ടതാണ്. വ്യക്തികൾക്ക് രണ്ട് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കേണ്ടിവരുമ്പോൾ അത് സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറുകൾ സ്റ്റാൻഡേർഡ് ചെയ്യാൻ എൻഎംസി അംഗീകാരം നൽകിയെന്നതാണ് പ്രധാനകാര്യം. കൂടാതെ, അപേക്ഷകർക്ക് അവരുടെ ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കാൻ കഴിയുന്ന കാലയളവ് ആറ് മാസത്തിൽ 12 മാസം വരെ നീട്ടാനും നിർദ്ദേശിക്കുന്നുണ്ട്.

ഇംഗ്ലീഷ് പ്രധാന ഭാഷയല്ലാത്ത രാജ്യത്ത് നിന്നെത്തുന്ന നേഴ്‌സുമാർക്ക് ആവശ്യമായ സ്കോർ നഷ്‌ടപ്പെട്ട അവസ്ഥയിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ പിന്തുണാ തെളിവായി തൊഴിലുടമകളിൽ നിന്ന് അനുബന്ധ വിവരങ്ങൾ സ്വീകരിക്കുന്നുവെന്നതാണ് രണ്ടാമത്തെ മാറ്റം.

34,000 പ്രതികരണങ്ങൾ ലഭിച്ച എട്ടാഴ്ചത്തെ കൺസൾട്ടേഷനെ തുടർന്നാണ് ഈ പ്രമേയം എൻഎംസിക്ക് മുന്നിൽ വച്ചത്. കഴിഞ്ഞ ദശകത്തിലെ ഏതൊരു എൻഎംസി കൺസൾട്ടേഷന്റെയും റെക്കോർഡാണിതെന്ന്
കൗൺസിലിൽ നിർദ്ദേശങ്ങൾ അവതരിപ്പിച്ച എൻഎംസിയിലെ സ്ട്രാറ്റജി ആൻഡ് ഇൻസൈറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മാത്യു മക്ലെലാൻഡ് പറഞ്ഞു. യുകെയിൽ നിന്നും വിവിധ പ്രേക്ഷകരിൽ നിന്നും കൺസൾട്ടേഷന് നല്ല ഇടപെടലുകൾ ലഭിച്ചു. അന്താരാഷ്ട്ര തലത്തിൽ വിദ്യാഭ്യാസം നേടിയവരും അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നവരും തൊഴിലുടമകളും മാറ്റങ്ങളെ പിന്തുണക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.

യുകെയിലെത്തിയതിനു ശേഷം ഇംഗ്ലീഷിൽ പഠിച്ച് എക്സാം പാസായി പോസ്റ്റ് ഗ്രഡ്ജുവേറ്റ് യോഗ്യത നേടിയത് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൻ്റെ തെളിവായി സ്വീകരിക്കണമെന്ന പ്രൊപ്പോസൽ ഗവേണിംഗ് കൗൺസിൽ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ പ്രൊപ്പോസലിന് സമാനമായ പിന്തുണ കൺസൾട്ടേഷനിൽ ലഭിച്ചെങ്കിലും മുന്നോട്ട് ഇക്കാര്യം പരിഗണിക്കുന്നതിൽ തടസങ്ങൾ ഉണ്ടായതിനാൽ ഒഴിവാക്കുകയാണെന്ന് എൻ എം സി സൂചിപ്പിച്ചു.

ഇന്ത്യയിൽ നിന്നും നഴ്സിംഗ് ക്വാളിഫൈഡ് ആയി യുകെയിൽ എത്തിയെങ്കിലും പിൻ നമ്പർ ലഭിക്കാതെ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരായി വർഷങ്ങളായി ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ നിരവധിയാണ്. ഇവർക്ക് എൻ എം സി രജിസ്ട്രേഷൻ ലഭ്യമാകാൻ വഴി തുറക്കുന്ന നടപടിയിലേയ്ക്ക് നയിക്കുന്നതാണ് കൺസൾട്ടേഷൻ പ്രൊപ്പോസലുകൾക്ക് എൻ എം സി ഗവേണിംഗ് കൗൺസിൽ നൽകുന്ന അഗീകാരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more