1 GBP = 104.16
breaking news

കര്‍ഷക സമരത്തില്‍ നിരാശ പ്രകടിപ്പിച്ച് സുപ്രീംകോടതി; ഇടപെടല്ലേ, ഉടന്‍ പരിഹാരമെന്ന് കേന്ദ്രം

കര്‍ഷക സമരത്തില്‍ നിരാശ പ്രകടിപ്പിച്ച് സുപ്രീംകോടതി; ഇടപെടല്ലേ, ഉടന്‍ പരിഹാരമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ തീരുമാനങ്ങളാവാത്തതില്‍ നിരാശ പ്രകടിപ്പിച്ച് സുപ്രീം കോടതി. കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും സാഹചര്യങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കോടതി വിലയിരുത്തി.

നിയമങ്ങളെ എതിര്‍ത്തുകൊണ്ടുള്ള ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. സാഹചര്യങ്ങളില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും സാഹചര്യമെന്താണെന്ന് മനസിലാവുന്നുണ്ടെന്നും ചര്‍ച്ചയ്ക്ക് വേണ്ടിയുള്ള ഇടപെടല്‍ നടത്താമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.

കര്‍ഷകരുമായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഏഴാംഘട്ട ചര്‍ച്ചയും പരാജയമായിരുന്നു. വിഷയം കര്‍ഷകരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ചില കാര്യങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ ധാരണകളിലേക്കെത്തിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ആരോഗ്യപരമായ കൂടിക്കാഴ്ചകള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ബെഞ്ചാണ് ്ഹരജി പരിഗണിച്ചത്. അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതും ഇതുവരെ പരിഗണിക്കപ്പെടാത്തതുമായ എല്ലാ വിഷയങ്ങളും ജനുവരി എട്ടുമുതല്‍ കോടതി പരിഗണിക്കുമെന്നായിരുന്നു ബെഞ്ച് അറിയിച്ചത്. തുഷാര്‍ മേത്തയും കെകെ വേണുഗോപാലും ഇത് എതിര്‍ത്തു. പെട്ടന്നുതന്നെ കര്‍ഷകരും കേന്ദ്രവും സമവായത്തിലെത്തുമെന്നും അടുത്ത ചര്‍ച്ച വെള്ളിയാഴ്ച തീരുമാനിച്ചിട്ടുണ്ടെന്നുമാണ് ഇതിന് കാരണമായി കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഹരജികള്‍ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more