1 GBP = 104.15
breaking news

പാലാ രാമപുരത്ത് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ ജോസ് കെ മാണിക്കൊപ്പം

പാലാ രാമപുരത്ത് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ ജോസ് കെ മാണിക്കൊപ്പം

കോട്ടയം: സംസ്ഥാന തലത്തിൽ കോൺഗ്രസ് നേതാക്കളെ ഒപ്പം എത്തിച്ച് ശക്തി തെളിയിക്കുന്ന നീക്കത്തിലാണ് സിപിഎം ഉണ്ടായിരുന്നത്. കെപിസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ പി അനിൽ കുമാർ അടക്കമുള്ള നേതാക്കളെ ഒപ്പം എത്തിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. ഇതിന് പിന്നാലെ എൻസിപി യിലേക്ക് പല കോൺഗ്രസ് നേതാക്കളും എത്തിയിരുന്നു. പല നേതാക്കളും പാർട്ടിയെ സമീപിച്ചിട്ടുണ്ട് എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും ഏറെക്കാലമായി അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് രാമപുരത്ത് നിന്ന് ഏതാനും കോൺഗ്രസ് നേതാക്കളെ ജോസ് കെ മാണി പാർട്ടിയിൽ എത്തിച്ചത്.

കോണ്‍ഗ്രസ്സ് രാമപുരം മണ്ഡലം പ്രസിഡന്റും, സി.സി.സി മെമ്പറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഡി. പ്രസാദ് ഭക്തിവിലാസത്തിന്റെ നേതൃത്വത്തില്‍ ആണ് നേതാക്കള്‍ കോണ്‍ഗ്രസ്സ് വിട്ട് കേരളാ കോണ്‍ഗ്രസ്സ് എമ്മിൽ എത്തിയത്. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ്സ് എം സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി നേതാക്കളെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.

ഇടതുമുന്നണിയുടെ ജനക്ഷേമപ്രവര്‍ത്തനങ്ങളെപ്പോലും എതിര്‍ക്കുകയും ജനവിരുദ്ധരായ നേതാക്കളെ അരിയിട്ട് വാഴിക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പാണ് നേതാക്കളെ രാജിയിലേക്ക് എത്തിച്ചതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക പാര്‍പ്പിട മേഖലകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ കുതിച്ചുചാട്ടത്തെ കാണാതിരിക്കുവാന്‍  ആകില്ല. കര്‍ഷകരോടുള്ള അനുഭാവവും മുന്നണി മര്യാദകള്‍ക്കായി വിട്ടുവീഴ്ച ചെയ്ത് രാഷ്ട്രീയ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ജോസ് കെ.മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ്സ് എമ്മിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട് എന്നാണ് നേതാക്കൾ പറയുന്നത്.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ജനാധിപത്യവും മതേതരത്വവും നഷ്ടപ്പെട്ടിരിക്കുന്നു എന്നും പാർട്ടിയിൽ എത്തിയ നേതാക്കൾ വ്യക്തമാക്കി.കേരളാ കോണ്‍ഗ്രസ്സ് എമ്മിന്റെ ജനാധിപത്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യകാഴ്ചപ്പാടുകളും ആ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതായും മുൻ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ്സ് പാലാ നിയോജകമണ്ഡലം മുന്‍ പ്രസിഡന്റും മുന്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്ന ലിസി ബേബി മുളയിങ്കല്‍, കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് ജേക്കബ് തോമസ് കണിയാരകത്ത്, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജാന്‍സി ഫിലിപ്പോസ് കല്ലടയില്‍, ചേറ്റുകുളം വാര്‍ഡ് പ്രസിഡന്റ് ബിജു മാമ്പള്ളിക്കുന്നേല്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസ് പൗവ്വത്തില്‍, ജോണി കല്ലടയില്‍ എം.എം ബേബി മുളയാങ്കല്‍ എന്നിവരാണ് ഇന്ന് ഡി. പ്രസാദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ട് കേരളാ കോണ്‍ഗ്രസ്സ് എമ്മിലേക്ക് കടന്നുവന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്.

കോട്ടയത്ത് നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, വിജി എം.തോമസ്, ജോസഫ് ചാമക്കാല, ഫിലിപ്പ് കുഴികുളം, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സണ്ണി പൊരുന്നക്കോട്ട്, അലക്‌സി തെങ്ങുംപള്ളില്‍, നിര്‍മ്മല ജിമ്മി, ബെന്നി തെരുവത്ത്, ടൈറ്റസ് മാത്യു, എം.എ ജോസ് മണ്ണാട്ട്മറ്റം, ജോമോന്‍ തോമസ്, ബെന്നി ആനത്തറ, സെല്ലി ജോര്‍ജ്, സ്മിത അലക്‌സ്, സോമരാജ് വരകപ്പിള്ളില്‍ ജയചന്ദ്രന്‍ വരകപ്പിള്ളില്‍, സുജയ് ആര്‍. കൃഷ്ണ, ജ്യോതിസ് ജോര്‍ജ്, ജിജി മങ്ങാട്ട്, അജോയ് തോമസ് , സഞ്ജയ് മറ്റക്കാട്ട് എന്നിവര്‍ സംസാരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more