1 GBP = 104.20
breaking news

രാജ്യത്തെ മികച്ച ഭരണ സംവിധാനമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം വീണ്ടും ഒന്നാമത്

രാജ്യത്തെ മികച്ച ഭരണ സംവിധാനമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം വീണ്ടും ഒന്നാമത്

ബംഗളൂരു: തുടർച്ചയായ മൂന്നാമത്തെ വർഷവും രാജ്യത്തെ മികച്ച ഭരണ സംവിധാനമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് ഒന്നാം സ്ഥാനം. ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫേഴ്സ് സെന്റർ(പി.എ.സി) പുറത്തിറക്കിയ പബ്ലിക് അഫേഴ്സ് ഇൻഡക്‌സിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. തമിഴ്നാട്, തെലങ്കാന, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിൽ പട്ടികയിൽ ഇടം പിടിച്ച സംസ്ഥാനങ്ങൾ. മദ്ധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിലെ അവസാനക്കാർ.
വിവിധ സംസ്ഥാനങ്ങൾക്ക് കൈവരിക്കാനാകുന്ന സാമൂഹികവും സാമ്പത്തികവുമായ വികസനം സമഗ്രമായ രീതിയിൽ വിശകലനം നടത്തി 2016 മുതലാണ് പി.എ.സി വാർഷിക റിപ്പോർട്ട് പുറത്തിറക്കാൻ തുടങ്ങിയത്. പ്രശസ്‌ത സാമ്പത്തിക വിദഗ്‌ദ്ധനും ചിന്തകനുമായിരുന്ന സാമുവേൽ പോൾ 1994ലാണ് പി.എ.സിക്ക് തുടക്കമിടുന്നത്. തുടർന്ന് സമിതി പുറത്തിറക്കിയ മൂന്ന് റിപ്പോർട്ടുകളിലും കേരളത്തിനായിരുന്നു ഒന്നാം സ്ഥാനം. അതേസമയം, രണ്ട് കോടിയിൽ താഴെ ജനസംഖ്യയുള്ള ചെറിയ സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രദേശിനാണ് ഒന്നാം സ്ഥാനം. ഗോവ, മിസോറാം, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നാലെയുണ്ട്. നാഗാലാന്റ്, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ അവസാനം.

മാനുഷിക വികസനം, സാമൂഹിക സുരക്ഷ, നീതി നിർവഹണം, പരിസ്ഥിതി സംരക്ഷണം, കുറ്റകൃത്യങ്ങൾ, ക്രമസമാധാനം, സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതി എന്നിങ്ങനെ പത്ത് വിഭാഗങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ കൈവരിക്കുന്ന പുരോഗതിയെ അടിസ്ഥാനമാക്കിയാണ് സമിതി പട്ടിക പുറത്തിറക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ചെറുതും വലുതുമെന്ന് രണ്ടാക്കി തിരിച്ചായിരുന്നു സർവേ.

ശിശു സംരക്ഷണത്തിലും ഒന്നാം സ്ഥാനം
അതേസമയം, സമിതി പുറത്തിറക്കിയ ഇന്ത്യയിലെ കുട്ടികളുടെ പുരോഗതി സംബന്ധിച്ച പട്ടികയിലും കേരളത്തിന് ഒന്നാം സ്ഥാനമാണ്. ഹിമാചൽപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകിൽ. ജാർഖണ്ഡാണ് പട്ടികയിൽ ഏറ്റവും അവസാനം. കുട്ടികളിലെ വിദ്യാഭ്യാസം, സുരക്ഷ, കൗമാരം, പ്രാഥമിക വിദ്യാഭ്യാസം എന്നീ ഘടകങ്ങളാണ് ഈ പട്ടികയുണ്ടാക്കാൻ സമിതി ഉപയോഗിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more