1 GBP = 103.82
breaking news

ലണ്ടനിലെ വായൂ മലിനീകരണം അപകടകരമായ തോതില്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധം

ലണ്ടനിലെ വായൂ മലിനീകരണം അപകടകരമായ തോതില്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധം

ലണ്ടനിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ വര്‍ദ്ധിച്ചുവരുകയാണെന്നും അതിനാല്‍ നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നഗരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. ഡോക്ടര്‍മാരും, നഴ്‌സുമാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ആരോഗ്യമേഖലയിലെ മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇവര്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് ഇത് സംബന്ധിച്ച് നിവേദനവും നല്‍കി.

വായൂ മലിനീകരണം മൂലം നഗരത്തില്‍ ശ്വാസകോശ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പ്രതിവര്‍ഷം ഇത് മൂലം 9400 ലണ്ടന്‍ നിവാസികള്‍ മരണപ്പെടുന്നുണ്ട്. ഇതിനെതിരേ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നും കടുത്ത നടപടികള്‍ സ്വീകരിക്കാതെ ലണ്ടനിലെ അന്തരീക്ഷമലിനീകരണത്തിന് പരിഹാരം കാണാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ലോകത്തെ പ്രമുഖ നഗരങ്ങളെല്ലാം ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു. പാരീസ്, മാഡ്രിഡ്, ഏതന്‍സ്, മെക്‌സിക്കോ സിറ്റി എന്നീ നഗരങ്ങള്‍ 2025 ഓടെ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ന്യൂയോര്‍ക്ക്, ലോസാഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, ആംസ്റ്റര്‍ഡാം, കോപ്പന്‍ഹേഗന്‍ എന്നീ വന്‍ നഗരങ്ങള്‍ എല്ലാം തന്നെ ഡീസല്‍ ബസുകളെ പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പാതയിലൂടെ ലണ്ടനും നീങ്ങേണ്ട സമയം അതിക്രമിച്ചുവെന്നും അധികം വൈകാതെ തന്നെ ഡീസല്‍ വാഹനങ്ങള്‍ക്ക് നഗരത്തില്‍ നിയന്ത്രണവും ഭാവിയില്‍ നിരോധനവും ഏര്‍പ്പെടുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

2018 ഓടെ ലണ്ടന്‍ നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കണമെന്നാണ് മേയര്‍ സാദിഖ് ഖാന്റെ അഭിപ്രായം. എന്നാല്‍ ഇതിനുള്ള നിയമപരമായ ആധികാരം മേയര്‍ക്കില്ലാത്തത് നടപടി നടപ്പിലാക്കുന്നതച് വൈകിക്കുന്നു. സര്‍ക്കാരിന് മുന്നില്‍ ഈ നിര്‍ദ്ദേശം ഔദ്യോഗികമായി തന്നെ സമര്‍പ്പിച്ച് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് മേയറും സംഘവും. കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന പഴക്കമേറിയ ഡീസല്‍ വാഹനങ്ങള്‍ നഗരത്തില്‍ മേയര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഗവണ്‍മെന്റ് തലത്തില്‍ നിന്ന് വരേണ്ടതുണ്ട്.

നഗരത്തില്‍ ഓടുന്ന പുതിയ ബസുകളെല്ലാം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നതോ ആയിരിക്കണമെന്ന് മേയര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, നവംബര്‍ 30 ന് നഗരത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ബസ് സര്‍വ്വീസ് ആരംഭിച്ചു കഴിഞ്ഞിരുന്നു. 2020 ആകുമ്പോഴേക്കും ബസുകളില്‍ നിന്നുള്ള മലിനീകരണം നഗരത്തിലുണ്ടാകില്ലെന്ന് മേയര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്ന അപ്രായോഗികമായി നിര്‍ദ്ദേശമാണെന്നും ഇത് വന്‍ തിരിച്ചടിയുണ്ടാക്കുമെന്നുമാണ് ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നവരുടെ വാദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more