1 GBP = 104.68
breaking news

കേരളീയത്തിന്റെ വരവറിയിച്ച്നഗരത്തിൽ വർണാഭമായ സൈക്കിൾ റാലി

കേരളീയത്തിന്റെ വരവറിയിച്ച്നഗരത്തിൽ വർണാഭമായ സൈക്കിൾ റാലി

മലയാളിക്ക് മഹോത്സമായി നവംബറിൽ എത്തുന്ന കേരളീയത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം നഗരത്തിൽ വർണാഭമായ സൈക്കിൾ റാലി നടന്നു. കവടിയാറിൽ നിന്ന് നഗരം ചുറ്റി കനകക്കുന്നിൽ സമാപിച്ച റാലിയിൽ ഇരുനൂറ്റൻപതോളം പേർ പങ്കെടുത്തു. രാവിലെ 7.30ന് കവടിയാറിൽ നിന്നാരംഭിച്ച സൈക്കിൾ റാലി കേരളീയം സ്വാഗത സംഘം ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രിയുമായ വി.ശിവൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ, കേരളീയം സ്വാഗതസംഘം കൺവീനറും വ്യവസായവകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ എന്നിവർ സന്നിഹിതരായിരുന്നു. എൻ.സി.സി. കെ(1) ഗേൾസ് ബറ്റാലിയൻ, ഇൻഡസ് സൈക്ലിങ് എംബസി എന്നിവയുടെ സഹകരണത്തോടെയാണ് കേരളീയം സംഘാടകസമിതി സൈക്കിൾ റാലി സംഘടിപ്പിച്ചത്. 
 നഗരം കണ്ട ഏറ്റവും വലിയ സൈക്കിൾ റാലിക്കാണ് കേരളീയത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച പട്ടം ഗേൾസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി തന്മയ അടക്കം വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവർ സൈക്കിൾ റാലിയിൽ പങ്കെടുത്തു. മഞ്ഞയിൽ നീലമുദ്ര പതിപ്പിച്ച കേരളീയത്തിന്റെ ലോഗോയുള്ള ടീഷർട്ടുകളും ധരിച്ചായിരുന്നു സൈക്കിൾ സഞ്ചാരികളുടെ നിറമാർന്ന റാലി. കവടിയാർ ചിൽഡ്രൻസ് പാർക്കിന് മുന്നിൽനിന്നാരംഭിച്ച സൈക്കിൾ റാലി വെള്ളയമ്പലം പാളയം സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ്-പ്രസ് ക്ലബ് നോർത്ത് ഗേറ്റ്-പാളയം-എൽ.എം.എസ്. വഴി കനകക്കുന്നിൽ സമാപിച്ചു. 

 കേരളമാതൃക
ലോകത്തിന് മുന്നിൽ
അവതരിപ്പിക്കാനുള്ള പരിപാടിയാണ് കേരളീയം: മന്ത്രി

രാജ്യവും ലോകവും അംഗീകരിച്ച മാതൃകയാണ് കേരളാ മാതൃകയെങ്കിലും അതിനു വേണ്ടത്ര പ്രചാരണം കൊടുക്കാൻ നമുക്കായിട്ടില്ലെന്ന് കേരളീയം2023 സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് നവംബറിൽ കേരളീയം എന്ന പരിപാടി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലി കവടിയാറിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. 
ഐക്യകേരള വികസനത്തിൽ മാറിവന്ന സർക്കാരുകളെല്ലാം കേരളവികസനത്തിൽ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളസമൂഹത്തിലെ എല്ലാവരും പങ്കെടുക്കുന്ന പരിപാടിയാണ് കേരളീയമെന്നും മന്ത്രി പറഞ്ഞു.

മുഴുവൻ സ്ത്രീകളും
സൈക്ലിംഗ് പഠിക്കണമെന്ന
സന്ദേശവുമായി
കേരളീയം സൈക്കിൾ റാലിയിൽ
ഫോർട്ട് കൊച്ചി സ്വദേശി സീനത്ത് 

