1 GBP = 103.91

സ്ത്രീകൾക്ക് പ്രതീക്ഷയും പ്രത്യാശയും നൽകിയ ഇടതുസർക്കാർ തുടരണം;എൽഡിഎഫ് യുകെ & അയർലണ്ട് വനിതാവിചാരം

സ്ത്രീകൾക്ക് പ്രതീക്ഷയും പ്രത്യാശയും നൽകിയ ഇടതുസർക്കാർ തുടരണം;എൽഡിഎഫ് യുകെ & അയർലണ്ട് വനിതാവിചാരം

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എൽഡിഎഫ് യുകെ & അയർലണ്ട് സംഘടിപ്പിച്ച ‘വനിതാവിചാരം’ പരിപാടിയിൽ പൊതുരംഗത്ത്  വ്യക്തിമുദ്ര പതിപ്പിച്ച തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ,   കേരളാ വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റും കോട്ടയം ജില്ലാപഞ്ചായത്തു പ്രസിഡന്റുമായ  നിർമ്മല ജിമ്മി, സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ, SFI യുടെ മുൻ നേതാവും അദ്ധ്യാപികയുമായ അമൃത റഹീം തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ സർക്കാരിനെക്കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകളും പ്രതീക്ഷകളും അവർ പങ്കുവെച്ചു.

പ്രതിസന്ധി കാലയളവിൽ കേരള ജനതയെ  ചേർത്തു നിർത്തി വികസന,ജനക്ഷേമ പരിപാടികളുമായി മുന്നോട്ടു പോയ ഒരു സർക്കാരിനെയാണ് നമ്മൾ കണ്ടത് എന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ ഒരാളും പട്ടിണി കിടക്കരുതെന്ന സർക്കാർ തീരുമാനം ജനങ്ങളോടുള്ള കരുതലിൻ്റെ തെളിവാണ് . സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും, പൊതു സ്ഥലങ്ങൾ സ്ത്രീകളുടേതു കൂടിയാക്കുന്നതിനും, ലൈഫ് പദ്ധതിയിൽ വീടുകൾ നൽകിയതും, റേഷൻ കാർഡുകൾ സ്ത്രീകളുടെ പേരിലേക്ക് മാറ്റിയതുമായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ സ്ത്രീകളെ ഇത്രയേറെ പരിഗണിച്ചിട്ടുള്ള മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല എന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേർത്തു. 

യുകെയിലെയും അയർലണ്ടിലെയും ഇടതുമുന്നണി പ്രവർത്തകർ ആവേശത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാകുന്നു എന്നുള്ളത് ഏറെ ആവേശമുണത്തുന്നതാണന്ന് അഡ്വ. രശ്മിത രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. രണ്ടു വനിതകളെ  വളരെ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതലയുള്ള  മന്ത്രിമാരാക്കി ഇടതുസർക്കാർ മാതൃക കാട്ടി.  എൽഡിഎഫിലെ വനിതാമന്ത്രിമാർ പ്രശംസനീയമായ പ്രകടനം നടത്തുമ്പോൾ  പ്രതിപക്ഷം മോശമായ ഭാഷയിൽ അവരെ വിമർശിക്കുന്നതാണ് കേരളം കണ്ടത്.  വികസനത്തിൻ്റെ പുതിയ പാതകൾ തുറന്ന ഇടതുപക്ഷം ജനഹൃദയങ്ങളിൽ സ്ഥാനം നേടി. സൈബർ ലോകത്തു സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനായുള്ള നിയമനിർമ്മാണങ്ങൾക്കും, കർശന സ്ത്രീ സംരക്ഷണ നിയമങ്ങളും, വനിതകൾക്ക് പുതിയ തൊഴിൽ  അവസരങ്ങളും തുടർഭരണത്തിൽ എത്തുന്ന ഇടതു സർക്കാരിൻ്റെ പ്രഥമ പരിഗണനയാവണമെന്നും രശ്മിത അഭിപ്രായപ്പെട്ടു.

