1 GBP = 104.15
breaking news

മലയാളികൾ ഉൾപ്പെടെ എട്ടുപേർ മരിച്ച എം 1 മോട്ടോർവേ വാഹനാപക‌‌ടത്തില്‍ ട്രക്ക് ഡ്രൈവർക്ക് 14വർഷം തടവ്

മലയാളികൾ ഉൾപ്പെടെ എട്ടുപേർ മരിച്ച എം 1 മോട്ടോർവേ വാഹനാപക‌‌ടത്തില്‍ ട്രക്ക് ഡ്രൈവർക്ക് 14വർഷം തടവ്

ലണ്ടൻ∙ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എ‌ട്ടു പേരുടെ മരണത്തിനി‌ടയായ ബ്രിട്ടനിലെ മോ‌ട്ടോര്‍വേ ദുരന്തത്തില്‍ ട്രക്ക് ഡ്രൈവർമാരിൽ ഒരാൾക്ക് 14 വർഷവും രണ്ടാമത്തെയാൾക്ക് 40 മാസവും തടവുശിക്ഷ. ഈമാസം ഏഴിന് വിചാരണ പൂർത്തിയാക്കിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് റെഡ്ഡിംങ്ങിലെ ക്രൌൺ കോ‌ടതി കണ്ടെത്തിയിരുന്നു. പോളീഷുകാരനായ റിസാര്‍ഡ് മസേറാക് (31) എന്നയാള്‍ക്കാണു മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവച്ചതിന് കൊലക്കുറ്റം ചുമത്തി കോടതി 14 വർഷം തടവുശിക്ഷ വിധിച്ചത്.

മദ്യലഹരിയിൽ ഇയാൾ ഓടിച്ചിരുന്ന ട്രക്ക് മോട്ടോർവേയുടെ മൂന്നാം ലെയിനിൽ നിർത്തിയിട്ടതായിരുന്നു അപകടകാരണം. നിർത്തിയിട്ട ട്രക്കിൽ ഇടിക്കാതെ വാൻ വെട്ടിച്ചുമാറ്റാൻ ശ്രമിക്കവേ പിറകേവന്ന ട്രക്ക് വാനിൽ ഇടിച്ചായിരുന്നു സിറിയക് ജോസഫ് (ബെന്നി-51), ഋഷി രാജീവ് കുമാർ (28) എന്നീ മലയാളികൾ ഉൾപ്പെടെ എട്ടുപേർ മരിച്ചത്. പ്രതിയായ പോളീ,ഷ് ഡ്രൈവർ മദ്യപാനിയും സ്ഥിരം കുറ്റവാളിയും നുണയനുമാണെന്നു കോടതി കണ്ടെത്തി. 26 വർഷത്തിനുള്ളിൽ ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ വാഹനാപകടമായിരുന്നു ഇതെന്നു വിധിന്യായത്തിൽ ജഡ്ജി ഫ്രാൻസിസ് ഷെറിഡാൻ ചൂണ്ടിക്കാട്ടി. ഇതുതന്നെയാണു പ്രതികൾക്ക് കനത്ത ശിക്ഷ നൽകാൻ കാരണമായത്.

രണ്ടാമത്തെ ട്രക്ക് ഡ്രൈവറായ ഡേവിഡ് വാഗ്സ്റ്റാഫിന് (54) അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിനാണ് 40 മാസത്തെ തടവുശിക്ഷ. വിചാരണക്കോടതി ഇയാളെ നേരത്തെ കൊലക്കുറ്റത്തില്‍നിന്നും ഒഴിവാക്കിയിരുന്നു. അശ്രദ്ധയോടെ വാഹനമോടിച്ച് അപകടം വരുത്തിയതിനുള്ള ശിക്ഷയാണ് ഇയാള്‍ക്കു ലഭിച്ചത്.

