1 GBP = 104.15
breaking news

മുല്ലപെരിയാറിന്‍റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

മുല്ലപെരിയാറിന്‍റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപെരിയാറിന്‍റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീരൊഴുക്കിന് തുല്യമായ വെള്ളം തുറന്നു വിടണമെന്ന് തമിഴ്നാട് സർക്കാറിനോട് ആഭ്യർഥിച്ചിട്ടുണ്ട്. മുല്ലപെരിയാർ വിഷയത്തിൽ ഇടപെടണമെന്ന് കേന്ദ്ര സർക്കാറിനോടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മഴക്കെടുതിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരുമായി സംസാരിച്ചിട്ടുണ്ട്. കേരളത്തിന്‍റെ ആവശ്യങ്ങളോട് അനുഭാവപൂർവമാണ് കേന്ദ്രസർക്കാർ പ്രതികരിച്ചത്. വിഷയത്തിൽ കേരളത്തെ സഹായിക്കാമെന്ന് കേന്ദ്രത്തിന്‍റെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

തീരപ്രദേശങ്ങളിലും നദീകരകളിലും ഉള്ളവർ അതീവ ജാഗ്രത പുലർത്തണം. വെള്ളം കയറാൻ സാധ്യത ഉള്ളിടത്ത് നിന്ന് മാറില്ലെന്ന് ജനങ്ങൾ പറയരുത്. അശ്രദ്ധ കൊണ്ട് അപകടമുണ്ടാകാൻ പാടില്ല. ഇതിനോട് എല്ലാവരും സഹകരിക്കണം. ഏകോപിത പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആലുവയിൽ കൂടുതൽ വെള്ളം കയറാൻ സാധ്യതയുണ്ട്. ഇടുക്കിയിൽ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടും. കുട്ടനാട്ടിൽ ഇപ്പോൾ കുഴപ്പമില്ലെങ്കിലും വെള്ളം കയറാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആവശ്യമുള്ള സ്ഥലങ്ങളിൽ കുടിവെള്ള വിതരണത്തിന് അടിയന്തര നടപടി സർക്കാർ സ്വീകരിക്കും. ടാങ്കറുകളിൽ വെള്ളം എത്തിക്കും. കുടിവെള്ള വിതരണത്തിന് പ്രത്യേക പ്രാധാന്യം നൽകും. ഹെലികോപ്ടർ വഴി അടക്കം കുടിവെള്ളം എത്തിക്കും.

നെടുമ്പാശേരി വിമാനത്താവളം അടച്ചപ്പോൾ വലിയ പ്രശ്നമുണ്ടായി. യാത്രക്കാർക്കുള്ള പ്രയാസം പരിഹരിക്കാൻ സർക്കാർ ഇടപെടും. ചെറിയ വിമാനങ്ങൾ മുതൽ ബോയിങ് 737 വരെ നേവൽ ബേസിൽ ഇറക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. അതിന് നാവികസേന സമ്മതിച്ചിട്ടുണ്ട്. വലിയ വിമാനങ്ങൾ കോഴിക്കോടോ തിരുവനന്തപുരത്തോ ഇറക്കണം. ഇറങ്ങുന്നവർക്ക് അതാത് സ്ഥലങ്ങളിലെത്താൻ കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ഏർപ്പെടുത്തും. കാര്യങ്ങൾ ഏകോപിപ്പിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ കൂടുതൽ ബോട്ടുകൾ എത്തിക്കും. കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകൾക്ക് പുറമെ കല്യാണമണ്ഡപങ്ങൾ അടക്കമുള്ള മറ്റ് പൊതു ഇടങ്ങളും ദുരിതാശ്വാസ ക്യാമ്പുകളാക്കും. ക്യാമ്പുകളിൽ ജനറേറ്റർ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ ക്യാമ്പുകളിൽ ഒന്നര ലക്ഷത്തോളം പേരുണ്ടെന്നും പിണറായി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more