പ്രകടനപത്രികയിലെ ഏതാണ്ടെല്ലാ കാര്യങ്ങളും നടപ്പിലാക്കിയ സ്ത്രീപക്ഷത്തുനിന്നു പ്രവർത്തിച്ച ഒരു സർക്കാരാണ് കഴിഞ്ഞ അഞ്ചു വർഷം കേരളം ഭരിച്ചതെന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി ചൂണ്ടിക്കാട്ടി. പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുനിർത്തി നവകേരളനിർമ്മിതിക്കായി സർക്കാർ ശ്രമിച്ചു. സ്കൂളുകളും ആശുപത്രികളും ഉന്നതനിലവാരത്തിലാക്കി,സ്ത്രീകൾക്ക് വേണ്ടി പ്രത്യേക പദ്ധതികൾ നടപ്പിലാക്കി,അമ്പതിനും അറുപത്തിയഞ്ചിനും ഇടയിലുള്ള സ്ത്രീകൾക്ക് സ്വയം തൊഴിൽ തുടങ്ങാനായി സബ്‌സിഡിയോട് കൂടി ധനസഹായം നൽകി, ഉയർന്ന താങ്ങുവില നൽകി കർഷകരെ ചേർത്തുനിർത്തിയുമാണ് സർക്കാർ മുന്നോട്ട് പോയത്. കറന്റ് കട്ട് എന്താണ് എന്ന് കേരളത്തിലെ ജനങ്ങൾ മറന്നുപോയ കാലമായിരുന്നു പിണറായി സർക്കാരിൻ്റേത് എന്നും അവർ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജനതയെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു നയിച്ച ഒരു സർക്കാരാണ് കേരളത്തിലേത് എന്ന് അമൃത റഹീം പറഞ്ഞു.  ഒപ്പം ഉണ്ട്, തണലായി കൂടെയുണ്ട് എന്ന് നമ്മളോട് പറഞ്ഞ സർക്കാർ അതുപോലെ പ്രവർത്തിക്കുകയും ചെയ്തു. പൊതു ഇടങ്ങളെ സ്ത്രീസൗഹൃദമാക്കുന്ന നടപടികൾ  സ്വീകരിക്കുകയും, വീടുകളിലും സമൂഹത്തിലും  ഉണ്ടാവേണ്ട ലിംഗസമത്വത്തെ കുറിച്ച് നിരന്തരമായ കാമ്പയിനുകൾ ഏറ്റെടുക്കുകയും ചെയ്തു. ദുരിതകാലത്തു ഡിവൈഎഫ്‌ഐ പോലുള്ള യുവജനപ്രസ്ഥാനങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു.നാടിന്റെ ഏതാവശ്യത്തിനും തങ്ങളുണ്ട് എന്ന് അതിലെ അംഗങ്ങൾ തെളിയിച്ചു. ഇടതുപക്ഷ സർക്കാരിൻ്റെ ഭരണത്തുടർച്ചയ്ക്കു വേണ്ടി എല്ലാവരും പ്രവർത്തിക്കണമെന്ന് അമൃത റഹീം അഭ്യർത്ഥിച്ചു.

ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളെപോലെയാണ് വിഭവങ്ങളുടെ കാര്യത്തിൽ കേരളവും എന്നാൽ സർക്കാരിന്റെ മുൻഗണനാവിഷയങ്ങൾ ആണ് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്നും  Indian Workers Association ( IWA) സെക്രട്ടറിയും Association of Indian Communist(AIC ) സെക്രട്ടേറിയേറ്റു അംഗവുമായ ജോഗിന്ദർ ബെയ്‌ൻസ്‌ സംസാരിച്ചു. കേരള മോഡൽ വികസനപ്രവർത്തനങ്ങൾ മറ്റുള്ള സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും ചടങ്ങിൽ നന്ദി അർപ്പിച്ചു കൊണ്ട് അവർ പറഞ്ഞു.

ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പുപ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി  എൽഡിഎഫ് യുകെ & അയർലണ്ട് സംഘടിപ്പിച്ച “വനിതാ വിചാരം”പരിപാടിയിൽ ഒട്ടേറെ വനിതകളടക്കം  നിരവധി പേർ ആവേശപൂർവം പങ്കെടുത്തു.ലോകകേരളസഭ അംഗമായിരുന്ന  രേഖാ ബാബുമോൻ മോഡറേറ്റർ  ആയ സംവാദത്തിൽ  ക്രാന്തി അയർലണ്ട് വൈ.പ്രസിഡന്റ് പ്രീതി മനോജ് സ്വാഗതം ആശംസിച്ചു.

പരിപാടിയുടെ റെക്കോർഡിങ് വീഡിയോ AIC ഫേസ്ബുക്ക് പേജിൽ കാണാവുന്നതാണ്.https://fb.watch/4e8T4DDf4R/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more