1 GBP = 104.15
breaking news

മലയാളം മിഷൻ യുകെ ചാപ്റ്റർ ഓൺലൈൻ പഠന ക്ലാസിന്റെ ഉദ്ഘാടനവും സാംസ്കാരിക സംവാദവും ശ്രദ്ധേയമായി. പുതുതലമുറയിലേക്ക് മലയാള ഭാഷാപഠനം എത്തിക്കുവാനുള്ള വലിയ സാധ്യതയാണ് ഓൺലൈൻ ക്ലാസുകളെന്ന് നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ.

മലയാളം മിഷൻ യുകെ ചാപ്റ്റർ ഓൺലൈൻ പഠന ക്ലാസിന്റെ ഉദ്ഘാടനവും സാംസ്കാരിക സംവാദവും ശ്രദ്ധേയമായി. പുതുതലമുറയിലേക്ക് മലയാള ഭാഷാപഠനം എത്തിക്കുവാനുള്ള വലിയ സാധ്യതയാണ് ഓൺലൈൻ ക്ലാസുകളെന്ന് നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ.

എബ്രഹാം കുര്യൻ

ലണ്ടൻ : മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിക്കുവാൻ പോകുന്ന ഓൺലൈൻ പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനവും “ടെക്നോളജിയുടെ കാലത്തെ ഭാഷാ പഠനം, സാധ്യതകളും -വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സാംസ്കാരിക സംവാദവും ശ്രദ്ധേയമായി. ലണ്ടനിലെ ഈസ്റ്റ് ഹാമിലുള്ള എം എ യു കെ യുടെ ആസ്ഥാനമായ കേരള ഹൗസിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ടെക്നോളജിയുടെ ഈ കാലഘട്ടത്തിൽ പുതുതലമുറയിലേക്ക് മലയാള ഭാഷാപഠനവും നാടിന്റെ സംസ്കാരവും പൈതൃകവുമൊക്കെ എത്തിക്കുവാനുള്ള വലിയ സാധ്യതയാണ് ഓൺലൈൻ ക്ലാസ്സുകളിലൂടെ തുറക്കുന്നതെന്ന് മലയാളം മിഷൻ യു കെ ചാപ്റ്റർ ഓൺലൈൻ പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രശസ്ത നോവലിസ്റ്റും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ഭാരവാഹികളോടൊപ്പം എം എ യു കെയുടെ ഭാഗമായ “കട്ടൻകാപ്പിയും കവിതയും” എന്ന സാഹിത്യ കൂട്ടായ്മയുടെ പ്രവർത്തകരും ഓൺലൈൻ പഠന ക്ലാസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു.

കഴിഞ്ഞ ആറ് വർഷമായി മലയാളം മിഷന്റെ നേതൃത്വത്തിലുള്ള ഭാഷാ പഠന കേന്ദ്രങ്ങൾ യുകെയുടെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ടെങ്കിലും കൂടുതൽ മലയാളി കുടുംബങ്ങളുടെ അഭാവം മൂലം മലയാളം ക്ലാസുകൾ സംഘടിപ്പിക്കുവാൻ സാധിക്കാത്ത സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് മലയാളം പഠിക്കുവാനുള്ള സാഹചര്യം ഒരുക്കുന്നതിനു വേണ്ടിയാണ് മലയാള മിഷൻ യു കെ ചാപ്റ്റർ ഓൺലൈൻ പഠന ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചത് . യുകെയിലെ പ്രത്യേകമായ സാഹചര്യങ്ങൾ മൂലം ചില സ്ഥലങ്ങളിൽ പഠന കേന്ദ്രങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ല. അത്തരം സ്ഥലങ്ങളിൽ വസിക്കുന്ന കുട്ടികളെയും മലയാളഭാഷ പഠിപ്പിക്കുക എന്നത് മാത്രമാണ് ഓൺലൈൻ പഠന ക്ലാസിന്റെ ഉദ്ദേശം. നിലവിലുള്ള ഭാഷാപഠന സ്കൂളുകൾ സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും യുകെയിൽ എവിടെയെല്ലാം മലയാളികൾ ഉണ്ടോ അവിടെയെല്ലാം മലയാളം സ്കൂളുകൾ ആരംഭിക്കണമെന്നുമാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ വിഭാവനം ചെയ്യുന്നത് .

യുകെയിൽ ആരംഭിക്കുന്ന ഓൺലൈൻ പഠന ക്ലാസുകൾക്ക് വേണ്ട നിർലോഭമായ സഹായസഹകരണങ്ങൾ മലയാളം മിഷൻ നൽകുവാൻ തയ്യാറാണെന്ന് മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

മലയാളം മിഷന്റെ പരിശീലനം ലഭിച്ച അധ്യാപകർ ആയിരിക്കും ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കുന്നത്. പഠനകേന്ദ്രങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠന ക്ലാസുകളിൽ ചേരുവാനുള്ള രജിസ്ട്രേഷൻ ഫോം സഹിതമുള്ള വിഷദാംശങ്ങൾ മലയാളം മിഷൻ യു കെ ചാപ്റ്റർ വാർത്താകുറിപ്പിലൂടെ അടുത്ത ദിവസങ്ങളിൽ ഏവരെയും അറിയിക്കുന്നതാണ്.

