1 GBP = 107.78
breaking news

നിജ്ജാർ വധം: കാനഡ അന്വേഷണം തുടരണമെന്ന് അമേരിക്ക

നിജ്ജാർ വധം: കാനഡ അന്വേഷണം തുടരണമെന്ന് അമേരിക്ക

വാഷിങ്ടൺ: ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ അന്വേഷണം തുടരണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മില്ലർ. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളിൽ ആശങ്കയുണ്ട്. 

ഇതുസംബന്ധിച്ച് കനേഡിയൻ അധികൃതരുമായി ചർച്ച തുടരുകയാണ്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിജ്ജാർ വധത്തെ തുടർന്ന് മോശമായ ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തെ ബാധിക്കില്ലെന്ന് കനേഡിയൻ സൈനിക ഉപമേധാവി മേജർ ജനറൽ പീറ്റർ സ്കോട്ട് പറഞ്ഞു. 

ഇന്തോ- പസഫിക് സൈനിക മേധാവിമാരുടെ സമ്മേളനത്തിന് ന്യൂഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം. രാഷ്ട്രീയതലത്തിൽ പരിഹരിക്കേണ്ട വിഷയമാണിത്. കൊലപാതകത്തിൽ കനേഡിയൻ പ്രധാനമന്ത്രി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അത് നടന്നുവരുകയാണ്. ഇന്ത്യൻ സൈനിക മേധാവിയുമായി ഇക്കാര്യം സംസാരിച്ചു. സൈനിക സഹകരണത്തെ നിലവിലെ വിഷയങ്ങൾ ബാധിക്കില്ലെന്ന് അദ്ദേഹവും ഉറപ്പുനൽകിയിട്ടുണ്ട്. പ്രദേശത്ത് സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടാകുമെന്നും പീറ്റർ സ്കോട്ട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more