1 GBP = 107.78
breaking news

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതിയും, കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്ര ടേനിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങൾ സമർപ്പിച്ച ഹർജി, ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.

ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ സമർപ്പിക്കണമോ എന്ന കാര്യം അധികൃതരുടെ പരിഗണനയിലാണെന്ന് ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അപ്പീൽ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടില്ല. കേസിലെ സാക്ഷിക്കെതിരെയുള്ള അക്രമം ഹോളി ആഘോഷത്തിനിടെയുള്ള തർക്കവുമായി ബന്ധപ്പെട്ടാണെന്നും യു.പി. സർക്കാർ അറിയിച്ചു. ലഖിംപുർ ഖേരി സംഭവത്തിന്റെ ഗൗരവം അലഹബാദ് ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് ഇരകളുടെ കുടുംബങ്ങളുടെ പരാതി.

ഈ മാസം 10നാണ് കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നദിവസം തന്നെയാണ് ജാമ്യം ലഭിച്ചത്.

അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിയായപ്പോൾ മന്ത്രിയുടെ ബന്ധുവും വിശ്വസ്തനുമായ വീരേന്ദർ ശുക്ലയും, മുൻ കോൺഗ്രസ് എംപി അഖിലേഷ് ദാസിൻറെ ബന്ധു അങ്കിത് ദാസും പ്രതിപ്പട്ടികയിലുണ്ട്. കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനൽ ഗൂഡാലോചനയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രക്കും മറ്റ് 13 പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ഒക്ടോബർ മൂന്നിനാണ് ആശിഷ് മിശ്രയുടെ വാഹനമിടിച്ച് കർഷകരും പ്രാദേശിക മാധ്യമപ്രവർത്തകനുമടക്കം എട്ടുപേർ കൊല്ലപ്പെട്ടത്. കർഷക പ്രതിഷേധത്തിനിടയിലേക്ക് ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചുകയറുകയായിരുന്നു. ആശിഷ് മിശ്രയുടെ തോക്കിൽ നിന്ന് വെടി ഉതിർത്തിരുന്നതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more