1 GBP = 104.15
breaking news

ഫാസ്റ്റാഗിന് പകരം ജിപിഎസ്; അടുത്ത വർഷം മുതൽ ടോൾ ബൂത്തുകൾ അപ്രത്യക്ഷമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി

ഫാസ്റ്റാഗിന് പകരം ജിപിഎസ്; അടുത്ത വർഷം മുതൽ ടോൾ ബൂത്തുകൾ അപ്രത്യക്ഷമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ടോള്‍ ബുത്തുകള്‍ അപ്രത്യക്ഷമാകുമെന്നും ടോള്‍ പിരിവ് ജിപിഎസ് സംവിധാനത്തിലൂടെയായിരിക്കുമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത വര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്നും ടോള്‍ പിരിവ് ജിപിഎസ് അധിഷ്ഠിതമാകുന്നതോടെ ഗതാഗതം സുഗമമാകുമെന്നും ഗഡ്കരി പാര്‍ലമെന്റില്‍ വ്യക്തമാക്കി. പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗായിരിക്കുകയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

കഴിഞ്ഞ ഡിസംബറിലാണ് നിതിന്‍ ഗഡ്കരി ഇന്ത്യയെ ടോള്‍ മുക്തമാക്കുമെന്ന വാഗ്ദാനം മുന്നോട്ടുവെയ്ക്കുന്നത്. അത് അടുത്ത വര്‍ഷത്തോടെ യാഥാര്‍ത്ഥ്യമാക്കുമെന്ന ഉറപ്പാണ് ഇന്ന് പാര്‍ലമെന്റില്‍ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്. ടോള്‍ ബൂത്തുകളുടെ തടസ്സങ്ങളില്ലാതെ യാത്ര സുഗമമാക്കുവാന്‍ വേണ്ടിയാണ് കേന്ദ്രം ഇത്തരം ഒരു തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്തെ ഗതാഗതം കൂടുതല്‍ അയാസകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യന്‍ ടെക്‌നോളജിയുടെ സഹായത്തോടെയാണ് രാജ്യത്തെ ടോള്‍ പിരിവ് ജിപിഎസ് കേന്ദ്രീകൃതമാക്കുന്നത്. ഇതുവഴി വാഹനയുടമയുടെ ബാങ്ക് അക്കൗണ്ടുവഴി ടോള്‍ ഈടാക്കപ്പെടും വിധത്തിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

ടോള്‍ പിരിവിലൂടെ ഗതാഗത തടസ്സം രൂക്ഷമാകുന്നത് കണക്കിലെടുത്ത് കേന്ദ്രം നേരത്തെ ഫാസ്റ്റ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരിക്കുള്ളില്‍ ഫസ്റ്റ്ടാഗ് കര്‍ശനമാക്കുമെന്ന നിര്‍ദ്ദേശവും കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. അതുവഴി ഡിജിറ്റല്‍ പേമെന്റിനെ പ്രേത്സാഹിപ്പിക്കാമെന്നും ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ നില്‍ക്കുന്ന സമയം ലാഭിക്കാമെന്നും അതുവഴി ഇന്ധന ദുര്‍വിനിയോഗം കുറയ്ക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. ഇതിനായി ‘എം’ , ‘എന്‍’ കാറ്റഗറി ഫാസ്റ്റ്ടാഗുകളും കേന്ദ്രം നിശ്ചയിച്ചിരുന്നു. ഇതില്‍ എം കാറ്റഗറി നാല് ചക്ര വാഹനങ്ങളും എന്‍ കാറ്റഗറികൊണ്ടുദ്ദേശിക്കുന്നത് ചരക്കും മറ്റും കയറ്റിക്കൊണ്ട് പോകുന്ന വാഹനങ്ങളുമാണ്. എന്നാല്‍ ടോള്‍ പ്ലാസകളിലൂടെ കടന്നു പോകുമ്പോള്‍ ഇവയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നാല്‍ വാഹനയുടമയ്ക്ക് ടോള്‍ ഒന്നിലധികം തവണ നല്‍കേണ്ടി വരും എന്നത് ഫാസ്റ്റ്ടാഗിന്റെ ഒരു വെല്ലുവിളിയായിട്ടാണ് കേന്ദ്രം വിലയിരുത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more