അപകടം നടക്കുന്ന സമയം ഇയാള്‍ മൊബൈല്‍ ഫോ​ണ്‍ ഉപയോഗിച്ചിരുന്നതായി കോടതി കണ്ടെത്തി. ഇതുമൂലമാണ് ഇയാള്‍ക്ക് അപകടം ഒഴിവാക്കാന്‍ കഴിയാതെ വന്നത്. എന്നാല്‍ ഹാന്‍ഡ്-ഫ്രീ സംവിധാനത്തിലൂടെയുള്ള ഫോണ്‍ ഉപയോഗമായിരുന്നു ഇദ്ദേഹം നടത്തിയതെന്ന് വിചാരണയില്‍ കോടതിക്കു ബോധ്യമായതു പ്രതിക്ക് അനുകൂലമായി. ഡ്രൈവിങ്ങില്‍ തന്റെ ഭാഗത്തുനിന്നും ശ്രദ്ധക്കുറവുണ്ടായതായി ഇദ്ദേഹം കോടതിയില്‍ സമ്മതിച്ചിരുന്നു.. ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനത്തില്‍ വാഹനമോടിക്കുകയും ഒപ്പം ഫോണില്‍ സംസാരിക്കുകയും ചെയ്ത ഇയാള്‍ക്ക് പെട്ടെന്നു ബ്രേക്കില്‍ കാലമര്‍ത്താന്‍ കഴിയാതെപോയതാണ് അപകടത്തിന്റെ രൂക്ഷത വര്‍ധിക്കാന്‍ കാരണമായത്. അപകടത്തിനു മുൻപ് ഏറെക്കുറേ ഒരു മണിക്കൂറോളം ഇദ്ദേഹം ഫോണിലായിരുന്നു എന്നു കോടതി കണ്ടെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 25ന് വെള്ളിയാഴ്ച രാത്രിയായിരുന്നു ബ്രിട്ടനിലെ എം-1 മോട്ടോർവേയിൽ മിനിവാനും ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തം ഉണ്ടായത്. അപകടത്തിൽ ബ്രിട്ടനിലെ നോട്ടിങ്ങാമില്‍ താമസക്കാരായിരുന്ന ചേർപ്പുങ്കൽ സ്വദേശി കടുക്കുന്നേൽ സിറിയക് ജോസഫ് (ബെന്നി-51) വിപ്രോ കമ്പനിയിലെ യുവ മലയാളി എൻജിനീയറായിരുന്ന ചിങ്ങവനം ചാന്നാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ്കുമാർ (28) എന്നിവരുള്‍പ്പെ‌ടെ എ‌ട്ട് ഇന്ത്യക്കാരാണു മരിച്ചത്.

ബെന്നിയുടെ ഉടമസ്ഥതയിലുള്ള എബിസി ട്രാവൽസ് എന്ന മിനിവാനാണ് അപകടത്തിൽപ്പെട്ടത്. ഉടമയായ ബെന്നിതന്നെയായിരുന്നു വാൻ ഓടിച്ചിരുന്നതും. യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ട നാല് വിപ്രോ കമ്പനി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും നോട്ടിങ്ങാമിൽനിന്നും ലണ്ടനിലെ വെംബ്ലിയിലുള്ള ടാജ് ടൂർസ് കമ്പനിയിലെത്തിക്കാനായി പോരവേയായിരുന്നു മിൽട്ടൺ കെയിൽസിനു സമീപം പുലർച്ചെ 3.15ന് എം-1 മോട്ടോര്‍വേയില്‍ വാൻ അപകടത്തിൽപ്പെട്ടത്.

മോട്ടോര്‍ വേയുടെ സൈഡ് ലെയിനില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കാതെ വാന്‍ പെട്ടെന്നു വെട്ടിച്ചു മാറ്റുന്നതിനിടെ പിന്നാലെ വന്ന ‌ട്രക്ക് വാനിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മരിച്ച എ‌ട്ടുപേരെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ക്കും ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ നാലുവയസുള്ള ശ്രാവണ എന്ന നാലുവയസുകാരി പെണ്‍കുട്ടി മാതാപിതാക്കളെ നഷ്പ്പെ‌ട്ട് അനാഥയാകുകയും ചെയ്തു. അപകടത്തിൽപെട്ട ട്രക്ക് ഡ്രൈവർമാരിൽ ഒരാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് അന്നുതന്നെ കണ്ടെത്തിയിരുന്നു. പോളീഷുകാരനായ ഈ ഡ്രൈവർക്കാണു കുറ്റക്കാരനാണെന്നു കോടതി ഇപ്പോള്‍ കണ്ടെത്തി കനത്ത ശിക്ഷ നൽകിയിരിക്കുന്നത്. അപകട സമയം ഇയാളുടെ ലൈസന്‍സ് അസാധുവായിരുന്നുവെന്നു പൊലീസ് റിപ്പോ‍ര്‍ട്ടുണ്ടായിരുന്നു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും നിയമവിരുദ്ധമായി അപകടകരമാംവിധം ട്രക്ക് മോട്ടോര്‍വേയുടെ സൈഡ് ലെയിനില്‍ നിര്‍ത്തിയതായും കോ‌ടതിക്ക് ബോധ്യമായതാണ് 14 വർഷത്തെ ജയിൽശിക്ഷ വാങ്ങിക്കൊടുത്തത്.

ബെന്നി, ഋഷി എന്നിവർക്കൊപ്പം പനീർശെൽവം, അന്നമലയ്, വിവേക് ഭാസ്കരൻ, ലാവണ്യലക്ഷ്മി ശ്രീധരൻ, കാർത്തികേയൻ പുഗലൂർ, രാമസുബ്രഹ്മണ്യൻ അരചെൽവൻ, തമിഴ്മണി അരചെൽവൻ, എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപെട്ട മറ്റു നാലുപേർ ഗുരുതരമായ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more