ടെക്നോളജിയുടെ കാലത്തെ മലയാള ഭാഷാ പഠനം, സാധ്യതകളും-വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രശസ്ത നോവലിസ്റ്റും വിവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് , വയലാർ അവാർഡ് , കമല സുരയ്യ പ്രതിഭ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളുടെ ജേതാവുമായ ടി.ഡി. രാമകൃഷ്ണൻ വിശദമായി സംസാരിച്ചു. ഈ ഓൺലൈൻ ക്ലാസ്സ് തന്നെ ടെക്നോളജിയിലൂടെ ഭാഷാ പഠനത്തിനുള്ള ഒരു വലിയ സാധ്യതയായി അദ്ദേഹം ചൂണ്ടിക്കാട്ടി. ടെക്നോളജി തീർച്ചയായും ഭാഷാ പഠനത്തെ സഹായിക്കും എന്ന് ഉദാഹരണസഹിതം അദ്ദേഹം വിശദീകരിച്ചു. എങ്കിലും ടെക്നോളജി മാനവരാശിക്ക് ഗുണകരമായല്ലാതെ ഉപയോഗപ്പെടുത്തുന്ന ധാരാളം ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. അവയ്ക്കെതിരെ ജാഗ്രത പുലർത്തിക്കൊണ്ട് ടെക്നോളജി ഭാഷാ വികസനത്തിന് ഉപയോഗിക്കണമെന്നും അതിന് ശ്രമിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്ററിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.

മുഖ്യാതിഥിയായി എത്തിച്ചർന്ന പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന് മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രതിനിധികൾ ചേർന്ന് മലയാളം മിഷന്റെ സ്നേഹോപഹാരമായി മൊമെന്റോ നൽകി ആദരിച്ചു.

മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2017ൽ അന്നത്തെ ബഹു സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ലണ്ടനിലെ കേരള ഹൗസിൽ വച്ചു ഉദ്ഘാടനം ചെയ്ത് ആരംഭിച്ച മലയാള മിഷൻ യു കെ ചാപ്റ്റർ സ്തുത്യർഹമായപ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നതെന്നും 2021ലെ മലയാളം മിഷന്റെ മുഴുവൻ ചാപ്റ്ററുകളുടെയും പ്രവർത്തനങ്ങളെ വിലയിരുത്തി കേരള ഗവൺമെന്റ് ഏർപ്പെടുത്തിയ ആദ്യത്തെ കണിക്കൊന്ന പുരസ്കാരം ലഭിച്ചത് മലയാളം മിഷൻ യു കെ ചാപ്റ്ററിനാണ് എന്നത് യുകെയിലെ എല്ലാ മലയാളികൾക്കുമൊപ്പം എം എ യു കെക്കും അഭിമാനകരമായ കാര്യമാണെന്നും സി എ ജോസഫ് സൂചിപ്പിച്ചു.

മലയാളം മിഷൻ യു കെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ മുഖ്യാതിഥി ടി ഡി രാമകൃഷ്ണനും പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ സൗത്ത് മേഖല കോർഡിനേറ്റർ ബേസിൽ ജോൺ, എം എ യു കെ പ്രസിഡന്റ് അനിൽ ഇടവന എന്നിവർ ആശംസകൾ അർപ്പിച്ചു. മലയാളം മിഷൻ യു കെ മിഡ്‌ലാൻഡ്‌സ് മേഖല കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ മുഖ്യാതിഥി ടി ഡി രാമകൃഷ്ണൻ ഉൾപ്പെടെ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് ഓൺലൈൻ പഠന പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുവാൻ കേരള ഹൗസിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്ന എംഎ യു കെ യുടെ എല്ലാ ഭാരവാഹികളോടും പ്രവർത്തകരോടും ഉള്ള നന്ദിയും പ്രകാശിപ്പിച്ചു.

തുടർന്ന് എംഎ യു കെ യുടെ ഭാഗമായ “കട്ടൻ കാപ്പിയും കവിതയും” എന്ന സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റെ സാഹിത്യകൃതികളെ അധികരിച്ചു നടത്തിയ ചിന്തനീയമായ ചർച്ചകളും സംവാദങ്ങളും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിൻറെ പ്രശസ്ത നോവലുകളായ ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന അണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക, പച്ച മഞ്ഞ ചുവപ്പ് എന്ന നോവലുകളെക്കുറിച്ചും അദ്ദേഹത്തിന്റെ മറ്റ് കൃതികളെ സംബന്ധിച്ചുള്ള സമഗ്രമായ ചർച്ചകളും വിശകലനങ്ങളും നടത്തുകയുണ്ടായി. ദക്ഷിണ റെയിൽവേ ചീഫ് കൺട്രോളറുമായിരുന്ന നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ തിരക്കേറിയ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും താൻ നടത്തിയ സാഹിത്യ രചനകൾക്കാധാരമായ സംഭവങ്ങളെക്കുറിച്ചുമൊക്കെ ചർച്ചകളിൽ പങ്കെടുത്ത് സുദീർഘമായി സംസാരിച്ചു. സാംസ്കാരിക സംവാദത്തിനും സാഹിത്യ ചർച്ചകൾക്കും “കട്ടൻകാപ്പിയും കവിതയും” സാഹിത്യ കൂട്ടായ്മയുടെ സംഘാടകരായ പ്രിയവൃതൻ, മുരളി മുകുന്ദൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ മണമ്പൂർ സുരേഷ്, എം എ യൂകെ സെക്രട്ടറിയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അംഗവുമായ ശ്രീജിത്ത് ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more