ഇരുപതു പിന്നിട്ട രണ്ടുമക്കളുടെ അമ്മയായ ഫോർട്ട്കൊച്ചി സ്വദേശി സീനത്ത് സൈക്കിൾ ഓടിക്കാൻ പരിശീലിച്ചിട്ടു തന്നെ രണ്ടുവർഷമേ ആയിട്ടുള്ളു. എങ്കിലും അങ്കണവാടി ടീച്ചർമാരും അയൽക്കൂട്ടം അംഗങ്ങളും വീട്ടമ്മമാരും അടങ്ങുന്ന എഴുന്നൂറ്റൻപതിലേറെ പേർക്കു സൈക്കിൾ ഓടിക്കാൻ പരിശീലനം നൽകിയിട്ടുണ്ട് ഇവർ. സൈക്കിളിങ്ങിൽ താൽപര്യമുള്ള കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും സൗജന്യമായി തന്നെ പരിശീലനം നൽകാൻ സന്നദ്ധയാണ് സീനത്ത്. എല്ലാ സ്ത്രീകളും സൈക്കിൾ ഓടിക്കാൻ പഠിക്കണമെന്നും അതിലൂടെ ആത്മവിശ്വാസം നേടണമെന്നുമാണ് സീനത്ത് പറയുന്നത്.  
 കേരളത്തിന്റെ നേട്ടങ്ങളെ പ്രദർശിപ്പിച്ചുകൊണ്ടു സംസ്ഥാന സർക്കാർ നവംബറിൽ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായുള്ള സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ മാത്രമായി എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിയത് ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനാണെന്നും സീനത്ത് പറയുന്നു.  
  കൊച്ചി കോർപറേഷൻ സാധാരണക്കാരായ സ്ത്രീകളെ സൈക്കിൾ ഓടിക്കാൻ പരിശീലിപ്പിക്കുന്നതിനായി നടപ്പാക്കിയ റൈഡ് വിത്ത് കൊച്ചി പദ്ധതിയുടെ ഭാഗമായാണ് തന്റെ നാൽപത്തിനാലാം വയസിൽ സീനത്ത് സൈക്കിൾ ചവിട്ടാൻ പഠിച്ചത്. പിന്നീട് രണ്ടുമാസം കഴിഞ്ഞുനടന്ന ആ പദ്ധതിയുടെ രണ്ടാംപതിപ്പിൽ അയൽക്കൂട്ടം അംഗങ്ങളടങ്ങുന്ന മുന്നൂറ് സ്ത്രീകളെ സൈക്കിൾ റൈഡിങ് പരിശീലിപ്പിച്ചുകൊണ്ട് സൈക്കിളിങ് തന്റെ ജീവിതത്തിന്റെ ഭാഗമാക്കി സീനത്ത്. ഈ രണ്ടുവർഷക്കാലം കൊണ്ട് എഴുന്നൂറ്റമ്പതിൽ അധികം സ്ത്രീകളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അതിൽ 75 വയസുവരെയുള്ള സ്ത്രീകൾ ഉണ്ടെന്നും സീനത്ത് പറയുന്നു. കഴിഞ്ഞമാസം കൊച്ചിയിൽ നടന്ന ഫാൻസി വിമൺ ബൈക്ക് റാലിയുടെ കോഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട് സീനത്ത്. ഇതിനോടകം 22 സൈക്കിൾ റാലികളുടെ സംഘാടകയായും പ്രവർത്തിച്ചിട്ടുണ്ട്.

ചിത്രം: ഫോർട്ട്‌കൊച്ചി സ്വദേശിയായ സീനത്ത് കേരളീയം സൈക്കിൾ റാലിയിൽ. 

കേരളം സ്നേഹമാണ്; മനസുനിറഞ്ഞ 
മടക്കത്തിൽ ഡോ. വിസാസോ കിക്കി

”കേരളം ഇഷ്ടമാണെന്നു മാത്രമല്ല, കേരളം സ്നേഹമാണെന്നും ഞാൻ പറയും”. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്നു മെഡിക്കൽ പഠനം പൂർത്തിയാക്കി പത്തുവർഷത്തിനുശേഷം ഈ മാസം ഒടുവിൽ നാട്ടിലേക്കു മടങ്ങുന്ന നാഗാലാൻഡ് സ്വദേശി ഡോ. വിസാസൊ കിക്കി കേരളത്തെക്കുറിച്ച് മലയാളത്തിൽ പറയുന്നത് ഇതാണ്.

കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ചും കേരളം നൽകിയ പിന്തുണയെക്കുറിച്ചും ഡോ. വിസാസോ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ നാഗാലാൻഡ് മന്ത്രി ജേക്കബ് ഷിമോമി പങ്കുവച്ചത് ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. വിസാസോയുടെ ‘കേരള ലവ് സ്റ്റോറി’ പറയുന്ന ‘ കേരള കോണ്രിക്കിൾസ് ഓഫ് എ നാഗാലാൻഡ് ഡോക്ടർ’ എന്ന ഹ്രസ്വവീഡിയോ തലസ്ഥാനത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി പി.ആർ.ഡിയാണ് തയാറാക്കിയത്.

നാഗാലാൻഡ് മന്ത്രിക്കു പിന്നാലെ സംസ്ഥാന തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കുവച്ചതോടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.

