1 GBP = 104.63
breaking news

കൈരളി യു.കെ  കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺ ആസക്തിയെപ്പറ്റി ചർച്ച സംഘടിപ്പിക്കുന്നു

കൈരളി യു.കെ  കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺ ആസക്തിയെപ്പറ്റി ചർച്ച സംഘടിപ്പിക്കുന്നു

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു കൈരളി യു.കെ  
‘കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺ/ ഇന്റർനെറ്റ് ആസക്തി’  എന്ന വിഷയത്തിൽ പാനൽ ഡിസ്കഷൻ സംഘടിപ്പിക്കുന്നു. മൊബൈൽ ഫോൺ / മറ്റു  ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികളിൽ സൃഷ്ടിക്കുന്ന  മാനസിക ആരോഗ്യ പ്രശ്നങ്ങളെന്തൊക്കെയെന്നും  അതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കേണ്ട മാർഗങ്ങളെ കുറിച്ചുമുള്ള ചർച്ച നയിക്കുന്നത്  ബാംഗ്ലൂർ സെന്റ്.ജോൺസ് മെഡിക്കൽ കോളേജിൽ സൈക്കാട്രിക് സോഷ്യൽ വർക്ക് ഡിപ്പാര്ട്മെൻറിൽ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ.റെനി തോമസ്, കേരള ഗവണ്മെന്റ് ഹെൽത്ത് സർവീസിലെ  കൺസൽട്ടൻറ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ.സന്ദീഷ് തുടങ്ങിയ മാനസികാരോഗ്യ മേഖലയിലെ  വിദഗ്ദരാണ്.  ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്ന ഒക്ടോബർ പത്തിന് യു കെ സമയം വൈകീട്ട് 5 മണിക്ക്  (ഇന്ത്യൻ സമയം രാത്രി 9.30) ഓൺലൈനിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ മാതാപിതാക്കളുടെ സംശയങ്ങൾ നേരിട്ട് പാനെലിസ്റ്റുകളോട് ചോദിക്കാനുള്ള അവസരവും ഉണ്ടാകും.

 
വിജ്ഞാനം വിരൽ തുമ്പിലെത്തുന്ന ഈ നൂറ്റാണ്ടിൽ സ്മാർട്ട് ഫോണും ഇന്റർനെറ്റുമെല്ലാം ഒഴിച്ചു കൂടാനാവാത്ത വിധം ഇന്നത്തെ ജീവിത രീതിയുടെ ഭാഗമാകുമ്പോൾ പഠന സഹായി എന്ന രീതിയിൽ ഉപയോഗിക്കാനായി വാങ്ങി നൽകുന്ന സ്മാർട്ട് ഫോൺ അടക്കമുള്ള  ഇലക്ട്രോണിക് ഉപകരണങ്ങൾ പലതും കുട്ടികളിൽ  അഡിക്ഷൻ ഉണ്ടാക്കുന്നതായും തുടർച്ചയായ ഉപയോഗം പിന്നീട് മാനസിക ആരോഗ്യ പ്രശ്‍നങ്ങളിലേക്കും അവരുടെ ഓർമ്മ ശക്തിയെയും ബുദ്ധി ശക്തിയെയും ബാധിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.  ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഫോൺ ഉപയോഗം മാറ്റി നിർത്താൻ   കഴിയാത്തതാണെങ്കിലും കുട്ടികളിൽ കണ്ടു വരുന്ന  ഫോൺ അഡിക്ഷൻ മാതാപിതാക്കളിൽ വളരെയധികം ആശങ്കകൾ  സൃഷ്ടിക്കുന്നുണ്ട്. പക്ഷെ എങ്ങനെ ആരോഗ്യപരമായി സ്മാർട്ട് ഫോണുകളുടെ ഉപയോഗത്തെ നിയന്ത്രിക്കാം എന്ന ചോദ്യം അപ്പോഴും അവർക്കു മുന്നിൽ അവശേഷിക്കുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ മാനസിക ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾക്കു  പ്രാധാന്യവുമേറുന്നു. കൈരളി യു  കെ യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി യൂകെയിലെയും മറ്റ് രാജ്യങ്ങളിലെയും നൂറു കണക്കിന്  മാതാപിതാക്കൾക്ക്  ഈ വിഷയത്തിൽ കൃത്യമായ   മാർഗ നിർദ്ദേശം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

 
യു കെ യിലെ പ്രമുഖ മലയാളി സംഘടനയായ കൈരളി യു കെ  ഇതിനു മുമ്പും മാനസിക ആരോഗ്യ അവബോധന പരിപാടികൾ  സംഘടിപ്പിച്ചിട്ടുണ്ട്. മാനസിക സാമൂഹിക പ്രശ്നങ്ങളിൽ സഹായം തേടാനുള്ള വിമുഖത എന്ന വിഷയത്തിൽ  ഫെബ്രുവരിയിൽ  ഓൺലൈൻ വഴി  നടത്തിയ തുറന്ന ചർച്ച യു കെ മലയാളികൾക്കിടയിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  യു കെ യിലെ പലഭാഗങ്ങളിൽ താമസിക്കുന്നവർക്കും  വിദ്യാർത്ഥികൾ  ഉൾപ്പെടെ പുതിയതായി എത്തിയവർക്കും  ഇടയിലെ  മാനസിക ആരോഗ്യ പ്രശ്‍നങ്ങൾ നേരിടുന്നവർക്ക് എപ്പോൾ വേണമെങ്കിലും സഹായം അഭ്യർത്ഥിക്കാൻ കഴിയുന്ന രീതിയിൽ  യു കെ യിൽ തന്നെ  സേവനം അനുഷ്ഠിക്കുന്ന മലയാളികളായ സോഷ്യൽ വർക്കേഴ്സ് , സൈക്കാട്രിസ്റ്റ്  കൗൺസിലേഴ്‌സ് തുടങ്ങിയ വിദഗ്ധരുടെ ഒരു വാട്ടസ്ആപ് കൂട്ടായ്മയും കൈരളി യു കെ യുടെ കീഴിൽ  പ്രവർത്തിച്ചു വരുന്നുണ്ട്.  

ഒക്ടോബർ 10  ചൊവ്വാഴ്ച നടക്കുന്ന പരിപാടിയുടെ ലിങ്ക് ഇതോടൊപ്പം നൽകുന്നു – https://fb.me/e/3XPPKkJR8

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more