1 GBP = 104.23
breaking news

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻഡി തിവാരി അന്തരിച്ചു

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻഡി തിവാരി അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരി അന്തരിച്ചു. 93 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായ ഏക ഇന്ത്യക്കാരനാണ് എന്‍.ഡി തിവാരി. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു.

ഉത്തര്‍പ്രദേശില്‍ മൂന്നു തവണ മുഖ്യമന്ത്രിയായി. 1976-77 കാലത്താണ് ആദ്യമായി മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്. 1984-85 ല്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തി. പിന്നീട് 1988 – 89 ല്‍ മൂന്നാം വട്ടവും തിവാരി മുഖ്യമന്ത്രി പദവിയിലെത്തി. ഇതിനിടെ 1986-87 കാലഘട്ടത്തില്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയും 1987-88 കാലത്ത് ധനകാര്യ മന്ത്രിയുമായി. ഉത്തര്‍പ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോള്‍ ഉത്തരാഖണ്ഡിലും അദ്ദേഹം മുഖ്യമന്ത്രിയായി. 2002 മുതല്‍ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. 2007 മുതല്‍ 2009 വരെ ആന്ധ്രാപ്രദേശിന്റെ ഗവര്‍ണറുമായി. 2009 ലുണ്ടായ ലൈംഗിക വിവാദത്തില്‍ പെട്ട് രാജിവെച്ചു.

1990കളില്‍ പ്രധാനമന്ത്രിയാകാന്‍ വരെ സാധ്യത കല്‍പ്പിച്ചിരുന്ന തിവാരി ’94ല്‍ കോണ്‍ഗ്രസ് വിട്ട് അര്‍ജുന്‍ സിങ്ങുമായി ചേര്‍ന്ന് കോണ്‍ഗ്രസ് (തിവാരി) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് സോണിയ ഗാന്ധിയെ അധ്യക്ഷയായി അംഗീകരിച്ച് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു.

രാഷ്ട്രീയത്തില്‍ മികച്ച പദവികള്‍ സ്വന്തമാക്കിയ തിവാരി വിവാദങ്ങളിലും അകപ്പെട്ടു. രോഹിത് ശേഖര്‍ എന്ന യുവാവ് തന്റെ പിതാവ് തിവാരിയാണെന്ന് വെളിപ്പെടുത്തി രംഗത്തുവന്നതാണ് അതിലൊന്ന്. തുടര്‍ന്ന് രോഹിതിന്റെ പിതൃത്വം നിഷേധിച്ച തിവാരിയെ ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കിയിരുന്നു.

പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ രോഹിതിന്റെ പിതാവ് തിവാരിയാണെന്ന് കോടതി വിധിച്ചു. ആറു വര്‍ഷം നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് രോഹിതിനെ മകനായി അദ്ദേഹം അംഗീകരിച്ചത്. ഇതേതുടര്‍ന്ന് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയും രോഹിതിന്റെ മാതാവുമായ ഉജ്വല ശര്‍മയെ 88ാം വയസില്‍ അദ്ദേഹം വിവാഹം കഴിച്ചു.

ഗവര്‍ണറായിരിക്കെ തെലുങ്കു വാര്‍ത്താ ചാനല്‍ പുറത്തുവിട്ട സെക്‌സ് സ്‌കാമിലും തിവാരി കുടുങ്ങി. രാജ്ഭവനിലെ തന്റെ കിടപ്പറയില്‍ മൂന്നു യുവതികളോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍, സ്‌കാമിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ച തിവാരിക്ക് പിന്നീട് ഗവര്‍ണര്‍ പദവി ഒഴിയേണ്ടി വന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more