 ഗുവാഹത്തിയിൽ വച്ചുണ്ടായ ട്രെയിൻ അപകടത്തേത്തുടർന്നു കാൽപ്പാദം മുറിച്ചുകളയേണ്ടിവന്ന ദുരന്തമേറ്റു വാങ്ങിയ എട്ടാം ക്ലാസുകാരനിൽ നിന്ന് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് എം.എസും പൂർത്തിയാക്കിയ ഡോ. വിസാസൊയുടെ യാത്രയ്ക്ക് മലയാളിസ്പർശത്തിന്റെ നൂറുകഥകൾ പറയാനുണ്ട്.

2013ൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിസാസൊയുടെ മെഡി. കോളജ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് കൊഹിമയിലെ അധ്യാപകരായ മലയാളി അയൽക്കാരാണ്. അങ്ങനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്നത്. മലയാളവുമായി വിദൂരബന്ധം ഇല്ലാതിരുന്നിട്ടും കേരളത്തിലെത്തി രണ്ടുവർഷം കൊണ്ട് മലയാളം പഠിച്ചെടുത്ത വിസാസൊ ആശുപത്രിയിലെത്തുന്ന രോഗികളോടു സംസാരിക്കുന്നതും മലയാളത്തിലാണ്. കോഴിക്കോട് ആദ്യമായി നിപ ബാധയുണ്ടായപ്പോൾ നിപ പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു വിസാസൊ. 
 കൗമാരത്തുടക്കത്തിലെ ഒരു ട്രെയിൻയാത്രയ്ക്കിടെ സ്റ്റേഷനിൽ ഇറങ്ങിയ വിസാസൊ ട്രെയിൻ വിട്ടു പോകുന്നതു കണ്ടു ചാടിക്കയറിയപ്പോഴുണ്ടായ അപകടത്തിലാണു കാൽപാദം നഷ്ടമായത്. പിന്നീട് കോഴിക്കോട് മെഡിക്കൽ പഠനത്തിനു വന്നപ്പോഴാണ് മുട്ടിനുതാഴെവച്ചു വീണ്ടും ശസ്ത്രക്രിയിലൂടെ മുറിച്ചുനീക്കി കൃത്രിമ ജയ്പുർ കാൽ വച്ചുപിടിപ്പിച്ചത്. തുടർന്ന് സ്വന്തം കോളജിൽവച്ചു തന്നെ കുറച്ചുകൂടി ആയാസരഹിതമായ മറ്റൊരു പൊയ്ക്കാൽ ഘടിപ്പിച്ചു.

നന്നേ ചെറുപ്പത്തിലേ ഒറ്റക്കാലിൽ ജീവിതത്തെ വെല്ലുവിളിയോടെ നോക്കിക്കണ്ട വിസാസൊ നാട്ടിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ മാറ്റിനട്ട ജീവിതത്തിൽ മറ്റൊരു വെല്ലുവിളി കൂടി അതുമുതൽ ഏറ്റെടുത്തു; ഓട്ടം. 2015ലെ കൊച്ചി മാരത്തണിൽ പങ്കെടുത്ത വിസാസൊ അതിനുശേഷം എല്ലാ മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്. ആരേയും ആശ്രയിക്കാതെ സ്വതന്ത്രനായി ജീവിക്കാനായി ഉപരിപഠനം നാട്ടിൽ നിന്ന് ഏറെ ദൂരെയാക്കിയ വിസാസൊയെ സംബന്ധിച്ച് ആ ഓട്ടം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കലിന്റേയും കൂടെയാണ്.

ഒന്നു മുതൽ പത്തുവരെ സൈനിക് സ്‌കൂളിലായിരുന്നു  പഠനം. ഉപരിപഠനം നീണ്ട കാലയളവ് കേരളത്തിലും; ചുരുക്കത്തിൽ എന്നും വീട്ടിൽ നിന്ന് ദൂരെ. ഇത്രനാളും വീടുവിട്ടു നിന്നുവെങ്കിലും അവസരം കിട്ടിയാൽ കേരളത്തിലേക്കു തിരിച്ചുവന്ന് ജോലി ചെയ്യുമെന്നാണ് ഡോ. വിസാസൊ പറയുന്നത്. കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് അത്രയേറെ മതിപ്പോടെയാണ് ഡോ. വിസാസൊ സംസാരിക്കുന്നത്.

ഇവിടുത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും, സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെയും ശൃംഖല അടക്കമുള്ളവയും റഫറൽ സംവിധാനവും ആരോഗ്യ ഇൻഷുറൻസ് കവറേജും എല്ലാം മാതൃകയാക്കണമെന്ന് ഡോ. വിസാസൊ കിക്കി പറയുന്നു.

ചിത്രം: ഡോ. വിസാസൊ കിക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more