1 GBP = 104.15
breaking news

കോടതി വിധിയും അനുകൂലം; ശൂന്യവേതന അവധിയിലിരിക്കെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാതെ കെഎസ്ആര്‍ടിസി

കോടതി വിധിയും അനുകൂലം; ശൂന്യവേതന അവധിയിലിരിക്കെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാതെ കെഎസ്ആര്‍ടിസി

ശൂന്യവേതന അവധിയിലായിരിക്കെ പിരിച്ചുവിട്ട ജീവനക്കാരെ തിരികെ എടുക്കണമെന്ന കോടതി വിധി നടപ്പാക്കാതെ കെഎസ്ആര്‍ടിസി. സുപ്രിംകോടതി വരെ അപ്പീല്‍ തള്ളിയ നടപടിയാണ് കെഎസ്ആര്‍ടിസി പുനഃപരിശോധിക്കാതെ നീട്ടികൊണ്ടു പോകുന്നത്.

കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറായിരുന്ന എം സി ആസാദ് 2016ല്‍ അഞ്ചു വര്‍ഷത്തെ ശൂന്യവേതന അവധിയെടുത്ത് വിദേശത്ത് പോയി. അവധി കഴിഞ്ഞ് തിരികെ ജോലിക്ക് കയറാനായി എത്തിയപ്പോഴാണ് 2018ല്‍ തന്നെ പിരിച്ചുവിട്ടാതായുള്ള രേഖ ലഭിക്കുന്നത്. സമാനമായ നടപടി നേരിട്ട മറ്റ് തൊഴിലാളികളില്‍ ചിലര്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടി. ഇതിനെതിരെ കെഎസ്ആര്‍ടിസി സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി.

കഴിഞ്ഞ ഫെബ്രുവരിയില്‍ അപ്പീല്‍ തളളി. അങ്ങനെ അവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനായി. ഇതറിഞ്ഞ ആസാദും ഹൈക്കോടതിയെ സമീപിച്ചു. ജോലിയില്‍ തിരികെയെടുക്കണമെന്ന അനുകൂല ഉത്തരവും കോടതി നല്‍കി. എന്നിട്ടും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അനങ്ങിയില്ല. ഇതോടെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി കാത്തിരിപ്പാണ്.

അവധിയില്‍പ്പോയ 136 പേരോടാണ് ഉടന്‍തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കെഎസ്ആര്‍ടിസി നിര്‍ദേശിച്ചത്. ഇതില്‍ ചുരുക്കം ചിലര്‍ മാത്രമെ തിരികെ കയറിയുള്ളു. ബാക്കിയുള്ളവരെ പിരിച്ചുവിട്ടു. നിയമാനുസൃതം അവധി ലഭിച്ചിട്ടും പിരിച്ചുവിടപ്പെട്ട ജീവനക്കാരാണ് നിയമ പോരാട്ടം തുടരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more