1 GBP = 104.15
breaking news

തോമസ് ചാണ്ടി പ്രശ്നം; ഇന്നത്തെ ഇടത് മുന്നണിയോഗത്തിൽ നിർണ്ണായക തീരുമാനങ്ങളുണ്ടാകും

തോമസ് ചാണ്ടി പ്രശ്നം; ഇന്നത്തെ ഇടത് മുന്നണിയോഗത്തിൽ നിർണ്ണായക തീരുമാനങ്ങളുണ്ടാകും

തിരുവനന്തപുരം: മന്ത്രി തോമസ്ചാണ്ടിയുടെ പ്രശ്നം ഇടതുമുന്നണിക്ക് വിടാൻ ഇന്നലെ നടന്ന സി.പി.എം.സംസ്ഥാന സമിതി യോഗം തീരുമാനിച്ചതോടെ ഇന്നത്തെ മുന്നണി യോഗം നിർണ്ണായകമാകും. അജണ്ടയിൽ ഇല്ലായിയിരുന്നിട്ടും ചാണ്ടി പ്രശ്നം സി.പി.എം.സംസ്ഥാന സമിതി യോഗത്തിൽ ഉയർന്നുവരികയും ചർച്ചയാവുകയും ചെയ്‌തു. ചാണ്ടി രാജിവയ്‌ക്കുന്നതാണ് നല്ലതെന്ന് അഭിപ്രായങ്ങൾ ഉയർന്നെങ്കിലും മുന്നണിയിൽ തീരുമാനിക്കാമെന്നാണ് പൊതുവേ ഉണ്ടായ നിലപാട്.
അതേസമയം മുന്നണി യോഗത്തിൽ പ്രശ്നം സങ്കീർണമാകുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. എൻ.സി.പി.യുടേയും സി.പി.ഐയുടേയും വിരുദ്ധനിലപാടുകളാണ് കാരണം. മന്ത്രി രാജിവയ്‌ക്കേണ്ടെന്ന നിലപാടിലാണ് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് ടി. പി.പീതാംബരൻ മാസ്റ്റർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

ആലപ്പുഴ കളക്ടറുടെ റിപ്പോർട്ടിനെ മന്ത്രിചാണ്ടി ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച കോടതി തീരുമാനമുണ്ടായേക്കും. അതുവരെ കാത്തിരിക്കണമെന്ന് മുന്നണി യോഗത്തിൽ എൻ.സി.പി ആവശ്യപ്പെട്ടേക്കും. എന്നാൽ സർക്കാരിന്റെ ഭാഗമായ കളക്ടറുടെ റിപ്പോർട്ടിനെ മന്ത്രിതന്നെ കോടതിയിൽ ചോദ്യം ചെയ്യുന്നതിലെ വൈരുദ്ധ്യം മുന്നണിയെ അലട്ടുന്നുണ്ട്.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ചാണ്ടിക്കെതിരായതിനാൽ മന്ത്രി രാജിവയ്‌ക്കുന്നതാണ് നല്ലതെന്നാണ് സി.പി.ഐയുടെ നിലപാട്. സി. പി. ഐ സംസ്ഥാന എക്സിക്യൂട്ടിവിന്റെ ഈ തീരുമാനം ഇന്നത്തെ മുന്നണിയോഗത്തിലും അവർ ആവർത്തിച്ചേക്കും. നിയമലംഘനം ഉണ്ടെങ്കിൽ നടപടിവേണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. ഇതിനോട് വിയോജിപ്പില്ലെങ്കിലും ഘടകകക്ഷിയെന്ന പരിഗണന എൻ. സി.പി.ക്ക് നൽകണമെന്നും മറ്റ് കക്ഷികളുടെ അഭിപ്രായവും പരിഗണിക്കണമെന്നും സി.പി.എം യോഗത്തിൽ നിലപാടെടുത്തേക്കും.

അതേസമയം, ചാണ്ടി രാജിവച്ചാൽ എ. കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള പണിയും എൻ. സി. പി തുടങ്ങിയിട്ടുണ്ട്. ശശീന്ദ്രനെതിരായ ലൈംഗികാപവാദ കേസ് അതിലുൾപ്പെട്ട യുവതിയുടെ സമ്മതത്തോടെ ഒത്തുതീർക്കാനാണ് നീക്കം. കേസ് ഒത്തുതീർന്നാൽ സംഭവം അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മിഷന്റെ പ്രവർത്തനം വെട്ടിച്ചുരുക്കി റിപ്പോർട്ട് കാലാവധിക്ക് മുമ്പേ സമർപ്പിച്ചേക്കും. ഇതെല്ലാം പരിഗണിച്ച് ചൊവ്വാഴ്ചവരെ കാത്തിരിക്കണമെന്നായിരിക്കും എൻ.സി.പി യോഗത്തിൽ അഭ്യർത്ഥിക്കുക. ഇത് അംഗീകരിക്കാനുള്ള മനസാണ് സി.പി.എമ്മിന്. എന്നാൽ ഘടകകക്ഷികളുടെ നിലപാട് നിർണായകമായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more